

ഡൽഹി: ബിസിനസ് അധിഷ്ഠിതമായ നാല് മേഖലകളിൽ ഒന്നാമതെത്തി തുടർച്ചയായ രണ്ടാം വർഷവും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ഏറ്റവും ഉയർന്ന ശ്രേണിയിലെത്തി കേരളം. കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലിൽ നിന്ന് മന്ത്രി പി. രാജീവ് പുരസ്കാരം ഏറ്റുവാങ്ങി. ഇത് ടീം വർക്കിൻ്റെ വിജയമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ലോകമാകെ അഡ്വാൻസ് ടെക്നോളജി നിക്ഷേപ മേഖലയായി കേരളത്തെ കാണുന്ന ഈ ഘട്ടത്തിൽ, ഈ നേട്ടം കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സഹായിക്കും എന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
ഇത്തവണയും ആദ്യം വിളിച്ച് പുരസ്കാരം നമുക്കാണ് കൈമാറിയത് എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രാപ്രദേശും കർണാടകയും ഫാസ്റ്റ് മൂവർ ക്യാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തവണ കേന്ദ്ര ഗവൺമെൻ്റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ( Business Reforms Action Plan+ Reduction of Compliance Burden) ൽ ഈ വർഷവും കേരളം ഏറ്റവും ഉയർന്ന ശ്രേണിയിൽ, അതിവേഗത്തിൽ വളരുന്ന വ്യവസായരംഗം(ഫാസ്റ്റ് മൂവർ) ആയി തെരഞ്ഞെടുക്കപ്പെട്ടുവെന്ന സന്തോഷം പങ്കുവെക്കുകയാണ്. അംഗീകാരത്തിന്റെ ഭാഗമായുള്ള പുരസ്കാരം ഇന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയലിൽ നിന്ന് ഏറ്റുവാങ്ങി. കേരളത്തിന്റെ മുന്നേറ്റങ്ങളെ പ്രശംസിച്ചുകൊണ്ട് ഇത്തവണയും ആദ്യം വിളിച്ച് പുരസ്കാരം നമുക്കാണ് കൈമാറിയത് എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്.
കഴിഞ്ഞ വർഷം യൂണിയൻ ഗവൺമെന്റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് കേരളം പൂർത്തീകരിച്ചതെങ്കിൽ, ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ഈ ബിസിനസ് ആക്ഷൻ റീഫോംസിനൊപ്പം നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും കേരളത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാന ഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് നാം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം കൃത്യമായി നടക്കുകയും എല്ലാ വകുപ്പും വ്യവസായ വളർച്ചയ്ക്കാവശ്യമായ പിന്തുണ നൽകുകയും ചെയ്തത് കേരളത്തിന്റെ നേട്ടത്തെ ഒരു ടീം വർക്കിന്റെ വിജയമാക്കി മാറ്റുകയാണ്.
മൂന്ന് ക്യാറ്റഗറി ആയിട്ടാണ് സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും മികവിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതിൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രാപ്രദേശും കർണാടകയും ഫാസ്റ്റ് മൂവർ ക്യാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ തമിഴ്നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്പൈറേഴ്സ് ക്യാറ്റഗറിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ നമ്മൾ ഏറ്റവും മുന്നിലെത്തിയപ്പോൾ ആകസ്മികമായി കിട്ടിയെന്ന് പറഞ്ഞ ചില കേന്ദ്രങ്ങൾക്കുള്ള മറുപടി കൂടിയാണ് തുടർച്ചയായ രണ്ടാം വർഷവും നമുക്ക് ലഭിച്ചിരിക്കുന്ന ഈ നേട്ടം. ഒപ്പം അഡ്വാൻസ് ടെക്നോളജി നിക്ഷേപ മേഖലയായി ലോകമാകെ നമ്മുടെ കേരളത്തെ കാണുന്ന ഈ ഘട്ടത്തിൽ ഈ നേട്ടം കൂടുതൽ നിക്ഷേപം ആകർഷിക്കാൻ നമ്മളെ സഹായിക്കും എന്നും പ്രതീക്ഷിക്കുന്നു.