ഷെയ്ഖ് ഹസീനയുടെ രാജി; ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരം അനിശ്ചിതത്വത്തിലോ?

ഇന്ത്യയുടെ 25ാമത്തെ വലിയ വ്യാപാര പങ്കാളിയായ ബംഗ്ലാദേശുമായി പ്രതിവർഷം ഏകദേശം 12.9 ബില്യൺ ഡോളർ രൂപയുടെ വ്യാപാരമാണ് നടന്നിരുന്നത്
ഷെയ്ഖ് ഹസീനയുടെ രാജി; ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരം അനിശ്ചിതത്വത്തിലോ?
Published on

ബംഗ്ലാദേശ് ആഭ്യന്തരകലാപം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ-ബംഗ്ലാദേശ് വ്യപാരം അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. രാജ്യവ്യാപക പ്രതിഷേധങ്ങളെയും കൂട്ടക്കുരുതികളെയും തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇതോടെ രാജ്യത്ത് അവശ്യ സേവനങ്ങൾ ഒഴികെയുള്ള വ്യാപാരങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളികൂടിയായ ബംഗ്ലാദേശിലെ അരക്ഷിതാവസ്ഥ  രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം.

ഇന്ത്യയുടെ 25ാമത്തെ വലിയ വ്യാപാര പങ്കാളിയായ ബംഗ്ലാദേശുമായി പ്രതിവർഷം ഏകദേശം 12.9 ബില്യൺ ഡോളർ രൂപയുടെ വ്യാപാരമാണ് നടന്നിരുന്നത്. ഇന്ത്യയുടെ എട്ടാമത്തെ വലിയ കയറ്റുമതി പങ്കാളികൂടിയാണ് ബംഗ്ലാദേശ്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കൊപ്പം ഇന്ത്യൻ വാഹന കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനവും ധാക്ക തന്നെ. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ധാക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞുവരികയാണ്. 2024 സാമ്പത്തിക വർഷത്തിൽ ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 11 ബില്യൺ ഡോളറായി ചുരുങ്ങി. മാസങ്ങൾകൊണ്ട് സംഭവിച്ചത് 9.5 ശതമാനം ഇടിവാണ്.

പ്രക്ഷോഭങ്ങൾക്കൊപ്പം തന്നെ ഡോളറിൻ്റെ ദൗർലഭ്യം, ഉയർന്ന പണപെരുപ്പം, ഗോതമ്പ്, ചില തരം അരി തുടങ്ങിയ അവശ്യവസ്തുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ പോലുള്ള മറ്റ് ഘടകങ്ങളും ബംഗ്ലാദേശിലേക്കുള്ള കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. അയൽരാജ്യത്ത് തുടരുന്ന ഈ രാഷ്ട്രീയ അശാന്തി നിക്ഷേപകർക്ക് അപകടസാധ്യത സൃഷ്ടിക്കുകയും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്കിന് കാരണമാവുകയും ചെയ്യുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇൻ്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് (ICRIER) പ്രൊഫസർ അർപിത മുഖർജി പറയുന്നു.

ഉള്ളി, മറ്റ് കാർഷിക ഉൽപന്നങ്ങൾ, വൈദ്യുതി പോലുള്ള ഉത്പന്നങ്ങളുടെ കയറ്റുമതി ബംഗ്ലാദേശിലെ ജനങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും നിർണായകമായതിനാൽ തന്നെ പ്രക്ഷോഭം ഇവയെ കാര്യമായി ബാധിച്ചേക്കില്ലെന്നാണ് ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) പറയുന്നത്. സമീപ വർഷങ്ങളിലായി ബംഗ്ലാദേശ് നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബംഗ്ലാദേശ് കടുത്ത ഡോളർ ക്ഷാമം നേരിടുന്നുണ്ട്. ഇത് ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള ചരക്കുകളുടെ ഇറക്കുമതി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ബംഗ്ലാദേശിൽ വർധിച്ചുവരുന്ന പണപെരുപ്പം, ആഭ്യന്തര ഡിമാൻഡും കുറച്ചിട്ടുണ്ട്. ഇത് പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ ഇടയാക്കിയെന്നും ജിടിആർഐ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com