രണ്ട് വർഷം മുൻപ് പിൻവലിച്ച 2000 രൂപയുടെ കോടിക്കണക്കിന് രൂപ മൂല്യമുള്ള നോട്ടുകൾ തിരികെയെത്താനുണ്ടെന്ന് ആർബിഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2,000 രൂപ നോട്ടുകൾ പിൻവലിച്ചുവെന്ന് പ്രഖ്യാപിച്ച് ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷവും, 6,181 കോടി രൂപയുടെ മൂല്യം വരുന്ന നോട്ടുകൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്.
2023 മെയ് 19ന് നോട്ടുകളുടെ പിൻവലിക്കൽ പ്രഖ്യാപിക്കുമ്പോൾ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ, അതിൽ ഇനിയും തിരികെയെത്താനുള്ളത് 6,181 കോടി രൂപയുടെ മൂല്യം വരുന്ന നോട്ടുകളാണ്. 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ 98.26 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ വ്യക്തമാക്കി.
സാധാരണ ബാങ്ക് ശാഖകളില്‍ 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം 2023 ഒക്ടോബര്‍ ഏഴ് വരെയായിരുന്നു. എന്നാൽ 2023 മെയ് 19 മുതൽ റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിൽ 2,000 രൂപ നോട്ടുകൾ മാറ്റി നൽകുന്നതിനുള്ള സൗകര്യം ലഭ്യമാണെന്ന് ആർബിഐ അറിയിച്ചു. ആർബിഐ ഇഷ്യൂ ഓഫീസുകൾ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി 2,000 രൂപ നോട്ടുകൾ സ്വീകരിക്കുന്നുണ്ടെന്ന് ആർബിഐ അറിയിച്ചു. കൂടാതെ, പൊതുജനങ്ങൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും, ആർബിഐ ഇഷ്യൂ ചെയ്യുന്ന ഏതെങ്കിലും ഓഫീസിലേക്ക് ഇന്ത്യ പോസ്റ്റ് വഴി 2000 രൂപ നോട്ടുകൾ അയയ്ക്കുന്നുണ്ട്.
1934ലെ ആർബിഐ നിയമത്തിലെ സെക്ഷൻ 24(1) പ്രകാരമാണ് 2016 നവംബറിൽ 2,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് അവതരിപ്പിച്ചത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായിത്തുടങ്ങിയതോടെ 2,000 രൂപ നോട്ടുകൾ പുറത്തിറക്കിയതിന്റെ ലക്ഷ്യം നിറവേറ്റി. അതിനാലാണ് 2018-19ൽ 2,000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവെച്ചതെന്ന് ആർബിഐ അറിയിച്ചു.