
ദേശീയപാതകളിലെ ടോൾ നിരക്ക് 50 ശതമാനം വരെ കുറയുന്ന ഭേദഗതിയുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. തുരങ്കങ്ങൾ, പാലങ്ങൾ, ഫ്ലൈ ഓവറുകൾ പോലുള്ള സ്ട്രക്ച്ചറുകളുള്ള ദേശീയപാതകളുടെ ടോൾ നിരക്കാണ് 50 ശതമാനം വരെ കുറയുക.
നിലവിൽ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഉപയോക്തൃ നിരക്കുകൾ 2008ലെ നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ പ്രകാരമാണ് പിരിക്കുന്നത്. ടോൾ ചാർജുകൾ കണക്കാക്കുന്നതിനുള്ള 2008ലെ നിയമങ്ങളിൽ റോഡ് നിയമങ്ങളിലാണ് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഭേദഗതി വരുത്തിയിരിക്കുന്നത്. മന്ത്രാലയം അവതരിപ്പിച്ച പുതിയ ഫോർമുല പ്രകാരമാണ് ടോൾ നിരക്കിൽ കുറവുണ്ടാകുക.
പാലങ്ങൾ, ഫ്ലൈ ഓവറുകൾ പോലുള്ള നിർമിതികളുള്ള ദേശീയപാതയുടെ ഒരു ഭാഗത്തിൻ്റെ ഉപയോഗത്തിനുള്ള ഫീസ് നിരക്ക്, നിര്‍മിതികളുടെ നീളം ഒഴികെയുള്ള ദേശീയപാതയുടെ ഭാഗത്തിൻ്റെ നീളത്തോട് നിർമിതികളുടെ നീളത്തിൻ്റെ പത്തിരട്ടിയോ, അല്ലെങ്കിൽ ദേശീയപാതയുടെ ഭാഗത്തിൻ്റെ നീളത്തിൻ്റെ അഞ്ചിരട്ടിയോ ആയിരിക്കും. ഇതിലേതാണ് കുറവ് അതായിരിക്കും പുതിയ ഭേദഗതിയനുസരിച്ച് ടോൾ ഫീസായി ഈടാക്കുക.
ഉദാഹരണത്തിന് ദേശീയപാതയുടെ ഒരു ഭാഗത്തിൻ്റെ ആകെ നീളം 40 കിലോമീറ്റർ ആണെങ്കിൽ, അതിൽ നിർമിതി മാത്രമാണ് ഉൾപ്പെടുന്നതെങ്കിൽ ഏറ്റവും കുറഞ്ഞ നീളം കണക്കാക്കുന്നത് ഇപ്രകാരമായിരിക്കും. 10 x 40 (നിര്‍മിതിയുടെ നീളത്തിൻ്റെ പത്തിരട്ടി) അതായത് 400 കിലോമീറ്റർ അല്ലെങ്കിൽ ദേശീയപാതയുടെ ആകെ ഭാഗത്തിൻ്റെ നീളത്തിൻ്റെ അഞ്ച് മടങ്ങാണ്. അതായത് 5 x 40 = 200 കിലോമീറ്റർ.
ഇപ്രകാരം 400 കിലോമീറ്ററിന് പകരം 200 കിലോമീറ്റർ എന്ന കുറഞ്ഞ ദൈർഘ്യത്തിനായിരിക്കും ഇനി ഉപയോക്തൃ ഫീസ് ഈടാക്കുക. ഇതോടെ റോഡിൻ്റെ ദൈർഘ്യത്തിൻ്റെ 50 ശതമാനം മാത്രമെ ടോൾ നിരക്ക് ഈടാക്കൂ. ദേശീയപാതകളിലെ ഓരോ കിലോമീറ്റർ നിർമിതിക്കും ഉപയോക്താക്കൾ ടോളായി പത്തിരട്ടി അടയ്ക്കണമെന്ന നിലവിലെ നിയമങ്ങളാണ് ഇതോടെ പരിഷ്ക്കരിക്കപ്പെടുന്നത്.