
തിരുവനന്തപുരം: 25 കോടിയുടെ തിരുവോണം ബംപർ ലോട്ടറി നേടുന്ന ആ ഭാഗ്യവാൻ ആരാകുമെന്ന് ഇന്നറിയാം. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് കേരളക്കര കാത്തിരിക്കുന്ന കോടീശ്വരനെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുക്കുക.
കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിലും ജിഎസ്‌ടി മാറ്റവുമായി ബന്ധപ്പെട്ടും, ഏജൻ്റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യര്‍ഥനയും പരിഗണിച്ച് ഈ മാസം നാലിലേക്ക് മാറ്റിയിരുന്നു.
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഈ ജില്ലയിൽ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ 9,37,400 ടിക്കറ്റുകളും, മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വിൽപ്പന നടന്നു.
ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഒരു ഭാഗ്യശാലിക്ക് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും, നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പേർക്കും, അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പേർക്കും ലഭിക്കും. കൂടാതെ 5000 മുതല്‍ 500 രൂപ വരെ സമ്മാനമായി ലഭിക്കും.
പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനവും ഇന്ന് നടക്കും. പൂജാ ബമ്പര്‍ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും ഉണ്ട്.