ഇനി നടപടിക്രമങ്ങൾക്കായി അധികം കാത്തിരിക്കേണ്ട; വിന്റേജ് വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ സംവിധാനവുമായി യുപി

വാഹനങ്ങൾക്ക് ആദ്യ രജിസ്ട്രേഷൻ തീയതി മുതൽ കുറഞ്ഞത് 50 വർഷം പഴക്കമുണ്ടായിരിക്കണം. നിങ്ങളുടെ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് മാറ്റങ്ങൾ വരുത്തിയാൽ അത് ചിലപ്പോൾ വിന്റേജ് രജിസ്ട്രേഷന് തടസമായേക്കും.
Vintage car
Vintage car Source; X,
Published on

വിൻ്റേജ് വാഹനപ്രേമികൾക്ക് യുപി സർക്കാർ സുവർണാവസരം ഒരുക്കിയിരിക്കുകയാണ്. വിലപിടിപ്പുള്ള കാറുകളും, മോട്ടോർ സൈക്കിളുകളുമെല്ലാം ഇപ്പോൾ വിൻ്റേജ് വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്ട്രേഷൻ നടത്താവുന്നതാണ്. വാഹനങ്ങളുടെ പൈതൃകമൂല്യം സംരക്ഷിക്കാൻ ഇത് സഹായിക്കും. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ (MRTH) 2021 ലെ വിജ്ഞാപനത്തിന് അനുസൃതമായാണ് ഉത്തർപ്രദേശ് ഗതാഗത വകുപ്പ് വിന്റേജ് വാഹന ഉടമകൾക്കായി ഈ സൗകര്യം ഒരുക്കുന്നത്.

വിന്റേജ് വാഹന രജിസ്ട്രേഷൻ ദൈനംദിന ഉപയോഗത്തിനോ വാണിജ്യ ഉപയോഗത്തിനോ ഉള്ളതല്ല, മറിച്ച് വാഹനത്തിന്റെ യഥാർത്ഥ സാങ്കേതിക കോൺഫിഗറേഷൻ സംരക്ഷിക്കുന്നതിനും കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തർപ്രദേശ് ഗതാഗത വകുപ്പ് ഈ സൗകര്യം ആരംഭിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

വിന്റേജ് വാഹന രജിസ്ട്രേഷനായി വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) കൊണ്ടുവരാൻ സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഇത് നടപ്പിലാക്കും. അതുവരെ, കേന്ദ്ര സർക്കാർ വിജ്ഞാപനം അനുസരിച്ച് രജിസ്ട്രേഷനുകൾ കർശനമായി പ്രോസസ്സ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

കാലപ്പഴക്കം ചെന്ന വാഹനങ്ങളെയെല്ലാം എളുപ്പത്തിൽ വിൻ്റേജ് വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല. സാധാരണ ഗതിയിൽ കൃത്യമായ നടപടിക്രമങ്ങളിലൂടെ മാത്രമേ വാഹനങ്ങളെ വിന്റേജ് വിഭാഗത്തിലേക്ക് മാറ്റാൻ കഴിയൂ. അത് അൽപ്പം സമയമെടുക്കുന്ന ഇടപാടുകളാണ്. വാഹന ഉടമകൾ ആദ്യം തന്നെ അവരുടെ പ്രാദേശിക ആർ‌ടി‌ഒയ്ക്ക് അപേക്ഷകൾ സമർപ്പിക്കണം.

Vintage car
ഈ ഓണക്കാലത്ത് പഴയ കാർ മാറ്റി പുത്തൻ എടുത്താലോ; വാഹനപ്രേമികളെ കാത്ത് വിപണി ഒരുങ്ങുന്നു

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനത്തിന്റെ ഒറിജിനാലിറ്റി പരിശോധിക്കുകയും ഫോട്ടോഗ്രാഫിക് രേഖകൾ സൂക്ഷിക്കുകയും ചെയ്യും. പിന്നീട് 60 ദിവസത്തിനുള്ളിൽ അപേക്ഷകൾ പ്രോസസ് ചെയ്യും. പുതിയ രജിസ്ട്രേഷനോ വിന്റേജ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ‌സി) നൽകുന്നതിനോ അപേക്ഷകർ 20,000 രൂപയും പുതുക്കുന്നതിന് 5,000 രൂപയുമാണ് ഫീസായി നൽകേണ്ടത്.

10 വർഷമാണ് വിൻറേജ് ആർസിയുടെ കാലാവധി. പിന്നീട് ഓരോ അഞ്ച് വർഷത്തിലും പുതുക്കേണ്ടതാണ്. ഉയർന്ന സുരക്ഷാ രജിസ്ട്രേഷൻ പ്ലേറ്റുകളിൽ (HSRP) നിന്ന് വിൻറേജ് വാഹനങ്ങളെ ഒഴിവാക്കുന്നതാണ്. എന്നാൽ ഇവയുടെ വനമ്പർപ്ലേറ്റ് വ്യത്യസ്തമായിരിക്കും. ഈ വാഹനങ്ങൾ ദൈനംദിന യാത്രകൾ, വാണിജ്യആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇക്കാര്യങ്ങൾ ആർസിയിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും.

വാഹനങ്ങൾക്ക് ആദ്യ രജിസ്ട്രേഷൻ തീയതി മുതൽ കുറഞ്ഞത് 50 വർഷം പഴക്കമുണ്ടായിരിക്കണം.  നിങ്ങളുടെ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് മാറ്റങ്ങൾ വരുത്തിയാൽ അത് ചിലപ്പോൾ വിന്റേജ് രജിസ്ട്രേഷന് തടസമായേക്കും. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ അനുസരിച്ച്, ആദ്യ രജിസ്ട്രേഷൻ തീയതി മുതൽ 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വിന്റേജ് വാഹനങ്ങളെ ഇരുചക്ര വാഹനങ്ങൾ (L1/L2) അല്ലെങ്കിൽ നാലുചക്ര വാഹനങ്ങൾ (M1) എന്നിങ്ങനെ തരംതിരിക്കുന്നു. കൂടാതെ, ഷാസി, ബോഡി ഷെൽ അല്ലെങ്കിൽ എഞ്ചിൻ എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്താതെ അവ അവയുടെ യഥാർത്ഥ രൂപത്തിൽ തന്നെ തുടരണമെന്നും വ്യവസ്ഥയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com