കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിന്റെ മകൾ അശ്വതി അലക്സ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൗ ആൻഡ് യൂ'. പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി.
ചിത്രീകരണം പൂർത്തിയായ ദിവസം എറണാകുളം അസീസിയ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന പാക്കപ്പ് പാർട്ടി ചടങ്ങിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവയുടെ പ്രകാശനവും ഓഡിയോ ലോഞ്ചും നടന്നു. അസീസീയ കൺവെൻഷൻ സെന്റർ ചെയമാൻ പി.എൻ. അബ്ദുൾ അസീസ് ടൈറ്റിൽ പോസ്റ്ററും പിആർഒ എ.എസ്. ദിനേശ് ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രകാശനം ചെയ്തു. നടൻ ബാലു വർഗീസ് ആണ് ഓഡിയോ ലോഞ്ച് കർമ്മം നിർവഹിച്ചത്.
ആർച്ച, അയന ആന്റണി, ജിജോ ജോർജ്, ശിവാഞ്ജന, സുമേഷ് ഭാസ്കർ, അഭിരാമി അശോക് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലക്സ് പോൾ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉല്ലാസ് റെഡ്ബി നിർവഹിക്കുന്നു. ഏഴ് മനോഹര ഗാനങ്ങളുള്ള ഈ ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത് അലക്സ് പോൾ ആണ്.
ഒരു യാത്രയും അതിൽ ഒപ്പമുള്ളവരുടെ പ്രണയവും സൗഹൃദവും സമന്വയിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് മ്യൂസിക്കൽ ഫാമിലി ചിത്രമാണ് 'ലൗ ആൻഡ് യു' എന്ന് സംവിധായിക അശ്വതി അലക്സ് പറഞ്ഞു.
മേഘാലയ, തഞ്ചാവൂർ, തെങ്കാശി, കൊച്ചി, മാള, ഗുഹാട്ടി, ഉഡുപ്പി, കോട്ടയം,സുന്ദരപാണ്ഡ്യപുര്യം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. പിആർഒ- എ.എസ്. ദിനേശ്, മനു ശിവൻ.