
ദുബായ്: മാധ്യമ രംഗത്ത് പുതിയ സ്വാധീന ശക്തിയായി വളരുന്ന ന്യൂസ് മലയാളത്തിന് ദുബായില്‍ ആദരം നൽകി കേരള വിഷൻ ന്യൂസിൻ്റെ ഇൻ്റർനാഷണൽ ബിസിനസ് കോൺക്ലേവ്. കേരള വിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ന്യൂസ് തമിഴ് 24X7, ന്യൂസ് മലയാളം 24X7 പ്രൈവറ്റ് ലിമിറ്റഡ് എന്നീ മാധ്യമ സ്ഥാപനങ്ങളുടെ ചെയർമാനായ പി. സകിലനെ ആദരിച്ചു.
'ബെസ്റ്റ് എൻ്റർപ്രണർഷിപ്പ് ഇൻ മീഡിയ ഇൻഡസ്ട്രി പുരസ്കാരം' സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. സകിലൻ പത്മനാഭൻ്റെ നേതൃത്വത്തിൽ മാധ്യമ മേഖലയ്ക്ക് നൽകിവരുന്ന അചഞ്ചലമായ സമർപ്പണത്തിനും മികച്ച സംഭാവനകളുടെയും പേരിലുമാണ് ഈ ആദരം. സകിലൻ പത്മനാഭൻ നിലവിൽ തമിഴക കേബിൾ ടിവി കമ്മ്യൂണിക്കേഷൻ ലിമിറ്റഡിൻ്റെ (ടിസിസിഎൽ) ചെയർമാൻ കൂടിയാണ്.
ഷെയ്ഖ് മഖ്തൂം അബ്ദുള്‍ ഹക്കീം അല്‍ മഖ്തൂം ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇൻർനാഷണൽ ബിസിനസ് കോൺക്ലേവിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ, റിപ്പോര്‍ട്ടര്‍ ടിവി എം.ഡിയും മാനേജിംഗ് എഡിറ്ററുമായ ആൻ്റോ അഗസ്റ്റിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സെപ്തംബർ 20ന് ദുബായിലെ മില്ലേനിയം എയർപോർട്ട് ഹോട്ടലിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
സിഒഎ സംസ്ഥാന പ്രസിഡൻ്റ് പ്രവീണ്‍ മോഹന്‍, കെസിസിഎല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ്, സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, കേരള വിഷന്‍ ന്യൂസ് ചെയര്‍മാന്‍ പി.എസ്. സിബി, കേരള വിഷന്‍ ന്യൂസ് എം.ഡി. പ്രിജേഷ് അച്ചാണ്ടി, സിഡ്‌കോ പ്രസിഡൻ്റ് വിജയകൃഷ്ണന്‍ കെ. തുടങ്ങിയവരും കോണ്‍ക്ലേവില്‍ പങ്കെടുത്തു. വിവിധ കലാ പരിപാടികളും കോണ്‍ക്ലേവിനോട് അനുബന്ധിച്ച് അരങ്ങേറി.