ന്യൂഡല്‍ഹി: 2025ല്‍ അവതരിപ്പിച്ച ആദായ നികുതി ബില്ല് പിന്‍വലിച്ച് കേന്ദ്ര സർക്കാർ. 60 വർഷം പഴക്കമുള്ള ആദായ നികുതി ബില്ലിന് പകരമായി ഈ വർഷം ഫെബ്രുവരി 13ന് പാർലമെന്റില്‍ അവതരിപ്പിച്ച ബില്ലാണ് പിന്‍വലിച്ചിരിക്കുന്നത്. പരിഷ്കരിച്ച ബില്‍ സഭയുടെ പരിഗണനയ്ക്കായി ഈ മാസം 11ന് അവതരിപ്പിക്കും.
ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സെലക്ട് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരമാണ് പുതിയ ബില്ല് പരിഷ്കരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 21ന് ആണ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. 4,500 പേജുകളിലായി 285 നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ട് വെച്ചത്. ബില്ലിന്റെ ഒന്നിലധികം പതിപ്പുകൾ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കി ലളിതമായ ഭാഷയിലാകും പുതിയ പതിപ്പ്.
"1961ലെ നിലവിലെ ആദായനികുതി നിയമത്തിൽ 4,000-ത്തിലധികം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അതിൽ അഞ്ച് ലക്ഷത്തിലധികം വാക്കുകളാണുള്ളത്. ഇത് വളരെ സങ്കീർണമാണ്. പുതിയ ബിൽ ഇത് ഏകദേശം 50 ശതമാനമായി കുറച്ചു. സാധാരണ നികുതിദായകർക്ക് വായിക്കാനും മനസിലാക്കാനും എളുപ്പമാകും," ബൈജയന്ത് പാണ്ഡ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. സങ്കീർണമായ നികുതി ഘടനകൾ കൈകാര്യം ചെയ്യാൻ നിയമപരവും സാമ്പത്തികവുമായ വൈദഗ്ദ്ധ്യം ഇല്ലാത്ത ചെറുകിട ബിസിനസ് ഉടമകളും എംഎസ്എംഇകളുമായിരിക്കും ഈ ലളിതവൽക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്നും പാണ്ഡ കൂട്ടിച്ചേർത്തു.
എല്ലാ നികുതിദായകർക്കും പ്രയോജനപ്പെടുന്നതിനായി സ്ലാബുകളിലും നിരക്കുകളിലും പുതിയ ബില്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഘടന മധ്യവർഗത്തിന്റെ നികുതികൾ ഗണ്യമായി കുറയ്ക്കുകയും അവരുടെ കൈകളിൽ കൂടുതൽ പണം അവശേഷിപ്പിക്കുകയും ചെയ്യും. ഇത് ഗാർഹിക ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവ വർധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. പുതിയ ആദായനികുതി ബിൽ സാധാരണ പൗരന്മാർക്കും ചെറുകിട ബിസിനസുകൾക്കും നികുതി ഫയൽ ചെയ്യുന്നത് എളുപ്പമാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.