മരണം വേദനിപ്പിക്കുന്ന കാര്യമാണ്. പക്ഷെ മരിച്ചവരുടെ ബാധ്യതകൾ ആര് തീർക്കും എന്ന സ്ഥിതിയോ? പറയുമ്പോൾ അൽപ്പം കടന്നുപോയില്ലേ എന്ന് തോന്നും. പക്ഷെ ഇതൊരു യാഥാർഥ്യമാണ്. നിങ്ങൾ പലതരത്തിലുള്ള വായ്പകൾ എടുത്തിട്ടുണ്ടെങ്കിൽ അപ്രതീക്ഷിതമായി മരണപ്പെട്ടാൽ കുടുംബാഗങ്ങൾക്കോ, ആശ്രിതർക്കോ ഉണ്ടാകുന്ന പ്രധാന ആശങ്ക തന്നെയാണിത്. പലപ്പോഴും കനത്ത തുക ബാങ്കിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കഴിഞ്ഞാൽ പിന്നെ അതടച്ച് തീർക്കുക എന്നത് മാത്രമല്ല ഇനി അതിനുമുൻപ് മരണം സംഭവിച്ചാൽ അത് എത് തരത്തിൽ സ്ഥാപനങ്ങൾ ഈടാക്കും, കൂടെ ജീവിക്കുന്നവരിൽ ആർക്കാണ് ഉത്തരവാദിത്തം വരിക തുടങ്ങിയ ആശങ്കകളും സ്വാഭാവികമാണ്.
ക്രെഡിറ്റ് കാര്‍ഡ് ബില്‍ മുതല്‍ ഹോം ലോണ്‍ വരെ പലര്‍ക്കും വ്യക്തതയില്ലാത്ത വിഷയമാണിത്. വിവിധ വായ്പകളുള്ള ഒരു വ്യക്തിയുടെ മരണത്തിനു ശേഷം എങ്ങിനെയാണ് അവ തീർപ്പാക്കുക എന്നത്. എന്നാൽ ഇന്ത്യന്‍ നിയമങ്ങളില്‍ ഇതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പലർക്കും അറിയില്ല. മരിച്ചയാളുടെ ബന്ധുക്കൾക്ക് ആശ്വാസം നൽകുന്ന തരത്തിലാണ് ഇതിലെ നിയമവശങ്ങൾ. വായ്പ എടുത്തയാളുടെ മരണ ശേഷം അത് തരിച്ച് ഈടാക്കാൻ പല വഴികളുണ്ട്.
ബാങ്ക് നിക്ഷേപങ്ങള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, വീട്/ഭൂമി, നിക്ഷേപങ്ങള്‍, മറ്റ് സ്വത്തുക്കള്‍ തുടങ്ങി മരിച്ച വ്യക്തിയുടെ പേരിലുള്ള ആസ്തികളില്‍ നിന്നാണ് സാധാരണയായി ബാങ്കുകൾ വായ്പ ഈടാക്കാൻ ശ്രമിക്കുക. നിയമാവകാശികള്‍ക്ക് ബാധ്യത ഉണ്ടെങ്കില്‍ മരിച്ചവരുടെ സ്വത്തില്‍ നിന്ന് ലഭിച്ച ഭാഗം ഉപയോഗിച്ച് ബാങ്കിന് തിരിച്ചടക്കാം. അല്ലാതെ സ്വന്തം വരുമാനത്തില്‍ നിന്ന് നൽകേണ്ടതില്ല. ആസ്തിയൊന്നും ഇല്ലെങ്കില്‍ ബാങ്ക് സാധാരണയായി വായ്പ എഴുതിത്തള്ളും.
ഒരാളെടുത്ത വായ്പാ ഉടമ്പടിയിൽ കോ-ബോറോവറായി ഒപ്പുവെച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിയുടെ മരണശേഷം മുഴുവൻ ബാധ്യതയും ഒപ്പുവച്ചയാൾക്ക് ആണ്. ഗ്യാരണ്ടര്‍ ആണെങ്കിലും വായ്പ മുഴുവൻ തിരിച്ചടയ്ക്കണം. സാധാരണ ഗതിയിൽ ക്രെഡിറ്റ് കാർഡുകളിൽ ഹോൾഡറുടെ കുടുംബാംഗങ്ങള്‍ക്ക് വ്യക്തിപരമായി ബാധ്യതയില്ല. ആഡ്-ഓണ്‍ കാര്‍ഡ് ഹോള്‍ഡര്‍ക്കും പ്രധാന കാര്‍ഡ് ഹോള്‍ഡറുടെ കുടിശികയ്ക്ക് ബാധ്യതയില്ല. എന്നാൽ അയാളുടെ മരണശേഷം കാർഡ് ഉപോഗിച്ചാൽ ചെലവ് ഉപയോഗിച്ച വ്യക്തി തന്നെ നൽകണം.
ക്രെഡിറ്റ് കാര്‍ഡ് ഒരു ഫിക്‌സഡ് ഡെപ്പോസിറ്റിൽ നൽകിയ കാർഡ് ആണെങ്കിൽ അതിൽ നിന്നും തുക ഇടാക്കാം. വായ്പക്ക് ഈടായി വീട് പോലുള്ള ആസ്തി നല്‍കിയിട്ടുണ്ടെങ്കില്‍ ബാങ്കിന് അത് ലേലം ചെയ്ത് എടുക്കാം. ലോണ്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി വായ്പ തീര്‍ക്കും. ഇനി ഇതൊക്കെയാണെങ്കിലും വായ്പയെടുത്ത ആൾ മരണപ്പെട്ടാൽ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വായ്പ നൽകിയ സ്ഥാപനങ്ങളെ രേഖാമൂലം അറിയിക്കേണ്ടതാണ്. ഇത് പലിശയും പിഴയും നിര്‍ത്താന്‍, ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍, ഇന്‍ഷുറന്‍സ് ക്ലെയിം നടപടി ആരംഭിക്കാന്‍, നിയമപരമായ നടപടികള്‍ തുടങ്ങാനെല്ലാം സഹായിക്കും.