മിനിമം ബാലൻസിന് പിഴ ഈടാക്കിക്കൊണ്ടുള്ള ബാങ്കുകളുടെ തീരുമാനം സാധാരണ ഇടപാടുകാരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. എപ്പോഴും അക്കൗണ്ടിൽ മിനിമം ബാലൻസ് നില നിർത്താൻ പ്രയാസപ്പെട്ടിരുന്നവർക്ക് ഇനി ആശ്വസിക്കാം. നാല് പൊതു മേഖലാ ബാങ്കുകൾ ഇതിനോടകം തന്നെ ഈ നിബന്ധന ഒഴിവാക്കിക്കഴിഞ്ഞു. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇനി പിഴ നൽകേണ്ടതില്ല.
കാനറാ ബാങ്കാണ് ആദ്യം ഈ നിബന്ധന ഒഴിവാക്കിയത്. ജൂൺ ഒന്നുമുതൽ തന്നെ ഇടപാടുകാർക്ക് ഈ ആനുകൂല്യം ലഭ്യമായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കും, ബാങ്ക് ഓഫ് ബറോഡയും ജൂലൈ ഒന്ന് മുതൽ മിനിമം ബാലൻസിനുള്ള പിഴ ഒഴിവാക്കി. ഇപ്പോഴിതാ ഇന്ത്യൻ ബാങ്കും ഈ തീരുമാനത്തിലെത്തിയിരിക്കുകയാണ്. ഇന്നു മുതൽ ( ജൂലൈ 7 ) ഇന്ത്യൻ ബാങ്ക് ഇടപാടുകാർക്ക് മിനിമം ബാലൻസിന് പിഴ നൽകേണ്ടതില്ല.
എസ്ബിഐ 2020 മുതൽ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസ് നിബന്ധനകള്‍ ഒഴിവാക്കിയിരുന്നു. പലിശ നിരക്കുകൾ കുറയുന്ന സാഹചര്യം നിലവിലുള്ളതുകൊണ്ടാണ് മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴ ബാങ്കുകൾ ഒഴിവാക്കുന്നത്. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 2024 ജൂൺ വരെ 8,495 കോടി രൂപയായിരുന്നു പിഴ ഇനത്തിൽ ബാങ്കുകൾക്ക് ലഭിച്ചത്.