ഇന്ധന വിതരണ വിപണി കയ്യടക്കാൻ വ്യവസായ ഭീമന്മാർ; വീണ്ടും കൈകോർത്ത് അംബാനിയും അദാനിയും

ജിയോ-ബിപിക്ക് രാജ്യത്ത് 1,972 പമ്പുകൾ ഉണ്ട്, എടിജിഎല്ലിന് 34 മേഖലകളിലായി 650 സിഎൻജി സ്റ്റേഷനുകളും.
മുകേഷ് അംബാനി, ഗൗതം അദാനി
മുകേഷ് അംബാനി, ഗൗതം അദാനിSource; X
Published on

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഭീമൻമാരായ മുകേഷ് അംബാനിയും ​ഗൗതം അദാനിയും ഇന്ധന വിതരണ വിപണിയിൽ കൈകോ‍ർക്കുന്നു. അദാനി ലിമിറ്റഡിന്റെ സിഎൻജി ഔട്ട്‌ലെറ്റുകളിൽ ജിയോ ബിപിയുടെ പെട്രോൾ, ഡീസൽ ഡിസ്പെൻസറുകൾ സ്ഥാപിക്കും. തങ്ങളുടെ ഔട്ട്‌ലെറ്റുകളിലൂടെ ഉയർന്ന നിലവാരമുള്ള ഇന്ധന വിതരണം സാധ്യമാക്കുമെന്ന് കരാർ പ്രഖ്യാപിച്ചുകൊണ്ട് അംബാനിയും അദാനിയും വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പ് ഉടമകളായ അംബാനിയും അദാനിയും സർക്കാർ നിയന്ത്രണമുള്ള ഇന്ധന വിതരണ വിപണി കയ്യടക്കാനായി ഒന്നിക്കുന്നതാണ് പുതിയ കരാറിന്റെ പ്രത്യേകത. യുകെയിലെ ബിപി കമ്പനിയുമായി ചേർന്നുള്ള അംബാനിയുടെ ഇന്ധന സംരംഭമാണ് ജിയോ ബിപി. അദാനി ഗ്രൂപ്പും ഫ്രാൻസിലെ ടോട്ടൽ എനർജീസുമായുള്ള സംയുക്ത സംരംഭമാണ് എടിജിൽ എന്ന അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്.

പുതിയ കരാർ പ്രകാരം എടിജിഎല്ലിന്റെ സിഎൻജി ഔട്ട്‌ലെറ്റുകളിൽ ജിയോ ബിപി, പെട്രോൾ, ഡീസൽ ഡിസ്പെൻസറുകൾ സ്ഥാപിക്കും. ഇന്ധന ചില്ലറ വിൽപ്പന മേഖല പിടിക്കുകയാണ് ലക്ഷ്യം. ജിയോ-ബിപിക്ക് രാജ്യത്ത് 1,972 പമ്പുകൾ ഉണ്ട്, എടിജിഎല്ലിന് 34 മേഖലകളിലായി 650 സിഎൻജി സ്റ്റേഷനുകളും. പുതിയ കരാറിലൂടെ ഉയർന്ന നിലവാരമുള്ള ഇന്ധന വിതരണം ഔട്ട്ലെറ്റുകൾ വഴി സാധ്യമാക്കുമെന്ന് സംയുക്ത വാർത്താക്കുറിപ്പിൽ അംബാനിയും അദാനിയും അറിയിച്ചു.

മുകേഷ് അംബാനി, ഗൗതം അദാനി
വിമാനാപകടങ്ങളിലെ നാശനഷ്ടങ്ങൾ പരിഹരിക്കാം; എയർലൈൻസ് ഇൻഷുറൻസ് നൽകുന്ന കവറേജുകൾ

ഇരുവരും തമ്മിലുള്ള രണ്ടാം സംയുക്ത സംരംഭമാണിത്. 2024 മാർച്ചിൽ, മധ്യപ്രദേശിലെ വൈദ്യുതി ഉത്പാദന പദ്ധതിയ്ക്കായി ഇരുവരും കരാർ ഒപ്പുവെച്ചിരുന്നു. ഈ കരാർ പ്രകാരം അദാനി പവറിന്റെ 26% ഓഹരി,, അംബാനി വാങ്ങുകയും 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാൻ കരാർ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ 97,366 പെട്രോൾ പമ്പുകളിൽ 90 ശതമാനവും സർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടേതാണ്. ഗ്യാസ് വിതരണത്തിലും പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. രാജ്യത്തെ നഗരങ്ങളിലെ പൈപ് ലൈൻ ഗ്യാസ് പദ്ധതി വഴി വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് അദാനിയുടെ എടിജിഎൽ.

എണ്ണ, വാതക മേഖലകളിലാണ് അംബാനി ​ഗ്രൂപ്പിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങൾ. റീട്ടെയിൽ, ടെലികോം, തുറമുഖം, വിമാനത്താവളം, കൽക്കരി, ഖനനം മേഖലയിലാണ് അദാനിയുടെ നിക്ഷേപ സ്വാധീനം. ഇന്ധന വിതരണ മേഖലയിലെ സ‍ർക്കാർ ഏജൻസികളുടെ മേൽക്കൈ പരസ്പര സഹകരണത്തോടെ ഇല്ലാതാക്കാനുള്ള നീക്കമാണ് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡും ജിയോ ബിപിയും തമ്മിലുള്ള പുതിയ കരാർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com