
തിങ്കളാഴ്ചത്തെ വൻ വിപണി തകർച്ചയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കുതിച്ചുയർന്ന് സെൻസെക്സും നിഫ്റ്റിയും. ബിഎസ്ഇ സെൻസെക്‌സ് 1,092.68 പോയിൻ്റ് ഉയർന്ന് 79,852.08ലും നിഫ്റ്റി 327 പോയിൻ്റ് ഉയർന്ന് 24,382.60ലും എത്തി. ഇന്ത്യൻ ഓഹരി വിപണിയിലെ സേഫ് സോണിലുള്ള നിക്ഷേപകർക്ക് വീണ്ടും പ്രതീക്ഷകൾ നൽകുകയാണ് ഈ കുതിപ്പ്.
സെൻസെക്സിൽ നിക്ഷേപമുള്ള ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഐടി, മീഡിയ, മെറ്റൽ, ഫാർമ, പിഎസ്‌യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി, ഹെൽത്ത് കെയർ തുടങ്ങിയ മേഖലാ സ്റ്റോക്കുകളും ലാഭമുണ്ടാക്കി. ജാപ്പനീസ്, കൊറിയൻ വിപണികളിലും കുതിച്ചുചാട്ടം കാണപ്പെട്ടു. ജപ്പാൻ്റെ 'നിക്കി 225' 10.5 ശതമാനവും, ദക്ഷിണ കൊറിയയുടെ കോസ്പി നാല് ശതമാനവും ഉയർന്നു.
“കഴിഞ്ഞ ദിവസത്തെ വിടവ് നികത്തി കൊണ്ടായിരുന്നു സെൻസെക്സ് വിപണി ഇന്ന് ആരംഭിച്ചത്. നിക്കി സൂചികയിൽ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. ജാപ്പനീസ് വിപണി 10 ശതമാനത്തോളം ഉയർന്നു. ഇത്തരത്തിൽ വിപണിയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവരുന്നത് ആളുകൾക്ക് ആത്മവിശ്വാസമുണ്ടാക്കുന്നു." വിപണി വിദഗ്ധൻ സുനിൽ ഷാ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഇന്ത്യൻ രൂപയും എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ നിന്ന് കരകയറിയിരിക്കുകയാണ്. യുഎസ് ഡോളറിനെതിരെ 25 പൈസ ഉയർന്ന് 83.84 എന്ന നിലയിലാണ് മോണിംഗ് ട്രേഡ് ആരംഭിച്ചത്. ഇത് പ്രതിഫലിപ്പിക്കുന്നത് ആഭ്യന്തര ഓഹരി വിപണിയിലെ ഉയർച്ചയെയാണ്.
തിങ്കളാഴ്ച സ്റ്റോക്ക് മാർക്കറ്റുകളുടെ തകർച്ചയോടെ, യുഎസ് ഡോളറിനെ അപേക്ഷിച്ചുള്ള ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 83.80ൽ എത്തിയിരുന്നു. ജപ്പാൻ്റെ നിക്കി 225 ഓഹരി സൂചിക ഇന്നലെ തുടക്കത്തിൽ തന്നെ 8.1 ശതമാനം വരെ താഴ്ന്നിരുന്നു. ദക്ഷിണ കൊറിയയുടെ കോസ്‌പി 4.7 ശതമാനവും, ഓസ്‌ട്രേലിയയുടെ എഎസ്എക്‌സ് 200 മൂന്ന് ശതമാനവും, ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് ഒരു ശതമാനവും ഇടിഞ്ഞു. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയാണോ എന്ന ഭീതിക്ക് ഇത് വഴിവെച്ചു. പിന്നാലെ വിപണിയില്‍ വലിയ തോതില്‍ ഷെയറുകള്‍ വിറ്റഴിച്ചിരുന്നു.