

സ്വര്‍ണത്തിനും വെള്ളിക്കും ഒപ്പം ചെമ്പ് വിലയും കുതിച്ചുയരുന്നു. ഇന്നത്തെ വില അനുസരിച്ച് ഒരു കിലോ കോപ്പറിന് ഏകദേശം 1,323 - 1,340 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വിതരണത്തിലെ കുറവും ഡിമാന്‍ഡിലെ വര്‍ധനവുമാണ് ചെമ്പിനെ പൊന്നുംവിലയില്‍ എത്തിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചെമ്പ് ഖനിയായ ഇന്തോനേഷ്യയിലെ ഗ്രാസ്‌ബെര്‍ഗില്‍ പ്രളയം മൂലം ഉത്പാദനം തടസ്സപ്പെട്ടത് ആഗോള വിപണിയില്‍ കോപ്പറിന് ക്ഷാമമുണ്ടാക്കി. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞത് ഇറക്കുമതി ചെയ്യുന്ന ലോഹങ്ങളുടെ ആഭ്യന്തര വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് സാധാരണ ആവശ്യമുള്ളതിനേക്കാള്‍ മൂന്നിരട്ടി അധികം ചെമ്പ് ആവശ്യമാണ്. സോളാര്‍ പാനലുകള്‍, വിന്‍ഡ് മില്ലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും ചെമ്പ് അനിവാര്യമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വന്‍തോതില്‍ നടക്കുന്ന കെട്ടിട നിര്‍മ്മാണങ്ങളും ഇലക്ട്രിക് ഗ്രിഡ് നവീകരണവും ചെമ്പിന്റെ ഡിമാന്‍ഡ് കൂടാന്‍ കാരണമായിട്ടുണ്ട്.
വിതരണം കുറവും ഡിമാന്‍ഡ് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ ചെമ്പിന്റെ വില ഇനിയും കൂടാനാണ് സാധ്യത. 2026 ല്‍ മെട്രിക് ടണ്ണിന് 12,000 ഡോളര്‍ വരെ ആകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ ഇത് കിലോയ്ക്ക് 1,400 രൂപയ്ക്ക് മുകളില്‍ വരെ എത്താം.
ഓഹരി വിപണിയില്‍ ഹിന്ദുസ്ഥാന്‍ കോപ്പര്‍ പോലുള്ള കമ്പനികളുടെ ഓഹരി വിലയിലും ഈ വർധനവ് പ്രതിഫലിക്കുന്നുണ്ട്.
സാധാരണക്കാരേയും ബാധിക്കും
സ്വര്‍ണവും വെള്ളിയും പോലെ വെറുമൊരു നിക്ഷേപ വസ്തുവല്ലാത്തതും നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന മിക്ക ഉപകരണങ്ങളുടേയും അവിഭാജ്യ ഘടകമായതിനാലും ചെമ്പിന്റെ വില വര്‍ധനവ് സാധാരണക്കാരേയും പല തരത്തില്‍ ബാധിക്കും.
ഭവന നിര്‍മാണച്ചെലവ് വര്‍ധിക്കും
ചെമ്പിന്റെ വില വര്‍ധിക്കുമ്പോള്‍ ഇലക്ട്രിക് വയറുകള്‍, സ്വിച്ചുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വിലയും കുത്തനെ കൂടും. കോപ്പര്‍ പൈപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതും വലിയ ബാധ്യതയാകും.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില കൂടും
നിത്യേന ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളും ചെമ്പ് അത്യാവശ്യമാണ്. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടിവി എന്നിവയിലെല്ലാം കോപ്പര്‍ ഉപയോഗിക്കുന്നുണ്ട്. ചെമ്പ് വില ഉയരുന്നത് ഈ ഉപകരണങ്ങളുടെ ഉത്പാദന ചെലവ് വര്‍ധിപ്പിക്കും.
ഗൃഹോപകരണങ്ങള്‍
ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന്‍, മിക്‌സി, ഫാന്‍ എന്നിവയുടെ മോട്ടോറുകള്‍ നിര്‍മ്മിക്കുന്നത് ചെമ്പ് കമ്പികള്‍ ഉപയോഗിച്ചാണ്. ഒരു എസിയുടെ വിലയില്‍ നല്ലൊരു ശതമാനം അതിലെ കോപ്പര്‍ കോയിലിനാണ്. അതിനാല്‍ എസി, ഫ്രിഡ്ജ് എന്നിവ വാങ്ങുമ്പോള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.
ഇലക്ട്രിക് വാഹനങ്ങള്‍
സാധാരണ വാഹനങ്ങളേക്കാള്‍ ഇലക്ട്രിക് വാഹനങ്ങളില്‍ മൂന്നിരട്ടിയിലധികം ചെമ്പ് ഉപയോഗിക്കുന്നുണ്ട്. കോപ്പറിന്റെ ഡിമാഡ് ഇലക്ട്രിക് കാറുകളുടെയും സ്‌കൂട്ടറുകളുടെയും വില ഉയരാന്‍ കാരണമാകും.
ഇലക്ട്രിക് വാഹനങ്ങള്‍
സാധാരണ വാഹനങ്ങളേക്കാള്‍ ഇലക്ട്രിക് വാഹനങ്ങളില്‍ മൂന്നിരട്ടിയിലധികം ചെമ്പ് ഉപയോഗിക്കുന്നുണ്ട്. കോപ്പറിന്റെ ഡിമാഡ് ഇലക്ട്രിക് കാറുകളുടെയും സ്‌കൂട്ടറുകളുടെയും വില ഉയരാന്‍ കാരണമാകും.