

തനിക്ക് ക്രഷ് തോന്നിയ ഏക സെലിബ്രിറ്റി മോഹൻലാൽ ആണെന്ന് നടി അനുപമ പരമേശ്വരൻ. 'ഓണസ്റ്റ് ടൗൺഹാൾ' എന്ന യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് ഇക്കാര്യം താരം തുറന്നുപറഞ്ഞത്. തമ്മിൽ വലിയ പ്രായ വ്യത്യാസമുണ്ടെങ്കിലും ക്രഷ് ക്രഷല്ലാതെ ആകുന്നില്ലല്ലോ എന്നാണ് നടിയുടെ ചോദ്യം. സെലിബ്രിറ്റി ക്രഷ് ആരാണെന്ന ആരാധികയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി.
മോഹൻലാൽ സാറിനോട് മാത്രമാണ് ക്രഷ് തോന്നിയിട്ടുള്ളത്. അതെന്റെ അമ്മയിൽ നിന്നാണ് കിട്ടിയത്. എന്റെ അമ്മ ലാൽ സാറിന്റെ വലിയ ആരാധികയാണ്; സഹോദരനും. എന്നേക്കാളും അവനായിരിക്കും കൂടുതൽ ക്രഷ് എന്ന് തോന്നുന്നു. അവൻ ഇൻസ്റ്റഗ്രാമിൽ ലാലേട്ടനെക്കുറിച്ചുള്ള റീൽസുകൾ മാത്രമാണ് എനിക്ക് അയക്കാറുള്ളത്. അല്ലാതെ എന്റെ വിശേഷങ്ങൾ ചോദിക്കാറേയില്ല. ചേച്ചീ സുഖമാണോ, എവിടെയാണ് ഒന്നും അവൻ ചോദിക്കാറില്ല.
ലാല്‍സാറിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. ഒരുപാട് സിനിമകൾ. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ടെന്ന് അറിയാം. പക്ഷേ അതുകൊണ്ട് ക്രഷ് ക്രഷല്ലാതെ ആകുന്നില്ലല്ലോ?
തെലുങ്ക് കോമഡി ഫാമിലി ഡ്രാമ ‘ക്രെയ്സി കല്യാണ’മാണ് അനുപമയുടേതായി റിലീസിനെത്തിയ ചിത്രം. ഒക്ടോബർ 16ന് റിലീസായ ചിത്രം തെലുങ്കിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. ഭദ്രപ്പ ഗജുല സംവിധാനം ചെയ്ത ചിത്രത്തിൽ തരുൺ ഭാസ്കർ ആണ് നായകൻ. മൗനിക, കിരീടി ദാമരാജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.