
ഡൽഹി: ഐഫോൺ ഉപയോക്താക്കളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫോൾഡബിൾ സ്മാർട്ട് ഫോൺ വിപണിയിലിറക്കാൻ ലോകത്തെ പ്രമുഖ ടെക് ഭീമന്മാരായ ആപ്പിൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. 2026 ആദ്യത്തിൽ ആപ്പിളിൻ്റെ 'വി68' എന്ന മോഡൽ കമ്പനി പുറത്തിറക്കുമെന്ന് ബ്ലൂം ബെർഗിൻ്റെ മാർക്ക് ഗുർമാൻ ആണ് റിപ്പോർട്ട് ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ആപ്പിളിൽ നിന്ന് ഇത്തരമൊരു മാറ്റം വരുന്നതെന്നും റിപ്പോർട്ടുണ്ട്.
സാംസങ് ഗ്യാലക്സി ഇസഡ് ഫോൾഡ് ലൈനപ്പിൻ്റെ ഡിസൈനിന് സമാനമായ 'ബുക്ക് സ്റ്റൈൽ' ഡിസൈനാണ് വി68 എന്ന മോഡലിൽ പ്രതീക്ഷിക്കപ്പെടുന്നത്. മാർക്ക് ഗുർമാൻ്റെ റിപ്പോർട്ട് പ്രകാരം നാല് ക്യാമറകളും, ഫേസ് ഐഡിക്ക് പകരമായി റിവൈവ് ഐഡിയാണ് ഈ മോഡലിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. പ്രത്യക്ഷത്തിലുള്ള സിം കാർഡിന് പകരം, ഇ-സിം ടെക്നോളജിയാണ് ഈ മോഡലിൽ പരീക്ഷിക്കാനൊരുങ്ങുന്നത്.
പുതിയ ഫോൾഡബിൾ ഫോണിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആപ്പിളിന്റെ വിതരണക്കാർ ആരംഭിച്ചതായും 2026ൻ്റെ തുടക്കത്തിൽ വലിയ തോതിലുള്ള ഉൽപാദനം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. മുന്നൊരുക്കം ഷെഡ്യൂൾ അനുസരിച്ച് തുടരുകയാണെങ്കിൽ, ആപ്പിളിന്റെ പതിവായുള്ള പ്രതിവർഷ ലോഞ്ച് പരിപാടിയിൽ ഈ ഫോൺ പുറത്തിറക്കാൻ കഴിയും. നിലവിൽ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കളർ വകഭേദങ്ങൾ മാത്രമേ പരീക്ഷിച്ചു വരുന്നുള്ളൂ.
ആപ്പിളിന്റെ വരാനിരിക്കുന്ന സി 2 മോഡം ചിപ്പും ഈ ഉപകരണത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അവരുടെ ആദ്യത്തെ ഇൻ-ഹൗസ് സെല്ലുലാർ മോഡമാണ്. ക്വാൽകോമിന്റെ ഏറ്റവും മികച്ച ഓഫറുകളെ എതിർക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ മോഡം ഐഫോൺ 18 പ്രോ സീരീസിനും കരുത്ത് പകരും.
മടക്കാവുന്ന ഫോണുകളെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ പരാതികളിലൊന്ന് ഡിസ്പ്ലേയിലെ പ്രകടമായി കാണാനാകുന്ന ചുളിവുകളാണ്. തുടക്കത്തിൽ, ഓൺ സെൽ ടച്ച് സെൻസറുകൾ ഉപയോഗിക്കാനാണ് ആപ്പിൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ സമീപനം ഡിസ്പ്ലേയിലെ വിടവുകൾ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇത് മറികടക്കാൻ ആപ്പിൾ സാധാരണ ഐഫോണുകളിൽ ഉപയോഗിക്കുന്ന ഇൻ-സെൽ ടച്ച് സാങ്കേതിക വിദ്യയിലേക്ക് മാറിയതായി റിപ്പോർട്ടുണ്ട്. ഈ മാറ്റം ചുളിവ് മറയ്ക്കുകയും ടച്ചിൻ്റെ പ്രകടനം വർധിപ്പിക്കുകയും ചെയ്യും.