
നടന്‍ സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ 15 വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ കൈത്താങ്ങായത് 6700-ലധികം വിദ്യാര്‍ഥികള്‍ക്കാണ്. നിരവധി സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അഗരം ചിറകുനല്‍കി. അന്ന് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന 51 വിദ്യാര്‍ഥികള്‍ ഇന്ന് ഡോക്ടര്‍മാരാണ്, 1800-ലേറെ പേര്‍ എഞ്ചിനീയര്‍മാരാണ്. അഗരത്തിലൂടെ പഠനം പൂര്‍ത്തിയാക്കി ജോലി നേടിയ 60 ശതമാനത്തോളം പേരും പെണ്‍കുട്ടികളാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
'പതിനഞ്ച് വര്‍ഷം മുന്‍പ് 160 കുട്ടികളുമായി ആരംഭിച്ച ഈ യാത്ര, ഇന്ന് 6000 വിദ്യാര്‍ഥികളിലേക്ക് എത്തിനില്‍ക്കുന്നു. തന്റെ 35-ാം വയസിലാണ് അഗരത്തിന് തുടക്കം കുറിച്ചത്. എന്നാല്‍, ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികളാണ്. ഇങ്ങനെയൊരു ശൃംഘല വരണമെന്നാണ് ആഗ്രഹിച്ചത്. അത് മനോഹരമായി ഇപ്പോള്‍ മുന്നോട്ടുപോകുന്നു,' നടന്‍ സൂര്യ പറഞ്ഞു.
സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ വഴി പഠനം പൂര്‍ത്തിയാക്കിയ 51 വിദ്യാര്‍ഥികള്‍ ഇന്ന് ഡോക്ടര്‍മാരാണ്. ഈ 51 ഡോക്ടര്‍മാരും തമിഴ്‌നാട്ടിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബങ്ങളില്‍ നിന്നും ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടിയവര്‍. 1800-ഓളം പേര്‍ എന്‍ജിനീയര്‍മാരായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.
അഗരത്തിലൂടെ മികച്ച വിദ്യാഭ്യാസം നേടി ജോലി കണ്ടെത്തിയവരെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആദരിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കി ഉന്നത ഉദ്യോഗങ്ങളില്‍ പ്രവേശിച്ച പൂര്‍വ വിദ്യാര്‍ഥികളുടെ പ്രസംഗമായിരുന്നു ചടങ്ങിലെ പ്രധാന ഹൈലൈറ്റ്. ജയപ്രിയ എന്ന പെണ്‍കുട്ടി തന്റെ വിജയകഥ പറഞ്ഞപ്പോള്‍ വേദിയിലിരുന്ന സൂര്യ വികാരാധീനനായി.
2006 സെപ്റ്റംബര്‍ 25നാണ് അഗരം ഫൗണ്ടേഷന്‍ രൂപീകരിച്ചത്. സ്വന്തമായി വിദ്യാഭ്യാസം നേടാന്‍ കഴിയില്ലെന്ന് കരുതിയ പലര്‍ക്കും ഒരു പുതിയ ജീവിതം നല്‍കിയത് അഗരം. ഫൗണ്ടേഷനാണ്.തമിഴ്‌നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് അഗരം ഫൗണ്ടേഷന്റെ പ്രഖ്യാപിത ലക്ഷ്യം.
ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക സഹായവും, മാര്‍ഗ നിര്‍ദ്ദേശവും നല്‍കുന്ന വിദൈ പദ്ധതിയും, മെന്റര്‍ഷിപ്പ് പ്രോഗ്രാമുകളും അഗരത്തിന് കീഴില്‍ നടത്തുന്നുണ്ട്. അച്ഛനോ അമ്മയോ ഇല്ലാത്ത കുട്ടികള്‍, സ്വന്തമായി വീടില്ലാത്തവര്‍, അനാഥര്‍ അങ്ങനെ പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവരെ കണ്ടെത്തിയാണ് അഗരം അവര്‍ക്ക് പുതിയൊരു ജീവിതം നല്‍കുന്നത്.
വിദൂര ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ താമസസൗകര്യവും പോഷകസമൃദ്ധമായ ഭക്ഷണവും നല്‍കുന്ന അഗരം ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അധ്യാപന നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയായ 'നമ്മള്‍ പള്ളി' തുടങ്ങിയവയും അഗരം ഫൗണ്ടേഷന്റെ ഭാഗമാണ്. ഐടി മേഖലയിലുള്ളവരും സ്‌കൂള്‍, കോളജ് അധ്യാപകരും അഗരം ഫൌണ്ടേഷനില്‍ വോളന്റിയര്‍മാരായി പാര്‍ടൈം ജോലി ചെയ്യുന്നുണ്ട്. ശമ്പളമില്ലാതെ സൗജന്യമായാണ് ഇവര്‍ അഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്.