അതുതാൻ അല്ലയോ ഇത്; കോടതിയിൽ തൊണ്ടിയായ ജട്ടി മാറി, ആന്റണി രാജുവും 'ആനവാൽ മോതിര'വും

മുൻ ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിന് 'ആനവാൽ മോതിരം' എന്ന സിനിമയുമായി സാമ്യതകൾ ഏറെയാണ്
ആന്റണി രാജുവിന്റെ തൊണ്ടിമുതൽ കേസും ആനവാൽ മോതിരവും
ആന്റണി രാജുവിന്റെ തൊണ്ടിമുതൽ കേസും ആനവാൽ മോതിരവും
Published on
Updated on

കേരള രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവരുടെ ശ്രദ്ധ അത്രയും ഇന്ന് ഒരു തൊണ്ടിമുതലിലാണ്. മുൻ ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസിലെ കുപ്രസിദ്ധി ആർജിച്ച അടിവസ്ത്രത്തിൽ. 1994ല്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിൽ ഇന്ന് വിധി വന്നിരിക്കുന്നു. തൊണ്ടിയായ അടിവസ്ത്രം മാറ്റിയത് തന്നെ, ആന്റണി രാജു കുറ്റക്കാരൻ തന്നെ. അതാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി.

1990ൽ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവതോർ സെർവെല്ലി 61.5 ഗ്രാം ഹാഷിഷ് തന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിന് ഇടയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിയിലാകുന്നിടത്താണ് തൊണ്ടിമുതൽ തിരിമറി കേസിന്റെ തുടക്കം. കേസ് തിരുവനന്തപുരം സെഷന്‍സ് കോടതി വിചാരണയ്ക്ക് എടുത്തു. അക്കാലത്ത് യുവ അഭിഭാഷകനായിരുന്ന രാജു, തന്റെ സീനിയർ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് സെർവെല്ലിയുടെ വക്കാലത്ത് ഏറ്റെടുത്തു. കേസു തൊറ്റു. ആൻഡ്രൂ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി അയാൾക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കേസ് അവിടെ അവസാനിച്ചില്ല. അപ്പീലുമായി ആൻഡ്രൂ കേരള ഹൈക്കോടതിയെ സമീപിച്ചു. ഇത്തവണ വക്കാലത്ത് എടുത്തത് പ്രശസ്തനായ കുഞ്ഞിരാമ മേനോന്‍ വക്കീൽ.

വാശിയേറിയ വാദപ്രതിവാദങ്ങൾ. ഒടുവിൽ നാടകീയമായ വഴിത്തിരിവ്. പ്രതിയുടേത് എന്ന് കാട്ടി പ്രോസിക്യൂഷൻ ഹാജരാക്കിയ അടിവസ്ത്രം കേസിന്റെ കേന്ദ്രമാകുന്നു. തെളിവായി ഹാജരാക്കിയ ഈ അടിവസ്ത്രം ആൻഡ്രുവിന് ചേരില്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് തൊണ്ടിമുതലായ ജട്ടി ഇടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി നേരിട്ട് കണ്ട് ഉറപ്പാക്കി. കേസിൽ ആൻഡ്രൂ സാൽവതോർ സെർവെല്ലിയെ കോടതി വെറുതെവിട്ടു. വിധി വന്നതിനു പിന്നാലെ ഇയാൾ രാജ്യവും വിട്ടു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനായ പൂന്തുറ എസ്എച്ച്ഒ ജയമോഹൻ കേസിൽ നിന്ന് പിടിവിട്ടില്ല. തൊണ്ടിമുതലിൽ കൃത്രിമത്വം കാട്ടിയതായി ആരോപണം ഉയർന്നു. ജയമോഹൻ നിയമ പോരാട്ടം തുടർന്നു. ഒടുവിൽ 2006 ഉത്തരമേഖല ഐജിയായിരുന്ന ടി.പി. സെൻകുമാർ നിയോഗിച്ച പ്രത്യേക സംഘമാണ് ആന്റണി രാജുവിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസ് റദ്ദാക്കാൻ ആന്റണി രാജു സുപ്രീം കോടതി വരെ പോയെങ്കിലും രക്ഷയുണ്ടായില്ല.

ആന്റണി രാജുവിന്റെ തൊണ്ടിമുതൽ കേസും ആനവാൽ മോതിരവും
തൊണ്ടിമുതൽ തിരിമറി കേസ്: മുൻ മന്ത്രി ആൻ്റണി രാജു കുറ്റക്കാരൻ, ശിക്ഷ പിന്നീട്

ഈ കേസിലാണ് 2026 ജനുവരി മൂന്നിന് വിധി വന്നിരിക്കുന്നത്. വിചാരണ വേളയിൽ കോടതി ഗുമസ്തനെ സ്വാധീനിച്ച് ആന്റണി രാജു തൊണ്ടിയായ അടിവസ്ത്രം പുറത്തുകൊണ്ടുപോയി ചെറുതാക്കി തിരികെ വച്ചുവെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിന്റെ മറവിലാണ് തൊണ്ടി കടത്തിയത്.

