

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തെ വിമർശിച്ച് സംവിധായിക അഞ്ജലി മേനോൻ. വിദ്വേഷ പ്രസംഗത്തിന്റെ ഭീകര രൂപമാണിതെന്നും ഇത്തരത്തിലുള്ള ചിന്തകളെ വേരോടെ പിഴുതെറിയുകയാണ് വേണ്ടതെന്നും സംവിധായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അഞ്ജലി മേനോന്റെ കുറിപ്പ്:
ഇത് എന്റെ ഉള്ളിൽ വലിയ രോഷവും അറപ്പുമുളവാക്കുന്നു. വികൃതമായ ഈ വാക്കുകളിൽ നിന്ന് തിരിഞ്ഞു നടക്കാനാണ് ആദ്യ തോന്നിയത്. എന്നാൽ ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് അത്യാവശ്യമാണ്.
ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപമാണ്. ഇത് പറഞ്ഞ വ്യക്തിക്കും, ഇത് റെക്കോർഡ് ചെയ്തയാൾക്കും, യൂട്യൂബിൽ പങ്കുവച്ചയാൾക്കും, ഇതിന് ലൈക്ക് അടിച്ചവർക്കും, ഇതിനെ പിന്തുണച്ച എല്ലാവർക്കും ഇതിന്റെ പൂർണ ഉത്തരവാദിത്തമുണ്ട്.
ഇങ്ങനെയൊരു ഭാവിയെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്ന 'മേനോസ്ഫിയർ' ചിന്താഗതിയാണിത്.
“ഒരാൾ സംസാരിക്കുന്ന വാക്കുകൾ അവരുടെ ഉള്ളിലെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നത്; അത് അവരുടെ ധാർമികതയുടെയും ഇന്റഗ്രിറ്റിയുടെയും നേർക്കണ്ണാടിയാണ്. ഉള്ളിൽ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ വാക്കുകൾ വെളിപ്പെടുത്തുന്നു, പൊതുസമൂഹത്തിൽ അവരുടെ സ്വഭാവത്തെ നിർവചിക്കുന്നു, ഭാവി ഫലങ്ങളെ നിർണയിക്കുകയും ചെയ്യുന്നു.”
അതുകൊണ്ട് ദയവായി ഇത് കണ്ടില്ലെന്ന് നടിക്കരുത്. ഇതിനെതിരെ ശബ്ദമുയർത്തുക. ഇതിനെ ശക്തമായി അപലപിക്കുക. ഇത്തരത്തിലുള്ള ചിന്തകളെ വേരോടെ പിഴുതെറിയുക.
ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അതിക്ഷേപിക്കുന്നതായിരുന്നു പത്രിക എന്ന യൂട്യൂബ് ചാനലിൽ ടി.ജി. മോഹൻദാസ് നടത്തിയ പ്രസ്താവന.പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികളെ താനാണെങ്കിൽ വെടിവച്ചുകൊല്ലുമെന്നും സമരമുഖത്തുണ്ടായിരുന്ന പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു മോഹൻദാസിന്റെ പരാമർശം.
വിവാദ പരാമർശത്തിൽ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി അഡ്വ. അബ്ദുൽ കാസിം എന്ന വ്യക്തിയുടെ പരാതിയിലാണ് കേസ്. പൊതു സമാധാനത്തിൽ ഭംഗം വരുത്തുക, സമൂഹത്തിൽ ലഹളയുണ്ടാക്കണം എന്ന ഉദ്ദേശത്തോടെ മോഹൻദാസ് പ്രവർത്തിച്ചു എന്നതടക്കമുള്ള ഗുരുതര പരാമർശങ്ങൾ എഫ്ഐആറിലുണ്ട്. മോഹൻദാസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ, എഐവൈഎഫ്, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർ രംഗത്ത് എത്തിയിരുന്നു.