

കൊച്ചി: അനന്യ പാണ്ഡേ നായികയായ 'ചാന്ദ് മേരാ ദിൽ' എന്ന ബോളിവുഡ് ചിത്രമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ ചർച്ചാവിഷയം. സിനിമയിൽ അനന്യയുടെ കഥാപാത്രം ക്ലാസിക്കൽ നൃത്തം ചെയ്യുന്ന രംഗം ഇന്റർനെറ്റിൽ പ്രചരിച്ചതോടെ നടി വലിയ രീതിയിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്. വൈറൽ രംഗത്തിൽ, ഭരതനാട്യ നർത്തകിയുടെ വേഷത്തിൽ എത്തുന്ന നടി വികലമായാണ് ചുവടുവയ്ക്കുന്നതെന്നാണ് വിമർശനം.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഭരതനാട്യം പോലൊരു നൃത്തരൂപത്തെ കളിയാക്കുന്നതാണ് ഈ രംഗമെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്. അനന്യയുടെ അഭിനയ മികവിനെ ചോദ്യം ചെയ്തും നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്.
"അനന്യ, ഭരതനാട്യം 2000 വർഷത്തെ ചരിത്രത്തെ അതിജീവിച്ചതാണ്. നിങ്ങൾക്ക് നശിപ്പിക്കാൻ വേണ്ടിയല്ല അത് ഇത്രയും കാലം നിലനിന്നത്. നിങ്ങൾ റാംപുകളിൽ മാത്രം ഒതുങ്ങൂ, കഠിനപരിശീലനം നടത്തുന്നവർക്കായി ഈ പവിത്രമായ കലയെ വിട്ടുകൊടുക്കൂ," എന്നാണ് ഒരു യൂസർ എക്സിൽ കുറിച്ചത്.
നേരത്തെ, സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'പരം സുന്ദരി'യും സമാനമായ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. മലയാള ഭാഷയേയും കേരളീയ സംസ്കാരത്തേയും ചിത്രത്തിൽ അവതരിപ്പിച്ച വിധമാണ് പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയത്. സിനിമയിൽ ഒരു മലയാളി യുവതിയായാണ് ജാൻവി എത്തിയത്. ജാൻവിയുടെ കഥാപാത്രത്തിന്റെ ഡയലോഗുകൾ വലിയ രീതിയിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു.
വിവേക് സോണി സംവിധാനം ചെയ്ത 'ചാന്ദ് മേരാ ദിൽ' മെയ് 22നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ലക്ഷ്യയാണ് ചിത്രത്തിലെ നായകൻ. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സോമൻ മിശ്ര, മരീഷ്കെ ഡിസൂസ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തുഷാർ പരാഞ്ച്പെ, വിവേക് സോണി എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്.