

'നിൻ്റെ പേര് തെന്നല്‍ ആണെങ്കില്‍ ചേച്ചീൻ്റെ പേര് മിന്നല്‍ ആയിരിക്ക്വല്ലോ' അപ്പം ചേച്ചി പറഞ്ഞു, അല്ല, എൻ്റെ പേര് തേജസ്വിനി ആണ്. ഒരു ഒന്നാം ക്ലാസുകാരി തൻ്റെ പ്രിയപ്പെട്ട മമ്മൂട്ടിയെ കണ്ട സന്തോഷം പങ്കുവെച്ച ഡയറിക്കുറിപ്പിലെ ഒരു ഭാഗമാണിത്. ഒരു 'മമ്മൂട്ടിയനുഭവം'. സന്തോഷം നിറഞ്ഞു തുളുമ്പുന്ന അക്ഷരങ്ങൾ. മമ്മൂട്ടിയെ ആദ്യമായി കണ്ട കൌതുകം.ഒരുപാട് കാലത്തേക്ക് ഓർത്തു വെക്കാനുള്ള നിമിഷങ്ങൾ എല്ലാം ഒന്നാം ക്ലാസുകാരിയുടെ ആ ഡയറിക്കുറിപ്പിലുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.മധുവാണ് തൻ്റെ മകൾ തെന്നലും മമ്മൂട്ടിയുമായുള്ള കണ്ടുമുട്ടലും ആ ഡയറിക്കുറിപ്പും സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
കെ.വി മധുവിൻ്റെ ഫെയ്സ്ബു്ക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
ഇന്ന് ഞാനും അച്ഛനും ചേച്ചിയും അമ്മയും മമ്മൂക്കയെ കാണാന്‍ പോയി. ഞാനും മമ്മൂക്കയും ഒരുഫോട്ടോ എടുത്തു. എനിക്ക് സന്തോഷം ആയി. നമ്മള്‍ എല്ലാവരും ഒരുഫോട്ടോ എടുത്തു എനിക്ക് ഇത് മറക്കാന്‍ പറ്റില്ല. മമ്മൂക്ക ചോയിച്ചു, നിന്റെ പേര് തെന്നല്‍ ആണെങ്കില്‍ ചേച്ചീന്റെ പേര് മിന്നല്‍ ആയിരിക്ക്വല്ലോ. അപ്പം ചേച്ചി പറഞ്ഞു, അല്ല, എന്റെ പേര് തേജസ്വിനി ആണ്...''
2025 നവംബര്‍ 1 ലെ തേനൂട്ടിയുടെ ഡയറിക്കുറിപ്പാണ്.
ഒരു മമ്മൂട്ടിയനുഭവം. അവളുടെ സന്തോഷം മുഴുക്കെ ആ ഡയറിക്കുറിപ്പില്‍. എഴുതാന്‍ ഭാഷയിതപൂര്‍ണം എന്ന മട്ടില്‍ ആഹ്ലാദത്തിന്റെ അക്ഷരങ്ങള്‍...
എന്താണ് സംഭവിച്ചത് എന്ന് ഡയറിക്കുറിപ്പില്‍ ഇരുന്ന് കൊണ്ട് ഞാനാലോചിച്ചു.
കയറിച്ചെന്ന ആദ്യം മമ്മൂട്ടി കണ്ട കൗതുകം തേനൂട്ടിയുടെ ഷര്‍ട്ടിലെ ആ വാചകമായിരുന്നു. മൂപ്പരതങ്ങ് ഉറക്കെ വായിച്ചു
''spread joy every where''
അംബേദ്കറുടെ ശബ്ദം ആ മുറിയില്‍ മുഴങ്ങുന്നതായി എനിക്ക് തോന്നി. അത് വായിച്ചിട്ട് പറഞ്ഞു,
'കൊള്ളാലോ ഇങ്ങ് വാ എന്താ പേര്?'
'തെന്നല്‍'
ഉടനെ തേജൂട്ടിയെ നോക്കി,
'അപ്പോ ഇയാളുടെ പേരെന്താ മിന്നലോ..'
ഇതുവരെ ആരും പറയാത്തൊരു കൗണ്ടര്‍ മറുപടി കേട്ട തേനൂട്ടി ഒരൊറ്റചിരി. നമ്മളാകെ ചിരിച്ചു.
പിന്നെ തേജൂട്ടിയുടെ വക പേര് പറച്ചില്‍
'അല്ല, തേജസ്വിനി...'
'എത്രാംക്ലാസിലാ'
'ഏഴില്‍'
'അപ്പോ തെന്നലോ'
'ഒന്നില്‍'
'അയ്യോ, ഒന്നിലെത്തിയതേ ഉള്ളൂല്ലേ'
(പാവന്നെ, ഇനിയെത്ര പഠിക്കണം എന്ന ഭാവത്തില്‍)
'ഏത് സ്‌കൂളിലാ?'
'ജിഎല്‍പിഎസ് മഞ്ചംപാറ'
എന്നിട്ട് ഇങ്ങ് വാ എന്ന് പറഞ്ഞ് തേനൂട്ടിയെ ചേര്‍ത്ത് നിര്‍ത്തി.
