ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ക്രൂഡ് വിലയിൽ വർധന രേഖപ്പെടുത്തി. ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വില വർധന പെട്രോൾ, ഡീസൽ വിലയേയും ബാധിക്കുമെന്ന തരത്തിലുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇസ്രയേൽ തൊടുത്തുവിട്ട മിസൈലുകൾ ആദ്യം പിടിച്ചുലച്ചത് എണ്ണവിപണിയെയാണ്. ഒരു വീപ്പയ്ക്ക് 63 ഡോളറിലേക്കു വരെ താഴ്ന്നിരുന്ന വില കുതിച്ചുയർന്നു. 73 ഡോളറിലാണ് ഈ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്. 10 ഡോളറിനടുത്ത് കുതിച്ചുയരുന്നത് വിപണിയിൽ സാധാരണ കാഴ്ചയായിരുന്നു.
യുദ്ധം പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണനീക്കത്തെ ബാധിക്കും എന്നതിനാലാണ് വില കുതിച്ചുയരുന്നത്. ഒപ്പേക് എണ്ണയുത്പാദനം കുറച്ചതും വില ഉയരാൻ കാരണമായി. ആളുകളുടെ നിക്ഷേപം സ്വർണത്തിലേക്ക് മാറുന്നതിന്‍റെ സൂചനയായി ആഗോള സ്വർണവിലയും ഉയരുകയാണ്. തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോഴാണ് വിപണിയുടെ യഥാർഥ സ്ഥിതി വ്യക്തമാവുകയെന്നും റിപ്പോർട്ടുണ്ട്.
ഇറാൻ, സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇറാൻ ഇസ്രയേൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ഇത് കാര്യമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയിൽ വിലയിൽ വർധന രേഖപ്പെടുത്തുന്നത്.
ഇസ്രയേൽ ഇറാനിൽ നടത്തിയ കടന്നാക്രമണം ഏറ്റവും പ്രതികൂലമായി ബാധിച്ചത് വിമാനയാത്രയെയാണ്. പ്രശ്നബാധിത രാഷ്ട്രങ്ങളുടെ ആകാശപാത ഒഴിവാക്കാൻ നിർബന്ധിതമായതോടെ 650 സർവീസുകളാണ് ഇതിനോടകം റദ്ദാക്കിയത്. എണ്ണവില വീപ്പയ്ക്ക് 63 ഡോളറിൽ നിന്ന് 73 ഡോളറിലേക്ക് കുതിച്ചുയർന്നതായാണ് റിപ്പോർട്ട്.
ഇറാൻ, ഇസ്രയേൽ, സിറിയ, ജോർദാൻ, ഇറാഖ്, എന്നീ അഞ്ചുരാജ്യങ്ങളുടെ ആകാശത്തുകൂടി വെള്ളിയാഴ്ച മുതൽ ഒറ്റ വാണിജ്യവിമാനങ്ങളും പറന്നിട്ടില്ല. സംഘർഷത്തിന് പിന്നാലെ ഇറാനും ജോർദാനും വ്യോമാതിർത്തികൾ അടയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഇറാൻ ആഭ്യന്തര സർവീസുകൾ ഉൾപ്പെടെ മുഴുവൻ വിമാനസർവീസുകളും നിർത്തിവെച്ചു. ന്യൂയോർക്കിൽ നിന്ന് ഇസ്രയേലിലെ ടെൽഅവീവിലേക്കുള്ള വിമാനം എട്ടുമണിക്കൂർ പറന്നശേഷം പുറപ്പെട്ട സ്ഥലത്തുതന്നെ തിരിച്ചിറങ്ങി. യൂറോപ്പിൽ നിന്നുള്ള 650 സർവീസുകളാണ് 24 മണിക്കൂറിനിടെ റദ്ദാക്കിയത്.