സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. 200 രൂപ വർധിച്ച് പവന് 74560 രൂപയായി. ഗ്രാമിന് 9320 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് സ്വർണവില 74000 കടന്നത്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില വർധിക്കുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്.
ലോകത്ത് സ്വർണ ഉപഭോക്താക്കളുടെ കാര്യത്തിൽ ഇന്ത്യ മുൻപന്തിയിലാണ്. ആയതിനാൽ ആഗോള വിപണിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ഇന്ത്യയിലെ സ്വർണവിലയെ ബാധിക്കും. വിവാഹമടക്കമുള്ള ചടങ്ങുകൾക്ക് ആഭരണം വാങ്ങാനിരിക്കുന്നവരെയാണ് വില വർധന ഏറെ ബാധിക്കുക.
ഈ മാസം തുടക്കത്തിൽ 71,360 രൂപയായിരുന്നു സ്വർണവില. സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണത്തിൻ്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, എന്നിവയാണ് സ്വര്‍ണ വില നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍. ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളാണ് നിലവിൽ സ്വർണവില ഉയരുന്നതിന് കാരണമായത്. രാജ്യന്താര വിലയിൽ വർധന ഉണ്ടായാൽ ഇനിയും വില കുതിക്കുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.