യാത്രക്കാരന് ടിക്കറ്റ് തെറ്റായി നൽകി; സ്‌പൈസ്ജെറ്റ് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

എയർലൈൻസിൻ്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവിനെ തുടർന്ന് യാത്രക്കാരന് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു
Spicejet
സ്പൈസ്ജെറ്റ്Source: ANI
Published on

യാത്രക്കാരന് തെറ്റായ ടിക്കറ്റ് നൽകിയതിന് വിമാനക്കമ്പനിയായ സ്‌പൈസ്ജെറ്റ് 25,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. 2020ൽ സ്‌പൈസ്ജെറ്റ് തെറ്റായ ടിക്കറ്റ് നൽകിയതിനെ തുടർന്ന് ഒരു യാത്രക്കാരന് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു. ഇതിന് പരിഹാരമായി യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ എയർലൈനിനോട് കമ്മീഷൻ ഉത്തരവിട്ടു. ജൂൺ 17ന് മുംബൈ (സബർബൻ) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

യാത്രക്കാരന് മാനസിക പീഡനം ഉണ്ടാക്കിയ ഈ പിഴവ് സേവനത്തിലെ പോരായ്മയും അശ്രദ്ധമായ പെരുമാറ്റവും ചൂണ്ടിക്കാണിക്കുന്നുവെന്നും കമ്മീഷൻ നിരീക്ഷിച്ചു. മോശം കാലാവസ്ഥ കാരണം ആദ്യ വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരന്റെ അടിയന്തര ആവശ്യം കണക്കിലെടുത്ത്, എയ‍ർലൈൻ മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്ത് നൽകുകയായിരുന്നു. എന്നാൽ, ആ ടിക്കറ്റിലാണ് തെറ്റ് സംഭവിച്ചത്. വിമാനം റദ്ദാക്കിയത് എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമാണെന്ന് കമ്മീഷൻ സമ്മതിച്ചു, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് എയർ ട്രാഫിക് കൺട്രോൾ (എടിസി) തീരുമാനമെടുത്തത്. പരാതിക്കാരന് ഒരു ബദൽ ടിക്കറ്റ് നൽകുന്നതിന് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് എയ‍ർലൈൻ ചൂണ്ടിക്കാട്ടി. എന്നാൽ, നൽകിയ ടിക്കറ്റ് തെറ്റായിരുന്നത് വഴി പരാതിക്കാരന് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുണ്ടായി എന്ന് എയർലൈൻ പറയുന്നു.

Spicejet
ഭവന വായ്പ എടുത്തവരാണോ? ഇനി ഇഎംഐ കുറയും; പലിശ നിരക്ക് താഴ്ത്തി ഏഴ് ബാങ്കുകള്‍

പരാതിക്കാരൻ്റെ ഭാ​ഗത്തും വീഴ്ചയുണ്ടായതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. ടിക്കറ്റ് നൽകിയപ്പോൾ പരാതിക്കാരൻ അത് പരിശോധിച്ചിരുന്നെങ്കിൽ, തെറ്റ് അപ്പോൾ തന്നെ തിരുത്താമായിരുന്നു. കൂടാതെ പരാതിക്കാരന് കൂടുതൽ ബുദ്ധിമുട്ടില്ലാതിരിക്കുമായിരുന്നുവെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു.

2020 ഡിസംബർ അഞ്ചിന് പരാതിക്കാരൻ മുംബൈയിൽ നിന്ന് ദർഭംഗയിലേക്കുള്ള സ്‌പൈസ്ജെറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു, രണ്ട് ദിവസത്തിന് ശേഷം മടക്കയാത്രയ്ക്കും ബുക്ക് ചെയ്തു. മുംബൈയിൽ നിന്ന് ദർഭംഗയിലേക്കുള്ള യാത്ര പൂർത്തിയായെങ്കിലും മോശം കാലാവസ്ഥ കാരണം മടക്കയാത്രയ്ക്കുള്ള വിമാനം റദ്ദാക്കി.

2020 ഡിസംബർ എട്ടിന് മുംബൈയിൽ പിഎച്ച്ഡി പരീക്ഷ എഴുതേണ്ടതിനാൽ, ഒരു ബദൽ ക്രമീകരണം ചെയ്തുതരണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. തുടർന്ന് സ്പൈസ്ജെറ്റ് പട്നയിൽ നിന്ന് കൊൽക്കത്തയിലേക്കും തുടർന്ന് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്കും യാത്ര ചെയ്യാൻ അതേ ദിവസം തന്നെ ഒരു ബദൽ ടിക്കറ്റ് നൽകി. എന്നാൽ, പട്നയിലെത്തിയപ്പോൾ, കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റ് കൊൽക്കത്തയിൽ എത്തുന്നതിന് മുമ്പ് പുറപ്പെടേണ്ടതായിരുന്നുവെന്ന് വിമാനത്താവള അധികൃതർ അദ്ദേഹത്തെ അറിയിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഈ പിഴവ് പരാതിക്കാരനെ പിറ്റേന്ന് രാവിലെ സ്വന്തം ചെലവിൽ മറ്റൊരു വിമാനം ബുക്ക് ചെയ്യാൻ നിർബന്ധിതനാക്കി, ഇത് കാര്യമായ ബുദ്ധിമുട്ടും മാനസിക വേദനയും സാമ്പത്തിക നഷ്ടവും വരുത്തിവച്ചുവെന്നും പരാതിയിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com