

കൊച്ചി: വിജയ് ചിത്രം 'ജന നായകൻ' സിനിമയുടെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി കഴിഞ്ഞ ദിവസമാണ് നിർമാതാക്കൾ അറിയിച്ചത്. ജനുവരി ഒൻപതിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി, റിലീസ് നിശ്ചയിച്ചിരുന്ന ദിവസം തന്നെ വിധി പറയാൻ മാറ്റിയ സാഹചര്യത്തിലായിരുന്നു തീരുമാനം. നിർമാതാക്കൾ ആവശ്യപ്പെട്ടതുപോലെ സെൻസർ ബോർഡിന്റെ പുനഃപരിശോധന കോടതി തടയുമോ അതോ റിവിഷൻ കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നത് വരെ റിലീസ് നീട്ടിവയ്‌ക്കാൻ ആവശ്യപ്പെടുമോ എന്നത് ജനുവരി ഒൻപതിന് മാത്രമേ വ്യക്തമാകൂ. സിനിമയുടെ റിലീസ് വൈകുന്നതിൽ ആരാധകർ നിരാശയിലായിരിക്കെ, നടൻ രവി മോഹൻ വിജയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.
"ഹൃദയം തകർന്നിരിക്കുകയാണ് വിജയ് അണ്ണാ... ഒരു സഹോദരനെന്ന നിലയിൽ, അങ്ങയുടെ ഒപ്പമുള്ള ദശലക്ഷക്കണക്കിന് സഹോദരന്മാരിൽ ഒരാളായി ഞാനും നിൽക്കുന്നു. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല... അങ്ങാണ് ഓപ്പണിങ്. ആ തീയതി എപ്പോഴാണോ... അപ്പോഴായിരിക്കും പൊങ്കൽ തുടങ്ങുന്നത്," എന്നാണ് രവി മോഹൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
മൂന്ന് ദിവസം മുൻപ് 'ജന നായകൻ' ട്രെയ്‌ലറിനെ പ്രശംസിച്ച് രവി മോഹൻ രംഗത്തെത്തിയിരുന്നു. "വിജയ് അണ്ണാ, നിങ്ങൾ എനിക്ക് നേരത്തെ തന്നെ വിജയിച്ചു കഴിഞ്ഞു," എന്നാണ് നടൻ കുറിച്ചത്.
രവി മോഹൻ വില്ലനായി വേഷമിടുന്ന ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' ജനുവരി 10ന് റിലീസ് ചെയ്യാനിരിക്കുകയാണ്. സുധ കൊങ്കരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. 'ജന നായകൻ' മാറ്റിവയ്ക്കുന്നതുവരെ, ഈ രണ്ട് സിനിമകളും തമ്മിലുള്ള ബോക്സ് ഓഫീസ് ക്ലാഷായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. 1960കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം പശ്ചാത്തലമാക്കിയാണ് 'പരാശക്തി' ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ 25-ാമത്തെ ചിത്രവും ജി.വി. പ്രകാശ് സംഗീതം നൽകുന്ന 100ാമത്തെ സിനിമയുമാണിത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായക'നിൽ വിജയ്‌ക്ക് പുറമേ മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, പ്രകാശ് രാജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിജയ്‌യുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിനുള്ളത്.