വാഹനപ്രേമികളുടെ ഇഷ്ടപെട്ട ഫോറിന്‍ കാര്‍ നിര്‍മാതാക്കളാണ് ഫ്രഞ്ചുകാരായ റെനോ. ഡസ്റ്റര്‍ അടക്കമുള്ള ഐതിഹാസിക മോഡലുകള്‍ സമ്മാനിച്ച റെനോ മൂന്ന് കാറുകളാണ് ഇപ്പോൾ ഇന്ത്യയില്‍ വില്‍ക്കുന്നത്. കഴിഞ്ഞ മാസം ഫെയ്‌സ്‌ലിഫ്റ്റഡ് ട്രൈബറും ഈ ആഴ്ച ആദ്യം അപ്‌ഡേറ്റ് ചെയ്ത കിഗറും അവതരിപ്പിച്ചിരുന്നു. ഇനി ബ്രാൻഡിന്റെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡ് ആണ് പുറത്തിറക്കാനുള്ളത്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍പ്പനക്കെത്തുന്ന റെനോയുടെ കാർ കൂടിയാണ് ക്വിഡ്.
2015ൽ ആദ്യമായി പുറത്തിറക്കിയ ക്വിഡിൻ്റെ ഫെയ്‌സ്‌ലിഫ്റ്റഡ് വെർഷൻ 2019ലാണ് കമ്പനി പുറത്തിറക്കിയത്. ഇപ്പോഴിതാ അപ്‌ഡേറ്റ് ചെയ്ത സവിശേഷതകളിലും ഡിസൈൻ പരിഷ്കരണങ്ങളും നടത്തിയാണ് ക്വിഡ് പുറത്തിറങ്ങുകയെന്നാണ് റെനോ സൂചന നൽകിയിരിക്കുന്നത്. റെനോയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ക്വിഡ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ആള്‍ട്ടോ K10, മാരുതി സുസുക്കി എസ്-പ്രെസോ, ടാറ്റ ടിയാഗോ എന്നീ മോഡലുകളുമായാണ് ഏറ്റുമുട്ടുന്നത്.
അതുകൊണ്ടുതന്നെ മികച്ച ഫീച്ചറുകള്‍ എല്ലാം സജ്ജീകരിച്ചാണ് ക്വിഡ് എത്തുന്നത്. 20.32 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എൽഇഡി ഡിആർഎൽ, 14 ഇഞ്ച് വീലുകൾ, ഡ്യുവൽ എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകള്‍ ക്വിഡിൽ സജ്ജീകരിച്ചിട്ടുണ്ട്. നിരവധി സുരക്ഷാ ഫീച്ചറുകളും ക്വിഡില്‍ റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഇബിഡിയുള്ള എബിഎസ് എന്നിവയെല്ലാം ക്വിഡിലെ ശ്രദ്ധേയമായ ഫീച്ചറുകളാണ്. എന്നിരുന്നാലും കാറില്‍ മെക്കാനിക്കലായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
ട്രൈബറും കൈഗറും എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ മാറ്റമില്ലാതെയാണ് എത്തിയത്. റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യും. 67 bhp കരുത്തും 91 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിക്കുന്നു.
നിലവിലെ 4.70 ലക്ഷം രൂപയാണ് റെനോ ക്വിഡിന്റെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ വില. അതേസമയം, ഉയര്‍ന്ന വേരിയന്റിന് 6.45 ലക്ഷം രൂപ മുടക്കണം. അപ്‌ഡേറ്റുകളുടെ ഭാഗമായി കാറിന് ചെറിയ തോതിലുള്ള വില വര്‍ധനവ് പ്രതീക്ഷിക്കാം. എന്നിരുന്നാലും കാറിന്റെ പ്രാരംഭ വില 5 ലക്ഷം രൂപ കടക്കില്ലെന്ന് പ്രതീക്ഷിക്കാം. വളരെ കുറഞ്ഞ വിലയ്ക്ക് ഒരു എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് പറ്റിയ ഓപ്ഷനാണ് ക്വിഡ്.