
തുറവൂർ: ആദ്യമായാണ് താൻ ബംപർ ലോട്ടറി എടുത്തതെന്നും അതിൽ 25 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും തുറവൂർ സ്വദേശിയായ ശരത് എസ്. നായർ. തിരുവോണം ബംപർ അടിച്ചപ്പോൾ രണ്ടോ മൂന്നോ തവണ സീരിയൽ നമ്പർ ഉൾപ്പെടെ വച്ച് പരിശോധിച്ചെന്നും കൺഫർമേഷൻ ലഭിച്ച ശേഷമാണ് വിശ്വസിച്ചതെന്നും അദ്ദേഹം ബാങ്കിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ടിക്കറ്റ് തുറവൂർ എസ്ബിഐ ബ്രാഞ്ചിലാണ് നൽകിയത്.
"അനൗൺസ് ആയപ്പോൾ ഫോണിൽ ഫോട്ടോ എടുത്ത് നോക്കി. കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. വീട്ടിലൊക്കെ പോയി നമ്പർ ഒരു മൂന്ന് പ്രാവശ്യം പരിശോധിച്ച ശേഷമാണ് നമ്പർ ഉറപ്പിക്കാൻ പറ്റിയത്. ആദ്യം സഹോദരനോടാണ് വിവരം പറഞ്ഞത്," ശരത് പറഞ്ഞു.
"വീട്ടിൽ എല്ലാവരും ഹാപ്പിയാണ്. വീട്ടിൽ അച്ഛനും അമ്മയും അനിയനും വൈഫും കുട്ടിയുമുണ്ട്. അവധി കഴിഞ്ഞ് ബാങ്ക് തുറന്ന ശേഷം പോകാമെന്നാണ് വിചാരിച്ചത്. 12 വർഷത്തോളമായി നെട്ടൂരിലാണ് ജോലി ചെയ്യുന്നത്. എല്ലാ കാര്യങ്ങളും പിന്നീട് ആലോചിച്ച് ചെയ്യാമെന്നാണ് വിചാരിക്കുന്നത്," ശരത് മാധ്യമങ്ങളോട് മനസ് തുറന്നു.