അത്ര അടുപ്പമൊന്നുമില്ലാത്ത ഒരുകുട്ടിയെ നിമിഷനേരം കൊണ്ട് അടുപ്പിച്ച മാന്ത്രികത. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് അവളും സിങ്കായി. ചോദ്യങ്ങള്‍ക്കെല്ലാമുത്തരം. കണ്ടുനിന്ന നമ്മളെ അല്‍ഭുതപ്പെടുത്തുന്ന സംവേദനം.
അവളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ കണ്ടിട്ട്, ഫോട്ടോയെടുക്കാന്‍ മൊബൈലൊക്കെ കൈയിലുണ്ടല്ലോ എന്നൊരു കമന്റും.
എന്നിട്ട് മമ്മൂക്ക ആന്റോ ജോസഫിനെ നോക്കി പറഞ്ഞു,
'ഞങ്ങളൊരുമിച്ചൊരു ഫോട്ടോയെടുക്കണം' എന്ന്.
ഉടനെ മൊബൈലെടുത്ത് ഫോട്ടോയെടുക്കാന്‍ തുടങ്ങിയ ആന്റോ ജോസഫിനും പ്രശംസ. സന്തോഷം പ്രസരിക്കുന്ന, അന്തരീക്ഷത്തിൽ ആഹ്ലാദിപ്പിച്ച സന്ദർഭത്തിൻ്റെ ക്ലിക്കുകൾ...
'ആന്റോ ഇപ്പോ നല്ല ഒരു ഫോട്ടോഗ്രാഫറ് കൂടിയായി'.
പിന്നെ, തേനൂട്ടിയെ ചേര്‍ത്ത് നിര്‍ത്തിയൊരു ഫോട്ടോ..
ചെറിയൊരു സന്ദര്‍ഭത്തില്‍
ഒരുജന്മം ഓര്‍ത്തുവെക്കാനുള്ള നിമിഷങ്ങള്‍ സൃഷ്ടിച്ച മനുഷ്യന്‍.
പിന്നെയും കുറേ നിമിഷങ്ങള്‍..
ഒടുവില്‍ മടങ്ങുമ്പോള്‍ തേനൂട്ടിയുടെ ടീഷര്‍ട്ടിലെഴുതിയതുറക്കെ വായിച്ച ആ ശബ്ദം ഒരശരീരി പോലെ അംബേദ്കറുടെ സ്വരത്തില്‍ എന്റെ ഉള്ളില്‍ പ്രതിധ്വനികളായി ആവര്‍ത്തിച്ചുമുഴങ്ങി,
spread joy every wher..
ഇത്രസാധാരണമായി പെരുമാറാന്‍ കഴിയുന്നതെങ്ങനെയെന്ന് അതിശയം മാറാതെ സൗമ്യ എന്നോട് ചോദിച്ചു.
'അച്ഛാ ഇന്ന് ഞാന്‍ നെറച്ചും ഡയറി എഴുതും' എന്ന ആഹ്ലാദമായിരുന്നു തേനൂട്ടിക്ക്. തീരാത്ത സന്തോഷത്തിന്റെ തുടര്‍ച്ചയില്‍ രാത്രി അവള്‍ വളരെ പെട്ടെന്ന് ഡയറി എഴുതി.
ആ ഡയറിക്കുറിപ്പാണ് തുടക്കത്തിലെഴുതിയത്
''ഇന്ന് ഞാനും അച്ഛനും ചേച്ചിയും അമ്മയും മമ്മൂക്കയെ കാണാന്‍ പോയി. ഞാനും മമ്മൂക്കയും ഒരുഫോട്ടോ എടുത്തു. എനിക്ക് സന്തോഷം ആയി. നമ്മള്‍ എല്ലാവരും ഒരുഫോട്ടോ എടുത്തു എനിക്ക് ഇത് മറക്കാന്‍ പറ്റില്ല. മമ്മൂക്ക ചോയിച്ചു, നിന്റെ പേര് തെന്നല്‍ ആണെങ്കില്‍ ചേച്ചീന്റെ പേര് മിന്നല്‍ ആയിരിക്ക്വല്ലോ. അപ്പം ചേച്ചി പറഞ്ഞു, അല്ല, എന്റെ പേര് തേജസ്വിനി ആണ്...''
''today we went to hayath hotel and meet mammookka. I am so happy. today was un forgettable day. bye...''
ഡയറിക്കുറിപ്പില്‍ ഇനിയും ബാക്കിയായ ജോയ് ഓടിക്കളിക്കുന്നു
ആ ശബ്ദം ഡയറിയില്‍ നിന്നും മുഴങ്ങിയതുപോലെ
സ്‌പ്രെഡ് ജോയ് എവരി വേര്‍...
ഞങ്ങളുടെ മനസ്സിലും നിറഞ്ഞാടുന്ന ആഹ്ലാദം,
അപ്പോ അപ്പുറത്ത് തേജൂട്ടിയുടെ ഡയറിയില്‍ സന്തോഷക്കണ്ണീരിന്റെ കഥയും. അത് വേറെ കഥയാണ്..
spread joy every where എന്ന മമ്മൂട്ടിക്കഥ. അത് പിന്നെ പറയാം.