കൊച്ചി: തനിക്ക് നേരിട്ട സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകണം എന്ന് തീരുമാനിച്ചതാണ് ജീവിതത്തിൽ താനെടുത്ത മികച്ച തീരുമാനമെന്ന് നടി ഭാവന. തെറ്റ് ചെയ്തിട്ടില്ലാത്ത കാലത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനം. അത് അങ്ങനെ തന്നെയാണ് വേണ്ടതെന്നാണ് വിശ്വസിക്കുന്നതെന്നും അതിന് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് തന്നോട് തന്നെയാണെന്നും ഭാവന പറഞ്ഞു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം.
"എനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടതാണ് ജീവിതത്തിലെടുത്ത ശരിയായ തീരുമാനം. തെറ്റ് ചെയ്തിട്ടില്ലാത്ത കാലത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് ചെയ്തു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മാനസിക സമാധാനവും ഇല്ലാതാവുമായിരുന്നു. സംഭവത്തിന് ശേഷം തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും ഞാൻ മാറി നിൽക്കുകയാണ് ചെയ്യാറ്. ചാനലുകളൊന്നും കാണുമായിരുന്നില്ല. വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും. എന്നാൽ ഇതിൽ അത് ആരാണെന്ന് അറിയാം. പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എത്രത്തോളമാണെന്ന് നമുക്ക് ആലോചിക്കാവുന്നത്.
അതിൽ നമുക്ക് ഒന്നും ചെയ്യാൻ ഇല്ല. നമ്മുടെ നിയന്ത്രണത്തിലല്ല. ഇതിനി സംസാരിക്കരുതെന്ന് പറയാൻ കഴിയില്ല. ആ ബഹളത്തില്‍ നിന്നും മാറി നില്‍ക്കുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുന്നത്. ഞാന്‍ അതാണ് ചെയ്തത്. ഞാൻ മുഴുവനായും മാറി നിൽക്കുകയായിരുന്നു. ഒന്നും അറിയാൻ ഞാൻ ശ്രമിക്കാറില്ല. എന്റെ സമാധാനം ഏത് നിമിഷവും എന്റെ നിയന്ത്രണത്തിൽ നിന്നും പോകും. അതുകൊണ്ട് ആ സമാധാനം നശിപ്പിക്കാൻ തയ്യാറല്ലായിരുന്നു. എന്ത് പ്രശ്നം വന്നാലും പ്രശ്നമില്ല എന്ന് കരുതുന്ന ആളല്ല ഞാൻ. അതുകൊണ്ടാണ് മാറി നിൽക്കുന്നത്.
എന്നെ ഈ യാത്രയിൽ വീഴാതെ പിടിച്ചു നിർത്തിയതിന് ഞാൻ എന്നോട് തന്നെയാണ് കടപ്പെട്ടിരിക്കുന്നത്. എല്ലാവരും നമ്മളെ പിന്തുയ്ക്കാൻ ഉണ്ടാകും. അമ്മയും നവീനും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ പിന്തുണയായി കൂടെയുണ്ട്. പക്ഷെ അവര്‍ക്ക് അത്രയെ ചെയ്യാനാകൂ. നീ വിഷമിക്കരുത്, ഞങ്ങള്‍ കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ അവർക്ക് പറയാനാകൂ. ഞാനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്റെ വേദനകളൊക്കെ ഞാനെടുത്തോളാം എന്ന് പറയാൻ കഴിയില്ല. അതുപോലെ എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. അവർക്ക് എന്നോട് ദയ കാണിക്കാൻ പറ്റും എന്നെ മനസിലാക്കാനും, എനിക്ക് സ്‌പേസ് നല്‍കാനും സാധിക്കും. അതെല്ലാം അവര്‍ തരുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടത് ഞാന്‍ തന്നെയാണ്. അത് എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. അത് പക്ഷെ എളുപ്പമായിരുന്നില്ല", ഭാവന.
ആരൊക്കെ കൂടെയുണ്ടാകും ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടല്ല കേസുമായി മുന്നോട്ട് പോയതെന്നും ഭാവന പറഞ്ഞു. ആ നിമിഷം എടുക്കുന്ന തീരുമാനമാണ്. കൂടെ നിന്നവര്‍ വളരെ ക്ലോസ് ആയവരാണ്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ തന്നെ വികാരഭരിധയാക്കുന്നുണ്ടെന്നും കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നുവെന്നും ഭാവന തുറന്നു പറഞ്ഞു. അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതത്ര ഷോക്കിങ് അല്ല. ഇഷ്ടപ്പെടുന്നവരോടും പിന്തുണയ്ക്കുന്നവരോടുമുള്ള നന്ദി ഒരു വാക്കിൽ പറയാനാകില്ലെന്നും അവർ തന്ന സപ്പോർട്ടാണ് തൻ്റെ ശക്തിയെന്നും ഭാവന കൂട്ടിച്ചേർത്തു.