എല്ലാ സേവിംഗ്സ് അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിർബന്ധമാണെന്ന നിബന്ധന ഒഴിവാക്കി കനറ ബാങ്ക്. പൊതുമേഖലാ കനറ ബാങ്ക് അവരുടെ എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലും ശരാശരി പ്രതിമാസ ബാലൻസ് (AMB) നിബന്ധന ഒഴിവാക്കിയത് സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഒരു വലിയ ആശ്വാസമാകും. ജൂൺ 1 മുതൽ സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴ ഈടാക്കില്ല.
ഈ നീക്കത്തോടെ, ശരാശരി പ്രതിമാസ ബാലൻസുമായി ബന്ധപ്പെട്ട ചാർജുകൾ നീക്കം ചെയ്യുന്ന ആദ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായി കനറ ബാങ്ക് മാറി. ഇതോടെ എല്ലാ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്കും ഇപ്പോൾ പിഴയില്ലാതെ സീറോ ബാലൻസ് നിലനിർത്താൻ കഴിയും. സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്തൃ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ കനറ ബാങ്കിൻ്റെ തീരുമാനം.
നേരത്തെ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് തരം അടിസ്ഥാനമാക്കി ആവറേജ് മിനിമം ബാലൻസ് നിലനിർത്തേണ്ടി വരുമായിരുന്നു. ഈ മാനദണ്ഡം പാലിക്കാതിരിക്കുന്നവരിൽ നിന്ന് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഈ പുതിയ നിയമപ്രകാരം, എല്ലാ കനറ ബാങ്ക് എസ്‌ബി അക്കൗണ്ട് ഉടമകൾക്കും ആവറേജ് മിനിമം ബാലൻസ് നിലനിർത്തണമെന്ന ബുദ്ധിമുട്ട് അഭിമുഖീകരിക്കേണ്ടി വരില്ല. ആവറേജ് മിനിമം ബാലൻസ് ഒഴിവാക്കിയത് സേവിംഗ്സ് അക്കൗണ്ടുകൾ, സാലറി അക്കൗണ്ടുകൾ, എൻആർഐ എസ്ബി അക്കൗണ്ടുകൾ തുടങ്ങിയ അക്കൗണ്ട് ഉടമകൾക്ക് ഗുണം ചെയ്യും. 1906-ൽ സ്ഥാപിതമായ കനറ ബാങ്കിന് രാജ്യത്തുടനീളം 9849 ശാഖകളുണ്ട്.