ഈ കേസിന്റെ നാൾവഴി കേൾക്കുന്നവർക്ക് സിനിമാറ്റിക് എന്ന് തോന്നിയാൽ അത്ഭുതപ്പെടാൻ ആകില്ല. എന്നാൽ, ജി.എസ്. വിജയന്റെ സംവിധാനത്തിൽ 1991ൽ ഇറങ്ങിയ 'ആനവാല്‍മോതിരം' എന്ന സിനിമ കണ്ടവർക്ക് മറ്റ് ചില സാദൃശ്യങ്ങളാകും മനസിലോടുക. അതു താനല്ലയോ ഇത്!

'ആനവാൽ മോതിരം' എന്ന സിനിമ തുടങ്ങുന്നത് തന്നെ ആല്‍ബര്‍ട്ടോ ഫെല്ലിനി എന്ന വിദേശ പൗരൻ പൊലീസ് പിടിയിലാകുന്നിടത്താണ്. പിടിക്കുന്നത് ശ്രീനിവാസൻ അവതരിപ്പിച്ച സിഐ ജെയിംസ് പള്ളിത്തറ. ഒപ്പം സുരേഷ് ഗോപിയുടെ എസ്ഐ നന്ദകുമാറും. മൂന്നാമുറയിൽ ആല്‍ബര്‍ട്ടോയെ ചോദ്യം ചെയ്യുന്നതിന് ഇടയിൽ ഇവർ അയാളുടെ ഡ്രോയറിൽ നിന്ന് ഹെറോയിൻ കണ്ടെത്തുന്നു. കേസ് കോടതിയിൽ എത്തുന്നു. പ്രധാന തെളിവ് ആല്‍ബര്‍ട്ടോ ഫെല്ലിനിയുടെ ഡ്രോയർ. എന്നാൽ വിചാരണ വേളയിൽ കഥയാകെ മാറിമറിയുന്നു. പ്രതിഭാഗം പ്രധാന തെളിവിൽ തന്നെ രക്ഷപ്പെടാനുള്ള വഴി കണ്ടെത്തി.

കോടതിയിൽ പ്രതിഭാഗം പുറത്തെടുത്ത് കാട്ടുന്നത് പതിനഞ്ച് വയസുകാരന് പോലും പാകമാകാത്ത ഒരു ഡ്രോയർ. സിഐ ജെയിംസ് സാക്ഷിക്കൂട്ടിൽ നിന്ന് വിയർത്തു. ഉടനെ വന്നു പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യം. "ഇത് ആല്‍ബര്‍ട്ടോയെ നിങ്ങള്‍ക്ക് ധരിപ്പിക്കാമോ?" തൊണ്ടി മാറി എന്ന് ജയിംസ് പറയുന്നുണ്ടെങ്കിലും കോടതി അത് പരിഗണിക്കുന്നില്ല. പ്രതിയുടെ പേരില്‍ ആരോപിച്ച കുറ്റകൃത്യം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കാതിരുന്നതിനാൽ ആല്‍ബര്‍ട്ടോ ഫെല്ലിനിയെ കോടതി വെറുതെവിട്ടു.

ആന്റണി രാജുവിന്റെ തൊണ്ടിമുതൽ കേസും ആനവാൽ മോതിരവും
കഥകളുടെ 'രസ'തന്ത്രജ്ഞൻ; തനി നാടൻ മനസുള്ള സിനിമകളുടെ സത്യൻ അന്തിക്കാട്

1990 ൽ ​ഗ്രേ​ഗ് ചാംപ്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ആക്ഷൻ കോമഡി ചിത്രം 'ഷോർട്ട് ടൈമി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടി. ദാമോദരൻ 'ആനവാൽ മോതിര'ത്തിന്റെ തിരക്കഥ രചിച്ചത്. മരിക്കാൻ പോകുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷം സാഹസികനായി മാറുന്ന പൊലീസുകാരന്റെ കഥ മലയാളി പരിസരങ്ങളിലേക്ക് തിരക്കഥാകൃത്ത് പറിച്ചുനട്ടു. ഈ തിരക്കഥയിലാണ് ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിനോട് സമാനമായ രംഗങ്ങൾ കടന്നുവരുന്നത്. രാഷ്ട്രീയം നിരീക്ഷിക്കുന്ന ടി. ദാമോദരൻ എന്ന എഴുത്തുകാരന്റെ കൗശലമാകാം ഇത്. അല്ലെങ്കിൽ തീർത്തും യാഥൃശ്ചികം! സിനിമകൾക്ക് മുൻപ് എഴുതിക്കാട്ടും പോലെ. കഥയും കഥാപാത്രങ്ങളും സാങ്കൽപ്പിക സൃഷ്ടികൾ മാത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com