
പൂനെ: ഇന്ത്യയില്‍ നാലാമത്തെ റീട്ടെയില്‍ സ്റ്റോര്‍ പ്രഖ്യാപിച്ച് ആപ്പിള്‍. പൂനെയിലെ കൊറെഗാവ് പാര്‍ക്കിലാണ് പുതിയ ഷോറൂം. സെപ്റ്റംബര്‍ 4 മുതല്‍ സ്റ്റോറിലെ പ്രവര്‍ത്തനം ആരംഭിക്കും. ബെംഗളൂരുവിലെ മൂന്നാമത്തെ സ്‌റ്റോര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ സ്റ്റോറും ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐഫോണ്‍ ലോഞ്ച് ഇവന്റിനുള്ള ക്ഷണങ്ങള്‍ ഔദ്യോഗികമായി അയക്കാന്‍ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാലാമത്തെ റീട്ടെയില്‍ സ്റ്റോറിന്റെ പ്രഖ്യാപനം വരുന്നത്. സെപ്റ്റംബര്‍ ആദ്യ പാദത്തില്‍ ഇവന്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
ബെംഗളൂരു ആപ്പിള്‍ ഹെബ്ബലിന്റെ അതേ തീമിലാണ് കൊറെഗാവ് പാര്‍ക്കിലെ തീമും ചൊവ്വാഴ്ച അവതരിപ്പിച്ചത്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് തീം ഒരുക്കിയിരിക്കുന്നത്.
പൂനെ സ്റ്റോറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചുള്ള സ്റ്റോര്‍ ആണ് പൂനെയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 17 സീരീസിന്റെ ലോഞ്ചോടെയാകും ഇതും വ്യക്തമാകുക.
ബെംഗളൂരുവിലെ ബെല്ലാരി റോഡിലുള്ള ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യയിലാണ് മൂന്നാമത്തെ സ്റ്റോര്‍. സെപ്റ്റംബര്‍ 2 മുതല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും.
ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യ. ഇതു തന്നെയാണ് ഇന്ത്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിനു പിന്നാലെ പ്രധാന കാരണവും. ഇന്ത്യന്‍ സമ്പദ വ്യവസ്ഥ വികസിക്കുന്നതിനനുസരിച്ച് കൂടുതല്‍ പ്രീമിയം ഉപഭോക്താക്കളെ ലഭിക്കുമെന്ന് ആപ്പിള്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നതിലൂടെ ഉത്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിക്കാനും കഴിയും.
മൂന്നാം പാര്‍ട്ടിയുടെ കൈകടത്തലില്ലാതെ സ്റ്റോര്‍ രൂപകല്‍പ്പന, ജീവനക്കാരുടെ പരിശീലനം, ഉത്പന്ന പ്രദര്‍ശനങ്ങള്‍ അങ്ങനെ എല്ലാ മേഖലയിലും ആപ്പിളിന്റെ ആഗോള നിലവാരത്തിന് അനുസരിച്ച് നിലനിര്‍ത്താന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രീമിയം അനുഭവം ശക്തമായ ബ്രാന്‍ഡ് ഇമേജ് കെട്ടിപ്പടുക്കാന്‍ സാധിക്കും.
സ്‌റ്റോറുകളിലൂടെയുള്ള നേരിട്ടുള്ള ഇടപെടലിലൂടെ വില്‍പ്പനയും വര്‍ധിപിക്കാന്‍ സാധിക്കും. വെറും വില്‍പ്പന കേന്ദ്രങ്ങള്‍ എന്ന നിലയിലല്ല ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കാനും സാങ്കേതിക സഹായം നേടാനും ബ്രാന്‍ഡുമായി നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഹബ്ബായി ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ മാറും. നേരിട്ടുള്ള ഇടപെടല്‍ കൂടുതല്‍ വില്‍പ്പനയ്ക്കും ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ വിഹിതം വര്‍ധിപ്പിക്കാനും സഹായിക്കും.
അതേസമയം, ഹൈദരാബാദിലും ചെന്നൈയിലും ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.