

കൊച്ചി: ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ പിന്തുണച്ചതിന് തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി നടി സന അൽത്താഫ്. താൻ ഒരു മതവിശ്വാസിയല്ലെന്നും മാനുഷിക പരിഗണന വെച്ചാണ് ഈ വിഷയങ്ങളിൽ പ്രതികരിക്കുന്നതെന്നും താരം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രണ്ടാഴ്ചയായി ഇറാനിൽ ഭരണകൂടത്തിന് എതിരെ ജനകീയ പ്രതിഷേധം തുടരുകയാണ്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സന അൽത്താഫ് വിമർശനങ്ങൾക്ക് മറുപടി നൽകിയത്. സനയുടെ വാക്കുകൾ: "ഇറാനിൽ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പങ്കുവയ്‌ക്കുമ്പോൾ എനിക്ക് ഒരുപാട് വിദ്വേഷ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. മുസ്ലീമായ ഞാൻ പള്ളികൾ കത്തിക്കുന്നതിനെ എങ്ങനെ പിന്തുണയ്ക്കും എന്നതാണ് അവരുടെ ചോദ്യം. എനിക്ക് ഒരു കാര്യം വ്യക്തമാക്കാനുണ്ട്, ഞാൻ ഒരു മതവും പിന്തുടരുന്നില്ല. ആരാധനാലയങ്ങൾ ജനങ്ങളെ അടിച്ചമർത്താനുള്ള ആയുധമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ, അവ അടച്ചുപൂട്ടുക തന്നെ വേണം!
ഇറാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നത് പലസ്തീൻ വിരുദ്ധതയല്ല. ഈ രണ്ട് പോരാട്ടങ്ങളും പരസ്പര വിരുദ്ധവുമല്ല. ഇറാനികളായാലും നൈജീരിയയിലെ ക്രിസ്ത്യാനികളായാലും ഗാസയിലെ പലസ്തീനികളായാലും ബംഗ്ലാദേശിലെ ഹിന്ദുക്കളായാലും സുഡാനിലെയും കോംഗോയിലെയും സാധാരണക്കാരായാലും - എവിടെ അടിച്ചമർത്തലുകൾ ഉണ്ടോ അവിടെയെല്ലാം ഞാൻ മാനവികതയ്‌ക്കൊപ്പം നിൽക്കുന്നു.
ഇറാനിലെ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയോ ഇസ്രയേലോ അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള പിന്തുണ നൽകുന്നുണ്ടോ? ചിലപ്പോൾ ഉണ്ടായേക്കാം.
എന്നാൽ, അത് സാധാരണക്കാരന്റെ വിപ്ലവത്തെ അസാധുവാക്കുന്നില്ല. അന്തിമമായി, സാധാരണക്കാരായ ഇറാനികളാണ് തടവിലാക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും അവരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നതും. സഹാനുഭൂതി എന്നത് ഒരാളുടെ ജാതിയോ വിശ്വാസമോ വംശമോ മതമോ നോക്കിയാവരുത്!"
ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 2025 ഡിസംബർ 28നാണ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധത്തില്‍ ഇതുവരെ 648 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൂട്ടത്തില്‍ ഒന്‍പത് കുട്ടികളുമുണ്ട്. ചില അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് മരണ സംഖ്യ 6000 ആയെന്നും പറയുന്നു. പ്രതിഷേധക്കാരെ 'ദൈവത്തിന്റെ ശത്രുക്കൾ' ആയി കണക്കാക്കുമെന്നാണ് അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹേദി ആസാദ് അറിയിച്ചത്. നിലവിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇന്റർനെറ്റ് ബന്ധവും ഫോൺ ലൈനുകളും പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്.