പത്ത് വർഷത്തിലേറെയായി അർബൻ ബാങ്ക് ഭരണസമിതികളിൽ അംഗങ്ങളായി സേവനമനുഷ്ഠിക്കുന്നവരെ നീക്കം ചെയ്യാനൊരുങ്ങി റിസേർവ് ബാങ്ക്. രാജ്യത്തുടനീളമുള്ള എല്ലാ അർബൻ സഹകരണ ബാങ്കുകളിലും 10 വർഷത്തിന് മുകളിലായി അംഗങ്ങളായി തുടരുന്നവരെ നീക്കം ചെയ്യാൻ റിസേർവ് ബാങ്ക് ഓഡിറ്റ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.
റിസർവ് ബാങ്കിൻ്റെ നീക്കത്തിന് പിന്നാലെ കേരളത്തിലെ അർബൻ ബാങ്കുകളിലെ പല ഗവേണിംഗ് ബോഡി അംഗങ്ങൾക്കും അവരുടെ സ്ഥാനം നഷ്ടപ്പെട്ടേക്കും. ബാങ്കിംഗ് റെഗുലേഷൻ ആക്ടിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം, അനുവദനീയമായ പരമാവധി കാലാവധി 10 വർഷമാണ്. അതത് സംസ്ഥാനങ്ങളിലെ നിയമങ്ങൾ അനുസരിച്ചാണ് ഗവേണിംഗ് ബോഡിയുടെ തെരഞ്ഞെടുപ്പ് നടത്തുന്നത്.
കേരളത്തിലെ നിയമപ്രകാരം ഒരു ഗവേണിംഗ് ബോഡി അംഗത്തിന് അഞ്ച് വർഷം വീതമുള്ള രണ്ട് ടേമുകളിലായി സേവനമനുഷ്ഠിക്കാം. എന്നാൽ, ഈ വ്യവസ്ഥ 2024ന് ശേഷമാണ് പ്രാബല്യത്തിൽ വന്നത്. അതിനുമുമ്പ് ഗവേണിംഗ് ബോഡിയിൽ അംഗങ്ങളായവർക്ക് അഞ്ച് വർഷം കൂടി തുടരാം. എന്നാൽ അത്തരമൊരു ഇളവ് അനാവശ്യമാണെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്.
പ്രൊഫഷണൽ യോഗ്യതകളില്ലാത്ത വ്യക്തികൾക്ക് ചെയർപേഴ്‌സൺമാരാകാൻ കഴിയില്ല എന്നതാണ് മറ്റൊരു വ്യവസ്ഥ. കേരളത്തിൽ, മിക്ക അംഗങ്ങളും രാഷ്ട്രീയ നേതാക്കളാണ്. യഥാർഥ അധികാരമില്ലാതെ അവരെ പാർട്ട് ടൈം ചെയർപേഴ്‌സൺമാരായി നിയമിക്കേണ്ടിവരും. വായ്പകളും സമാനമായ കാര്യങ്ങളും സംബന്ധിച്ച തീരുമാനങ്ങളെടുക്കാനുള്ള അധികാരം ആർബിഐ മാനദണ്ഡങ്ങൾക്കനുസൃതമായി നിയമിക്കപ്പെടുന്ന ഒരു മാനേജിംഗ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കണമെന്ന് റിസർവ് ബാങ്ക് അനുശാസിക്കുന്നു.
ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ നിരവധി വ്യവസ്ഥകൾക്കെതിരെ നിയമപരമായ കേസുകൾ നിലവിലുണ്ട്. ഈ കേസുകളെല്ലാം സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയുടെ അധികാരപരിധിയിലേക്ക് മാറ്റി. അന്തിമ വിധി ഇതുവരെ പുറപ്പെടുവിക്കാത്തതിനാലും, നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യാത്തതിനാലുമാണ് കൂടുതൽ നടപടികളുമായി മുന്നോട്ട് പോകാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.