

ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായി നടി അനുമോൾ. അനീഷും അനുമോളും തമ്മിലാണ് അവസാന പോരാട്ടം നടന്നത്. ഇതിൽ കൂടുതൽ വോട്ടുകൾ നേടി അനുമോൾ ജേതാവാകുകയായിരുന്നു. റിയാലിറ്റി ഷോകളിലൂടെയും ഹാസ്യ സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതമായ മുഖമായിരുന്നു അനുമോളുടേത്. അനുമോളുടെ ഒറ്റപ്പെടൽ സ്ട്രാറ്റജിയും പിആർ വർക്കും ഏറ്റെന്നാണ് പൊതുവെയുള്ള സോഷ്യൽ മീഡിയയുടെ അഭിപ്രായം.
ഫിനാലെയുടെ അവസാനം മോഹൻലാൽ വീണ്ടും ബിഗ് ബോസ് വീട്ടിലെത്തി അനുമോളേയും അനീഷിനെയും അഭിനന്ദിച്ചു. ഈ വീട്ടിൽ ആദ്യം എത്തിയ മത്സരാർഥി അനീഷ് ആയിരുന്നെങ്കിലും അതിലും മുമ്പ് താൻ വന്നിട്ടുണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്. അവസാന ആഴ്ചയിലും കടുത്ത പോരാട്ടങ്ങളാണ് ബിഗ് ബോസ് വീട്ടിൽ നടന്നത്. ഒടുവിൽ വേദിയിൽ വച്ച് മോഹൻലാൽ തന്നെയാണ് അനുമോളെ വിജയിയായി പ്രഖ്യാപിച്ചത്. അതേസമയം, സീസണിലെ ബെസ്റ്റ് പെർഫോമറായി ആര്യനെയും തെരഞ്ഞെടുത്തു.
നേരത്തെ ടോപ് ത്രീ മത്സരാത്ഥികളായി അനീഷ്, അനുമോൾ, ഷാനവാസ് എന്നിവരാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയിരുന്നത്. ടോപ് ഫൈവ് മത്സരാത്ഥികളുമായി തുടങ്ങിയ ഗ്രാൻഡ് ഫിനാലെയിൽ നിന്നും അഞ്ചാമനായി അക്ബറും നാലാമനായി നെവിനും പുറത്തായിരുന്നു. 38 ലക്ഷം വോട്ടുകളാണ് അവസാന ആഴ്ചയിൽ മാത്രം ലഭിച്ചത്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഈ സീസണിൽ 1.6 ശതമാനം വോട്ടുകൾ കൂടിയെന്നും മോഹൻലാൽ പറഞ്ഞു.
വോട്ടിങ്ങിൽ ഓരോ ആഴ്ചയിലും മുന്നിട്ട് നിന്ന മത്സരാർത്ഥികളേയും മോഹൻലാൽ ഇന്ന് പ്രഖ്യാപിച്ചു. ആദ്യ ആഴ്ച- അനുമോൾ, രണ്ടാം ആഴ്ച- ഷാനവാസ്, മൂന്നാം ആഴ്ച- അനുമോൾ, നാലാം ആഴ്ച- നൂറ, അഞ്ചാം ആഴ്ച - അനുമോൾ, ആറാം ആഴ്ച- അനീഷ്, ഏഴാം ആഴ്ച- ഷാനവാസ്, എട്ടാം ആഴ്ച- അനീഷ്, ഒൻപതാം ആഴ്ച- അനുമോൾ, പത്താം ആഴ്ച- അനീഷ്, പതിനൊന്നാം ആഴ്ച- ഷാനവാസ്, പന്ത്രണ്ടാം ആഴ്ച- അനുമോൾ, പതിമൂന്നാം ആഴ്ച- അനുമോൾ എന്നിങ്ങനെയാണ് മത്സരാത്ഥികൾ വോട്ടിങ്ങിൽ മുന്നിലെത്തിയത്. എട്ടാം സീസൺ ഉടനെയുണ്ടാകുമെന്നും മോഹൻലാൽ പ്രഖ്യാപിച്ചു.
മിനി സ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാലാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്‍തയായി. അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും സജീവമാണ് അനുമോൾ.
പഠനകാലത്ത് തന്നെ അഭിനയത്തോടും മോഡലിംഗിനോടും വലിയ താൽപര്യം ഉണ്ടായിരുന്ന അനുമോൾ നിരവധി ബ്രാൻഡുകൾക്ക് മോഡൽ ആയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും.. പാടാത്ത പൈങ്കിളിയടക്കമുള്ള സീരിയലുകളിലും താരം ഇതിനകം വേഷമിട്ടു.
സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണയുള്ള താരം കൂടിയാണ് അനുമോൾ. നടിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാകാറുമുണ്ട്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും അനുമോൾക്ക് ലഭിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലിലെ പ്രകടനമാണ് അനുമോളെ അവാർഡിന് അർഹയാക്കിയത്.
തിരുവന്തപുരം സ്വദേശിയാണ് മുപ്പതുകാരിയായ അനുമോള്‍. ആര്യനാട് ഗവണ്‍മെൻ്റ് വെക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പഠന ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് സംസ്‍കൃതത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. കോമഡി അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് അനുമോള്‍. കുറിക്കു കൊള്ളുന്ന കൗണ്ടറുകളും അനുമോളിൻ്റെ സവിശേഷതയാണ്.
സാധാരണക്കാരുടെ പ്രതിനിധിയായി അനീഷ് മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റിലൂടെ മത്സരത്തില്‍ വിജയിയായാണ് അനീഷ് ബിഗ് ബോസ്സിലേക്ക് എത്തിയത്. തൃശൂർ കോടന്നൂർ സ്വദേശിയായ അനീഷ് ശാരീരികമായും മാനസികവുമായി ഒരുങ്ങിയിട്ടാണ് ബിഗ് ബോസിലേക്ക് എത്തിയത്. അനീഷിന് നേരത്തെ ബാങ്കില്‍ ജോലി ഉണ്ടായിരുന്നു. സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് അഞ്ച് വര്‍ഷം ലീവെടുത്ത് ബിഗ് ബോസിന് തയ്യാറാകുകയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. യുവ എഴുത്തുകാരനുമാണ് അനീഷ്. എൻ നേരം തുഴഞ്ഞ് എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്.