

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യുണീക് ഐഡി സ്റ്റാർട്ടപ്പായ 'എലിക്സർ ജുവൽസ്' ബഹുരാഷ്ട്ര ശതകോടീശ്വര കൂട്ടായ്മയായ 'ബീറ്റാ ഗ്രൂപ്പുമായി' കൈകോര്‍ത്തു. ലബോറട്ടറിയിൽ വളർത്തിയ വജ്ര സാങ്കേതിക വിദ്യയിലും വ്യവസായത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കാന്‍ ഈ സഹകരണത്തോടെ സഹായിക്കും. എലിക്സര്‍ ഗ്രൂപ്പിൻ്റെ ഡയറക്ടർ ബോർഡിലേക്ക് ബീറ്റാ ഗ്രൂപ്പിൻ്റെ സ്ഥാപകന്‍ രാജ്മോഹന്‍ പിള്ള, ഡയറക്ടര്‍ രാജ് നാരായണന്‍ പിള്ള എന്നിവരെ ഉൾപ്പെടുത്തി.
സൈരാജ് പി.ആർ. സ്ഥാപകനും, മിഥുൻ അജയ്, മുനീർ എം, രാഹുൽ പച്ചിഗർ എന്നിവർ സഹസ്ഥാപകരുമായ 'എലിക്സര്‍', കേരളത്തിൽ ആരംഭിച്ച് മുംബൈയിലും സൂറത്തിലുമായാണ് പ്രവർത്തിക്കുന്നത്. എഫ്.എം.സി.ജി, ലോജിസ്റ്റിക്സ്, സ്പോർട്സ് മാനേജ്‌മെൻ്റ് തുടങ്ങിയ വാണിജ്യ മേഖലകളിലും ഇന്ത്യയിലെ സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളിലും സജീവ പങ്കാളിത്തമുളള ആഗോള ശതകോടീശ്വര കൂട്ടായ്മയാണ് കൊല്ലം ആസ്ഥാനമായി ആരംഭിച്ച ബീറ്റാ ഗ്രൂപ്പ്.
സുസ്ഥിരതാ വളര്‍ച്ചയ്ക്കും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും എലിക്‌സർ ജുവൽസും ബീറ്റാ ഗ്രൂപ്പും തമ്മിലുള്ള സഹകരണം നിര്‍ണായകമാണ്. നൂതന സാങ്കേതികവിദ്യ അവലംബിച്ച് ആഭരണ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാനും ഈ സഹകരണം വഴിവയ്ക്കുമെന്ന് സൈരാജ് പി.ആര്‍. പറഞ്ഞു. ഖനനം ചെയ്ത വജ്രങ്ങളുടെ അതേ പരിശുദ്ധിയും തിളക്കവുമുള്ള വജ്രങ്ങൾ ലാബില്‍ നിര്‍മ്മിച്ച് സുസ്ഥിരമായ ആഡംബരത്തിന് വഴിയൊരുക്കുകയാണ് എലിക്സര്‍ ചെയ്യുന്നത്. പരിസ്ഥിതിക്ക് ദോഷകരമായതും മാനവിക ചൂഷണരഹിതവുമായ വജ്രത്തിന് ഇപ്പോള്‍ ഡിമാന്‍ഡ് കൂടി വരികയാണ്. അഞ്ച് ലക്ഷം രൂപ വില വരുന്ന ഒരു വജ്രം ഇതുവഴി 50,000ന് വാങ്ങാൻ സാധിക്കുന്നു.
കോവളത്ത് വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന ഹഡിൽ ഗ്ലോബലിൻ്റെ 2024 ലക്കത്തില്‍ ലാബ് വജ്ര ശേഖരം പ്രദർശിപ്പിച്ചതാണ് കമ്പനിക്ക് വഴിത്തിരിവായതെന്ന് സൈരാജ് ചൂണ്ടിക്കാട്ടി. ക്രമേണ വിപണി കേരളത്തിനകത്തും പുറത്തും വ്യാപിപ്പിക്കാന്‍ സാധിച്ചു. ലാബ് വജ്രങ്ങളുടെ മൂല്യത്തെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചുമുള്ള അവബോധം വർധിച്ചത് എലിക്സറിന് ഗുണകരമായി.
ഇൻ്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐജിഐ), ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക(ജിഐഎ), സോളിറ്റയര്‍ ജെമോളൊജിക്കല്‍ ലബോറട്ടറീസ്(എസ്ജിഎല്‍) എന്നിവയുടെ സർട്ടിഫിക്കേഷനുള്ളതാണ് ഈ വജ്രങ്ങൾ. ഉയർന്ന താപനിലയിലും മർദ്ദത്തിലും പ്രകൃതിദത്തമായ രൂപീകരണം അനുകരിക്കുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. സമാനതകളില്ലാത്ത ഗുണനിലവാരവും ധാർമിക പ്രതിബദ്ധതയും ഈ വജ്രങ്ങള്‍ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ലബോറട്ടറിയിൽ വളർത്തിയ വജ്രങ്ങളുടെ വിപണി സാധ്യത ദക്ഷിണേന്ത്യയിൽ ഇപ്പോഴും വലിയ തോതിൽ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഫാഷനിലും ആഡംബരത്തിലും മൂല്യാധിഷ്ഠിത തിരഞ്ഞെടുപ്പുകളിലേക്ക് പ്രത്യേകിച്ച് പുതുതലമുറ ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നതിനാല്‍ ലാബ് വജ്രങ്ങളുടെ ആവശ്യം വര്‍ധിക്കുകയാണ്. പുതുതലമുറയിലെ ഉപഭോക്താക്കൾ ആഡംബരത്തെ പുനർനിർവചിക്കുക മാത്രമല്ല, ധാർമികവും പരിസ്ഥിതി സൗഹൃദവുമായ ബദലുകൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നു. ഇത് എലിക്സറിൻ്റെ സൗന്ദര്യബോധ കാഴ്ചപ്പാടിനോട് ചേര്‍ന്നാണ് നില്‍കുന്നത്," സൈരാജ് പി.ആര്‍. കൂട്ടിച്ചേര്‍ത്തു.