ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലത്തെപ്പറ്റി മനസുതുറന്ന് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ താൻ മദ്യപാനത്തിൽ അഭയം പ്രാപിച്ചിരുന്നതായി നടൻ വെളിപ്പെടുത്തി. ആ സമയത്ത് എല്ലാ ദിവസവും രാത്രി ഒരു ഫുൾ ബോട്ടിൽ മദ്യം കഴിക്കുമായിരുന്നു എന്നാണ് ആമിർ പറയുന്നത്.
ഡായിലോഗ് വിത്ത് ബരുൺ ദാസ്ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു ആമിർ ഖാൻ. വിവാഹമോചിതനായ ശേഷം ഒന്നര വർഷത്തോളം താൻ അമിതമായി മദ്യപിച്ചിരുന്നതായാണ് നടൻ പറയുന്നത്.
"റീനയുമായി ഡിവോഴ്സ് ആകുന്നത് വരെ ഞാൻ ടീറ്റോട്ടലർ ആയിരുന്നു. അവർ കുട്ടികളുമായി പോയ ആദ്യ ദിവസം ഞാൻ വീട്ടിൽ ഒറ്റയ്ക്കായി പോയി. ആ സമയത്തെ വികാരങ്ങൾ നിയന്ത്രിക്കാൻ എനിക്ക് പറ്റിയില്ല. ഞാൻ അതുവരെ മദ്യപിച്ചിട്ടില്ല. ചില സീനുകൾക്ക് വേണ്ടി ഒന്നോ രണ്ടോ പ്രാവശ്യം മദ്യപിച്ചിട്ടുണ്ട്. അതും ആ സീനിൽ മദ്യപിക്കണം എന്നുണ്ടായിരുന്നത് കൊണ്ട് മാത്രം. പക്ഷേ ആ രാത്രി...വീട്ടിൽ അതിഥികൾക്കായി മദ്യം കരുതിയിരുന്നു. ഞാൻ അത് കുടിക്കാൻ തുടങ്ങി. പിന്നങ്ങോട്ട് ഒന്നര കൊല്ലം എല്ലാ രാത്രിയും ഞാൻ ഒരു കുപ്പി വീതം കുടിച്ചിരുന്നു. ടീറ്റോട്ടലർ ആയിരുന്ന ഒരാൾ എല്ലാ രാത്രിയിലും ഒരു കുപ്പി വീതം കുടിക്കുക എന്നത് ഭീകരമാണ്," ആമിർ പറഞ്ഞു.
ഇതാദ്യമായല്ല , റീനയുമായുള്ള വേർപിരിയലുണ്ടാക്കിയ ആഘാതത്തെപ്പറ്റി ആമിർ ഖാൻ സംസാരിക്കുന്നത്. മുൻപ് കോഫി വിത്ത് കരൺ എന്ന ഷോയിലും തങ്ങളുടെ ബന്ധത്തെപ്പറ്റി നടൻ വൈകാരികമായി സംസാരിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷവും റീനയുമായി താൻ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ആമിർ അന്ന് പറഞ്ഞത്.
ആമിർ ഖാൻ താരപദവിയിലേക്ക് ഉയരുന്നതിനും മുൻപ് തുടങ്ങിയതായിരുന്നു റീനയുമായുള്ള ബന്ധം. ഇരുവരും അയൽവാസികളായിരുന്നു. 1986ലാണ് ഇവർ വിവാഹിതരായത്. ആമിറിന്റെ അരങ്ങേറ്റ ചിത്രമായ 'ഖയാമത്ത് സേ ഖയാമത്ത് തക്' എന്ന സിനിമയിൽ റീന ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
2002ലാണ് ആമിറും റീന ദത്തയും വേർപിരിഞ്ഞത്. റീനയുമായുള്ള വിവാഹത്തിൽ ആമിറിന് ജുനൈദ്, ഇറാ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പിന്നീട് 2005ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021ൽ ഇരുവരും വേർപിരിഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ തന്റെ 60ാം ജന്മദിനത്തിൽ, ആമിർ തന്റെ കാമുകി ഗൗരി സ്പ്രാറ്റിനെ മുംബൈയിൽ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയിരുന്നു.