തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സിഗ്നേച്ചർ ഫിലിം ഔദ്യോഗികമായി പുറത്തിറക്കി. സ്റ്റുഡിയോ ഇക്സോറസ് ആണ് മേളയുടെ 30ാമത് പതിപ്പിന്റെ സിഗ്നേച്ചർ ഫിലിം നിർമിച്ചിരിക്കുന്നത്. 'സിനിമ മെറ്റാമോർഫോസിസ്' എന്നതാണ് പ്രമേയം.
മനുഷ്യരിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള സിനിമയുടെ കഴിവിനെ പ്രതിഫലിപ്പിക്കാനാണ് സിഗ്നേച്ചർ ഫിലിമിലൂടെ ശ്രമിക്കുന്നത്. വെളിച്ചം കടക്കാത്ത ഗർദത്തിൽ വിഹരിക്കുന്ന കുഴിയാനകളെ, സിനിമയുടെ വെളിച്ചം വിശാലമായ ലോകത്തേക്ക് ഉയർത്തിക്കൊണ്ട് പോകുന്നതും തുമ്പികളായി മാറ്റുന്നതും ഈ ഹ്രസ്വ ചിത്രത്തിൽ കാണാം. ഐഎഫ്എഫ്കെയുടെ ഐക്കോണിക് 'തോൽപ്പാവ' ഈ പരിവർത്തനത്തിന്റെ മോട്ടിഫ് ആയി ഇവിടെ പ്രത്യക്ഷപ്പെടുന്നു. 44 സെക്കൻഡ് ആണ് സിഗ്നേച്ചർ ഫിലിമിന്റെ ദൈർഘ്യം.
അതേസമയം, ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും.
പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.