കാര്യം യുവാക്കൾക്കിടയിൽ ബൈക്കാണ് താരമെങ്കിലും ചിസ സ്കൂട്ടറുകളുടെ വൈബ് ഒന്ന് വേറെതന്നെയാണ്. വെസ്പ മോഡൽ സ്കൂട്ടറുകളാണ് പൂക്കി, ഫ്രീക്കൻമാരുടെ മെയിൻ ടീം മേറ്റ്. അതും ഇടിവെട്ട് കളറുകളിൽ സ്റ്റൈലിഷായെത്തുന്ന ഈ സ്കൂട്ടറുകൾ വേറെ ലെവൽ ഫീലാണ് ജെൻസികൾക്കിടയിൽ, ഇപ്പോഴിതാ ആ ഫ്രീക്ക് ടീമിന് സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. വെസ്‍പ, അപ്രീലിയ സ്‍കൂട്ടറുകളുടെ എക്സ്-ഷോറൂം വിലകൾ പിയാജിയോ ഇന്ത്യ പരിഷ്‍കരിച്ചു .
പുതിയ ജിഎസ്‍ടി നിരക്കുകൾ പരിഗണിച്ച് കാര്യമായ വിലക്കുറവിൽ തന്നെ ഇവൻമാരെ സ്വന്തമാക്കാം. വെസ്‍പ ശ്രേണിയിലെ എല്ലാ വകഭേദങ്ങളിലും കമ്പനി കാര്യമായ വിലക്കുറവ് വരുത്തിയിട്ടുണ്ട്. എൻട്രി ലെവൽ വെസ്‍പ ZX ന്റെ വില ഇപ്പോൾ 1,20,488 രൂപയിൽ നിന്ന് 1,10,230 രൂപ ആയി കുറഞ്ഞു. വെസ്പ 125ന് ഇപ്പോൾ 1,22,427 രൂപയിൽ വില ആരംഭിക്കുന്നു. ഡ്യുവൽ-ടോൺ, എസ് ട്രിമ്മുകൾക്കും വൻ വിലക്കുറവ് ലഭിച്ചു. വെസ്‍പ S 125 ഡ്യുവൽ കളറിന്റെ വില ഇപ്പോൾ 1,28,481 രൂപ ആണ്.
വലിയ 149 സിസി മോഡലുകളിൽ വെസ്‍പ 149 ന് ഇപ്പോൾ 136,273 രൂപയും വെസ്പ എസ് 149 ഡ്യുവൽ ടോണിന് 140,848 രൂപയും വിലയുണ്ട്. പ്രീമിയം വെസ്പ ടെക് വേരിയന്റുകൾക്കും വിലക്കിഴിവ് നൽകുന്നു. വെസ്പ ടെക് 125 ന് ഇപ്പോൾ 177,679 രൂപയും വെസ്പ എസ് ടെക് 149 ന് ഇപ്പോൾ 194,155 രൂപയും ആണ് വില. മുൻപുണ്ടായിരുന്നതിനേക്കാൾ വളരെക്കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഇവ ലഭ്യമാകുക.
അപ്രീലിയ സ്‍കൂട്ടറും വിലക്കിഴിവിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. അപ്രീലിയ സ്റ്റോമിന്റെ വില ഇപ്പോൾ 110,865 രൂപ മുതൽ ആരംഭിക്കുന്നു. അതേസമയം SR 125 ന്റെ വില 110,180 രൂപ ആണ്. ഫ്ലാഗ്ഷിപ്പ് SR 175 ഇപ്പോൾ ₹117,521 ന് ലഭ്യമാണ്. ഇത് 127,999 രൂപയിൽ നിന്ന് 127,521 രൂപ ആയി കുറഞ്ഞു. പുതുക്കിയ വിലനിർണ്ണയം രണ്ട് സ്കൂട്ടറുകളേയും വിപണിയിൽ കടുത്ത മത്സരത്തിലാക്കിയിരിക്കുകയാണ്.
ഉത്സവസീസൺ കൂടിയായതോടെ മത്സരം ശക്തമാകും. പ്രീമിയം സ്കൂട്ടർ വിഭാഗത്തിൽ വെസ്പ, അപ്രീലിയ സ്കൂട്ടറുകളുടെ ജനപ്രീതി കൂടുതൽ ശക്തിപ്പെടുത്തുകയാണ് പിയാജിയോ ഇന്ത്യ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ പിയാജിയോ ഇന്ത്യ ഡീലർഷിപ്പുകളിലും ഈ പുതിയ വിലയിലാണ് വിൽപ്പന നടക്കുക.