

ഇടുക്കി: കേന്ദ്ര സർക്കാർ ബാങ്കുകൾ വഴി നടപ്പാക്കുന്ന ഇൻഷൂറൻസ് പോളിസികളുടെ സർട്ടിഫിക്കറ്റുകളോ നമ്പറുകളോ കൃത്യമായി ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കളുടെ ആക്ഷേപം. ബാങ്കുകൾ വഴി പ്രീമിയം അടയ്ക്കുന്ന മുഴവൻ ആളുകൾക്കും സമയബന്ധിതമായി സർട്ടിഫിക്കറ്റ് നല്കണമെന്നാണ് ആവശ്യം.
18 വയസ് മുതൽ 50 വയസുവരെ പ്രായമുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കായി രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണ് ജീവന് ജ്യോതി ഭീമ യോജന. വാർഷിക പ്രീമിയം 436 രൂപ മാത്രം. 18 മുതൽ 70 വരെ പ്രായമുള്ളവർക്ക് പ്രതിവർഷം 20 രൂപ നിരക്കിൽ രണ്ടുലക്ഷം രൂപയുടെ അപകട മരണ, പൂർണ വൈകല്യ പരിരക്ഷയും ഒരു ലക്ഷം രൂപയുടെ ഭാഗിക വൈകല്യം പരിരക്ഷയും നൽകുന്ന പദ്ധതിയാണ് സുരക്ഷാ ബീമ യോജന.
ഇത്തരം സാധാരണക്കാർ ആശ്രയിക്കുന്ന ഇൻഷൂറൻസ് പദ്ധതികൾക്കാണ് സർട്ടിഫിക്കറ്റുകളും പോളിസി നമ്പറും ഉപഭോക്താക്കൾക്കും ലഭിക്കാത്തത്. ഇത്തരം പോളിസി രേഖകൾ ലഭിക്കാത്തതോടെ അപകടമോ, മരണമോ സംഭവിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ സർട്ടിഫിക്കറ്റ് ഇല്ലാത്തത് ആനുകൂല്യങ്ങൾ തടയപ്പെടുന്നതായും പൊതുജനം പരാതിപ്പെടുന്നു. സാധാരണക്കാർക്ക് ഇത്തരം ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കാൻ പരാതിപരിഹാര സെല്ലിനെ സമീപിച്ചതിനാൽ മാത്രമാണ് രേഖകൾ ലഭിച്ചതെന്ന് പൊതുപ്രവർത്തകൻ സിനു ജോസ് പറയുന്നു.
ഇത്തരം കേന്ദ്ര സർക്കാർ ഇൻഷ്വൻസ് പദ്ധതികളിൽ സാധാരണ തൊഴിലാളികളും നിർധനരായ ആളുകളുമാണ് അധികമായി ചേരുന്നത്. പ്രധാന മന്ത്രിയുടെ പരാതി പരിഹാര പോർട്ടലായ ജനസുരക്ഷ പോർട്ടൽ വഴി പരാതിപ്പെടുന്നവർക്ക് മാത്രമാണ് പോളിസി നമ്പറും സർട്ടിഫിക്കറ്റ് ഉൾപ്പാടെയുള്ള രേഖകളും ലഭിക്കുന്നത് എന്നും ആക്ഷേപം ഉയരുന്നുണ്ട്.
ബാങ്കുകൾ ഇത്തരം ഇൻഷുറൻസ് പദ്ധതികളിൽ അലംഭാവം കാട്ടരുതെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. നിർധനരായവർക്ക് ഉൾപ്പെടെ ആവശ്യ സമയത്ത് ആനുകൂല്യം ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ ഇൻഷ്വറൻസ് പദ്ധതികൾ എങ്കിലും അവ സമയത്ത് സാധ്യമാകുന്നില്ലെന്നതാണ് ആക്ഷേപം.