തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില ക്രിസ്മസ് ദിനത്തിലും റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. സ്വർണ വില ഇന്ന് പവന് 240 രൂപ കൂടി 1,02,120 ആയി. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 12,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ കേരളത്തിൽ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു. 1,01,880 രൂപയായിരുന്നു പവന് വില വർധിച്ചത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്.
ആഗോള വിപണിയിൽ ഔൺസിന് 4,479.53 ഡോളറാണ് വില. 0.04 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണത്തിനുണ്ടായത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 25 രൂപയുടെയും 14 കാരറ്റിന് 20 രൂപയുടെയും വർധനവുണ്ടായി.