
ഭവന വായ്പാ പലിശ കുറച്ച് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് അഞ്ചര ശതമാനമായി കുറച്ചതിനു പിന്നാലെയാണ് ബാങ്കുകള്‍ ഭവന വായ്പകള്‍ക്കുള്ള പലിശ വെട്ടിക്കുറച്ചത്. ജൂൺ 4-6 വരെ ചേർന്ന പണനയ സമിതി (എംപിസി) അവലോകന യോഗത്തിലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കുകളിൽ അരശതമാനം (0.50%) കുറവ് വരുത്തിയത്.
റിപ്പോയുമായി ബന്ധിപ്പിച്ച വായ്പാ നിരക്കിലാണ് (ആര്‍എല്‍എല്‍ആര്‍) പലിശ വെട്ടിക്കുറച്ചത് ഉടനെ പ്രതിഫലിച്ചത്. നിലവില്‍ രാജ്യത്തെ ബാങ്കുകള്‍ ഭവന വായ്പകള്‍ നല്‍കുന്നത് മാര്‍ജിനല്‍ കോസ്റ്റ് (എംസിഎല്‍ആര്‍), എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിങ് റേറ്റ്സ് (ഇബിഎല്‍ആര്‍) എന്നിവ അടിസ്ഥാനമാക്കിയാണ്. റിപ്പോ നിരക്ക് കുറഞ്ഞത് ആർഎൽഎൽആർ കുറയാന്‍ കാരണമാകും. ഇതിനെ പിന്തുടർന്ന് ഇഎംഐയിലും കുറവുണ്ടാകും.
നിരക്ക് കുറച്ചിട്ടും നിലവിലുള്ള ഇഎംഐകൾ അടയ്ക്കുന്നത് തുടരുന്ന ഉപഭോക്താക്കൾക്ക് വായ്പാ കാലയളവിൽ കുറഞ്ഞ പലിശയെ അടയ്‌ക്കേണ്ടിവരുന്നുള്ളൂ. അതായത് ഇഎംഐ (പ്രതിമാസ തവണകൾ) കുറവായിരിക്കുമെന്ന് അർത്ഥം.
ഇതുവരെ ഏഴ് ബാങ്കുകളാണ് ഭവന വായ്പാ പലിശ കുറച്ചിരിക്കുന്നത്. 2025 ജൂൺ 15 മുതലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിഷ്കരിച്ച നിരക്ക് പ്രബല്യത്തില്‍ വന്നത്. എസ്ബിഐ വെബ്സൈറ്റ് പ്രകാരം, 7.75 ശതമാനം പലിശയ്‌ക്കൊപ്പം ക്രെഡിറ്റ് റിസ്ക്ക് പ്രീമിയവും (സിആർപി) ചേർത്താകും അന്തിമ നിരക്ക് നിശ്ചയിക്കുക. 8.25 ശതമാനവും സിആർപിയുമായിരുന്നു മുന്‍പ് കണക്കാക്കിയിരുന്ന നിരക്ക്.
ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആര്‍എല്‍എല്‍ആര്‍ 8.85 ശതമാനത്തില്‍ ൽ നിന്ന് 8.35 ശതമാനമായി 50 ബേസിസ് പോയിന്റാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ജൂണ്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയാകട്ടെ ആര്‍എല്‍എല്‍ആറിന് ഒപ്പം എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റും 50 ബേസിസ് പോയിന്റുകൾ കുറച്ചു. ഇതോടെ പലിശ 8.25 ശതമാനമായി കുറഞ്ഞു.
കാനറ ബാങ്ക് റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 8.75 ശതമാനത്തില്‍നിന്ന് 8.25 ശതമാനമായിട്ടാണ് കുറച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പുതുക്കിയ നിരക്ക് 2025 ജൂൺ 9 മുതൽ പ്രാബല്യത്തിലായി. ആർഎൽഎൽആർ 8.85 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായി പരിഷ്കരിച്ചതായിട്ടാണ് ബാങ്ക് പ്രഖ്യാപിച്ചത്.
2025 ജൂൺ 7 മുതലാണ് ബാങ്ക് ഓഫ് ബറോഡയുടെ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്. റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് (ബിആർഎൽഎൽആർ ) 8.65 ശതമാനത്തിൽ നിന്ന് 8.15 ശതമാനമാനമായിട്ടാണ് കുറച്ചത്. റിപ്പോ അധിഷ്ഠിത വായ്പാ നിരക്ക് (ആർബിഎല്‍ആർ) 8.85 ശതമാനത്തിൽ നിന്ന് 8.35 ശതമാനമായി കുറച്ചാണ് ബാങ്ക് ഓഫ് ഇന്ത്യ നിരക്ക് കുറയ്ക്കൽ ശ്രേണിയിൽ ചേർന്നത്. ജൂൺ 6 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.
2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണനയത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കായ റിപ്പോയുടെ നിരക്ക് കുറച്ചത്. ആറിൽനിന്ന് അഞ്ചര ശതമാനമാക്കിയാണ് റിപ്പോ നിരക്ക് കുറച്ചത്. ഈ വർഷം തുടർച്ചയായി മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. പണനയ അവലോകന സമിതി യോഗത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം.