"ഒരു മമ്മൂട്ടി ചിത്രത്തിനോട് പോലും നോ പറയേണ്ടി വന്നു, നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത് "; മനസ് തുറന്ന് ഭാവന

വിധി വന്നതിന് ശേഷമുള്ള ഒന്നര മാസം താൻ ഒരു സേഫ്റ്റി ബബിളിനുള്ളിൽ ആയിരുന്നുവെന്നും ഭാവന
"ഒരു മമ്മൂട്ടി ചിത്രത്തിനോട് പോലും നോ പറയേണ്ടി വന്നു, നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത് "; മനസ് തുറന്ന് ഭാവന
Published on
Updated on

കൊച്ചി: ജീവിതത്തിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന. ഏറ്റവും പുതിയ ചിത്രമായ അനോമിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസുതുറന്നത്. ഒന്നര മാസക്കാലം വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞെന്നും, നിശബ്ദമായ പോരാട്ടമാണ് നടത്തേണ്ടി വരുന്നതെന്നും നടി പറഞ്ഞു. 2022ൽ ഐഎഫ്എഫ്കെ വേദിയിൽ തനിക്ക് ലഭിച്ച പിന്തുണ വലിയ ആത്മവിശ്വാസമാണ് തന്നതെന്നും വേദിയിൽ കരയാതെ പിടിച്ചു നിന്നെങ്കിലും ബാക്ക് സ്റ്റേജിലെത്തിയതോടെ താൻ പൊട്ടിക്കരഞ്ഞുവെന്നും സംവിധായകൻ കമൽ സാർ അന്ന് ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചുവെന്നും ഭാവന പറഞ്ഞു.

"വിധി വന്നതിന് ശേഷമുള്ള ഒന്നര മാസം ഞാൻ ഒരു സേഫ്റ്റി ബബിളിനുള്ളിൽ ആയിരുന്നു. അതിനെ അങ്ങനെയാണ് ഞാൻ വിളിക്കുന്നത്. പുറത്തുവരാനോ ആളുകളെ കാണാനോ തയ്യാറല്ലായിരുന്നു. എനിക്ക് ആശ്വാസം നൽകുന്ന ഇടങ്ങളിൽ മാത്രമാണ് ഞാൻ നിന്നത്. കുടുംബത്തേയും അടുത്ത സുഹൃത്തുക്കളേയും മാത്രമായിരുന്നു കണ്ടിരുന്നത്. അവര്‍ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു. പല വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ചില ദിവസങ്ങളില്‍ ഓക്കെ ആയിരിക്കും, ചില ദിവസങ്ങളില്‍ ഓക്കെ ആകാന്‍ ശ്രമിക്കുകയായിരിക്കും.

"ഒരു മമ്മൂട്ടി ചിത്രത്തിനോട് പോലും നോ പറയേണ്ടി വന്നു, നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത് "; മനസ് തുറന്ന് ഭാവന
"ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരുപാട് നല്ല ഓർമകൾ"; സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആശംസകൾ നേർന്ന് ഭാവന

ചില ദിവസങ്ങളില്‍ ഓക്കെ ആയിരിക്കില്ല. സമ്മിശ്ര വികാരങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്. എല്ലായ്‌പ്പോഴും സന്തോഷിക്കാന്‍ ശ്രമിക്കുന്നൊരു ദുശീലം എനിക്കുണ്ട്. ചിലപ്പോള്‍ വളരെ ചെറുപ്പത്തില്‍ ഈ മേഖലയിലേക്ക് വന്നതു കൊണ്ടാകാം. എല്ലായ്‌പ്പോഴും ചിരിച്ച്, സന്തോഷത്തോടെ കാണപ്പെടണം എന്നൊരു ചിന്ത മനസിന്റെ അടിത്തട്ടിലുണ്ട്. പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴും കാമറയ്ക്ക് മുമ്പിലെത്തുമ്പോള്‍ സന്തോഷിക്കാന്‍ ഞാന്‍ എക്‌സ്ട്രാ എഫേര്‍ട്ടിടും. എനിക്ക് അത് ചെയ്യാന്‍ ആഗ്രഹമില്ല. പക്ഷെ സ്വാഭാവികമായി സംഭവിക്കുന്നതാണ്.

ഇവിടേക്ക് വരുമ്പോൾ പോലും എനിക്ക് ഉത്കണ്ഠ ഉണ്ടായിരുന്നു. അപ്പോഴൊക്കെയും ഞാൻ എന്നെ ഓക്കെ ആക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവിടെ എത്തിയത് മുതൽ ഞാൻ മുഴുവനായും ബ്ലാങ്കായിപ്പോയി. ചിരിക്കണോ, വേണ്ടയോ, ഞാൻ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ചിന്തിക്കുകയായിരുന്നു. എന്നാൽ എപ്പോഴും ഇങ്ങനെ ആകാൻ കഴിയില്ല എന്നെനിക്ക് അറിയാം. ഇന്നല്ലെങ്കിൽ നാളെ ഇതിൽ നിന്നും പുറത്തുവരണം. ഞാൻ ഇഷ്ടത്തോടെ ചെയ്ത എൻ്റെ സിനിമ റിലീസ് ആകുകയാണ്. ഈ സമയം ഞാൻ ഓക്കെ അല്ല എന്ന് പറ‍ഞ്ഞ് എനിക്ക് ഇരിക്കാനാകില്ല. ഈ സിനിമയിലെ എൻ്റെ സഹപ്രവർത്തകർ എന്നോട് പറഞ്ഞിരുന്നു സമയമെടുത്ത് ചെയ്താൽ മതിയെന്ന്. എന്നാൽ അത് എൻ്റെ പ്രൊഫഷണലിസത്തിന് ചേർന്നതല്ല. ഞാൻ കടന്നു പോകുന്ന പ്രശ്നങ്ങൾ മൊത്തം ടീമിനെയും ബാധിക്കുന്നത് എനിക്ക് നോക്കി നിൽക്കാനാവില്ല. അതുകൊണ്ടാണ് എല്ലാ പ്രശ്നങ്ങളെയും മാറ്റി നിർത്തി ഈ സിനിമയ്ക്ക് വേണ്ടി പുറത്തുവരണം എന്ന് തീരുമാനിച്ചത്", ഭാവന.

"ഒരു മമ്മൂട്ടി ചിത്രത്തിനോട് പോലും നോ പറയേണ്ടി വന്നു, നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത് "; മനസ് തുറന്ന് ഭാവന
'സ്ട്രേഞ്ചർ തിങ്സ്' ഇഷ്ടപ്പെടുന്നവരാണ് നമ്മൾ, 'അനോമി'യിലും സൈ ഫൈ എലമെന്റ് ഉണ്ട്: ഭാവന

മലയാള സിനിമകൾ ചെയ്യാൻ തനിക്ക് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നില്ലെന്നും, നിരവധി പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിൽ അവസരം ലഭിച്ചിരുന്നെങ്കിലും അവയെല്ലാം ഒഴിവാക്കേണ്ടി വന്നുവെന്നും അഭിമുഖത്തിൽ ഭാവന പറഞ്ഞു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവർ സിനിമകളുമായി സമീപിച്ചിരുന്നു. ഒരു മമ്മൂട്ടി ചിത്രവും വന്നു. പക്ഷേ താൻ നോ പറഞ്ഞെന്നും ഭാവന പറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല. അപ്പോൾ മലയാള സിനിമകൾ ചെയ്യാനുള്ള പ്ലാൻ ഉണ്ടായിരുന്നില്ല. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന സിനിമ വന്നപ്പോഴും ആദ്യം വേണ്ട എന്നായിരുന്നു. പിന്നീട് പലതവണ പലരിലൂടെയും ഈ കഥയുമായി തന്നെ സമീപിച്ചതോടെയാണ് കഥ കേൾക്കാനും സിനിമ ചെയ്യാനും തീരുമാനിച്ചതെന്നും ഭാവന പറഞ്ഞു.

അനോമി സിനിമയോട് വലിയ വിശ്വാസമുണ്ട്. ഈ സിനിമയുടെ ടീമിനെ നിരാശപ്പെടുത്താൻ തനിക്കാവില്ലെന്നും താരം കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പ്രിയപ്പെട്ട അനിയന് ഒരു അപകടം സംഭവിക്കുമ്പോൾ പ്രതികരിക്കുന്ന കഥാപാത്രമായാണ് സാറാ ഫിലിപ്പ് എത്തുന്നത്. പുറമേ ബോൾഡും ധൈര്യശാലിയുമായി തോന്നുന്ന സാറാ, അകമേ ഇമോഷണലി വളരെ ഡൗൺ ആയ ഒരാളാണെന്നും, ഈ കഥാപാത്രത്തിന് തന്റെ ജീവിതവുമായി നിരവധി സാമ്യങ്ങളുണ്ടെന്നും ഭാവന പറഞ്ഞു. ഭാവനയുടെ കരിയറിലെ 90-ാമത് ചിത്രം കൂടിയാണ് അനോമി. ജനുവരി 30നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലൊരുങ്ങുന്ന ചിത്രത്തിൽ റഹ്മാൻ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ്, ബിനു പപ്പു, അർജുൻ ലാൽ, വിഷ്ണു അഗസ്ത്യ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. റിയാസ് മാരത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com