

1 ട്രില്യൺ ഡോളർ ശമ്പള പാക്കേജ് നിരസിച്ചാൽ കമ്പനിയിൽ നിന്ന് പുറത്തുപോകുമെന്ന് ഓഹരി ഉടമകളെ ഭീഷണിപ്പെടുത്തി ശതകോടീശ്വരൻ ഇലോൺ മസ്ക്. നവംബർ 6 ന് ടെസ്‌ലയുടെ വാർഷിക യോഗം നടക്കാനിരിക്കെയാണ് മസ്ക് പുതിയ ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്. കമ്പനി 8.5 ട്രില്യൺ ഡോളർ വിപണി മൂല്യം കൈവരിക്കുകയാണെങ്കിൽ ടെസ്‌ലയുടെ ഓഹരിയുടെ 12 ശതമാനം വരെ മസ്‌കിന് നൽകണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനിരിക്കെയാണ് നിക്ഷേപകർ.
അതേ സമയം, കമ്പനിയോട് മസ്‌കിനെ പ്രതിജ്ഞാബദ്ധമായി നിലനിർത്തുന്നതിന് ഈ നിർദ്ദേശം അനിവാര്യമാണെന്നാണ് ടെസ്‌ല മേധാവി റോബിൻ ഡെൻഹോം അടുത്തിടെ ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ പറയുന്നത്. എഐ അധിഷ്ഠിത മൊബിലിറ്റിയിലും ഓട്ടോമേഷനിലും ടെസ്‌ല സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ മസ്‌കിൻ്റെ നേതൃത്വം നിർണായകമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. അടുത്ത ഏഴര വർഷത്തേക്ക് കൂടി കമ്പനിയുടെ വളർച്ച ലക്ഷ്യമിട്ട് മസ്കിനെ ചേർത്തു നിർത്താനാണ് പദ്ധതി. മസ്കിൻ്റെ നേതൃത്വമില്ലാത്ത പക്ഷം ടെസ്‌ല അതിൻ്റെ ഏറ്റവും സ്വാധീനമുള്ള നേതാവിനെയാകും നഷ്ടപ്പെടുത്തുകയെന്നും ഡെൻഹോം കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
മസ്കിൻ്റെ ഈ ആവശ്യത്തെ സംബന്ധിച്ചുള്ള ചർച്ച നിക്ഷേപകരിൽ പല തരത്തിലുള്ള പ്രതികരണങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രോക്‌സി ഉപദേശക സ്ഥാപനമായ ഗ്ലാസ് ലൂയിസ്, ഓഹരി ഉടമകളെ ദുർബലപ്പെടുത്തുമെന്ന ഭയവും ബോർഡിൻ്റെ സ്വതന്ത്ര നിലപാടുകൾക്ക് ഇത് വിഘാതമായേക്കാം എന്ന ആശങ്കയും ചൂണ്ടിക്കാട്ടി ഈ നിർദേശം നിരസിക്കാൻ ഓഹരി ഉടമകളോട് അഭ്യർഥിച്ചിട്ടുണ്ട്. ടെസ്‌ലയുടെ ഡയറക്ടർമാർ മസ്‌കുമായി വളരെ അടുപ്പത്തിലായത് ഇക്കാര്യത്തിൽ ബോർഡിനെ കൃത്യമായ തീരുമാനമെടുക്കുന്നതിൽ നിന്നും തടയുമോ എന്നുമാണ് വിമർശകരുടെ ആശങ്ക.
വലിയ തോതിൽ പണം നൽകുന്നതിനെ എതിർത്ത് ചില ടെസ്‌ല നിക്ഷേപകരും രംഗത്തെത്തിയിട്ടുണ്ട്. ഈ പണം കുറച്ച് കൂടുതലാണെന്നാണ് മുൻ ടെസ്‌ല നിക്ഷേപകനും ജീവനക്കാരനുമായ റൊമെയ്ൻ ഹെഡൂയിൻ അഭിപ്രായപ്പെട്ടത്. വ്യത്യസ്ത നേതൃത്വങ്ങൾക്ക് കീഴിൽ ഇതിലും കുറഞ്ഞ ചെലവിൽ കമ്പനിക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, തൻ്റെ നിലപാടിൽ തന്നെ ശക്തമായി ഉറച്ചു നിൽക്കുകയാണ് ഇലോൺ മസ്ക്. തൻ്റെ നേതൃത്വം ടെസ്‌ലയുടെ ഭാവിക്ക് അനിവാര്യമാണെന്നും മസ്ക് വാദിച്ചു. “മറ്റെല്ലാ ഓട്ടോമോട്ടീവ് കമ്പനികൾ ഒരുമിച്ചു നിന്നാലും ഉണ്ടാവുന്നതിലും വിലയുണ്ട് ടെസ്‌ലയ്ക്ക്. ആ സിഇഒമാരിൽ ആരെയാണ് നിങ്ങൾ ടെസ്‌ല നടത്താനാഗ്രഹിക്കുന്നത്? അത് എന്തായാലും ഞാനായിരിക്കില്ല" എന്നാണ് മസ്ക് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.