'നരിവേട്ട' ലാഭകരമായ ചിത്രമാണ്; സിനിമകളെല്ലാം പരാജയങ്ങളെന്ന് മൈക്ക് കെട്ടി വിളിച്ചുകൂവുന്നവർ കടയ്ക്കൽ കത്തിവയ്‌ക്കുകയാണ്: അനുരാജ് മനോഹർ

ഈ വർഷം ഇറങ്ങിയ 183 ചിത്രങ്ങളിൽ 15 സിനിമകൾ മാത്രമാണ് തിയേറ്ററുകളിൽ നേട്ടം കൊയ്തതെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ വിലയിരുത്തൽ
'നരിവേട്ട' സംവിധായകൻ അനുരാജ് മനോഹർ
'നരിവേട്ട' സംവിധായകൻ അനുരാജ് മനോഹർSource: Instagram / anurajmanohar
Published on
Updated on

കൊച്ചി: 2025ൽ മലയാളത്തിൽ ഇതുവരെ റിലീസായ 183 ചിത്രങ്ങളിൽ 15 സിനിമകൾ മാത്രമാണ് തിയേറ്ററുകളിൽ നേട്ടം കൊയ്തതെന്ന നിർമാതാക്കളുടെ സംഘടനയുടെ വിലയിരുത്തലിന് എതിരെ സംവിധായകൻ അനുരാജ് മനോഹർ. താൻ സംവിധാനം ചെയ്ത 'നരിവേട്ട' ലാഭകരമായ സിനിമയാണെന്നും കളക്ഷൻ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാണെന്നും സംവിധായകൻ വ്യക്തമാക്കി. ഈ വർഷം ഇറങ്ങിയ സിനിമകളിൽ ചെറിയൊരു ശതമാനം മാത്രമാണ് വിജയിച്ചതെന്ന് ഫിലിം ചേമ്പറും പറഞ്ഞിരുന്നു.

സിനിമകളെല്ലാം പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വയ്‌ക്കുകയാണെന്ന് അനുരാജ് മനോഹർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. "പുതിയ പ്രൊഡ്യൂസർമാർ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളിൽ ഭരിച്ച് നിർത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശ്യമെങ്കിൽ ഉണ്ടാകാൻ പോകുന്നത് വലിയ കോർപ്പറേറ്റ് കമ്പനികൾക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാർത്ഥ്യമാണ്. ഏതാണ്ട് വൈക്കോൽ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ “തിന്നുകയുമില്ല തീറ്റിക്കുകയുമില്ല,” എന്നാണ് സംവിധായകൻ കുറിച്ചത്.

'നരിവേട്ട' സംവിധായകൻ അനുരാജ് മനോഹർ
ഷൂട്ടിന് മുൻപ് ധർമേന്ദ്ര സംഭാഷണങ്ങൾ ഉർദുവിൽ എഴുതിയെടുക്കും, 'ഇക്കിസ്' ആദ്യ പകുതി അദ്ദേഹം കണ്ടിരുന്നു: ശ്രീറാം രാഘവൻ

തിയേറ്ററില്‍ മികച്ച കളക്ഷന്‍ ലഭിച്ച 15 ചിത്രങ്ങളില്‍ എട്ട് സൂപ്പര്‍ ഹിറ്റുകളും ഏഴ് ഹിറ്റുകളുമാണെന്നാണ് നിർമാതാക്കളുടെ സംഘടന പറയുന്നത്. ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം സൂപ്പർ ഹിറ്റുകൾ. കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രൊമാൻസ് എന്നിവ ഏഴ് ഹിറ്റുകളും. ബാക്കി 168 ചിത്രങ്ങളും തിയേറ്ററുകളിൽ നഷ്ടമാണെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ വിലയിരുത്തൽ.

അനുരാജ് മനോഹറിന്റെ കുറിപ്പ്:

ഞാൻ സംവിധാനം ചെയ്ത് ഈ വർഷം മെയ് മാസത്തിൽ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട.

ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസർമാരെയെല്ലാം സമീപിച്ച, അവർ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട

ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ പ്രൊഡ്യൂസർമാരെ തേടിയുള്ള അലച്ചിൽ സ്വാഭാവികമാണെന്നുള്ള ബോധ്യത്തിൽ ആ സിനിമയോടുള്ള ഇഷ്ടത്തിൽ നടന്ന തേടലിൽ ആണ് ഇന്ത്യൻ സിനിമ കമ്പനി സിനിമ ചെയ്യാൻ തയ്യാറാവുന്നത്.

അവരുടെ ആദ്യ നിർമ്മാണ സംരംഭം ആണ് നരിവേട്ട.

സിനിമ ഇറങ്ങി മാസങ്ങൾക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസർ അസോസിയേഷന്റെ വർഷാവസാന വിധിയിൽ ഈ വർഷം പതിഞ്ച് സിനിമകൾ മാത്രമാണ് ലാഭകരമായി തീർന്നത് എന്നതാണ് വിധി.

ഈ വിധിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.

സിനിമ ഒരു വ്യവസായം കൂടെയാണ് ,സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ്.

പുതിയ പ്രൊഡ്യൂസർമാർ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളിൽ ഭരിച്ച് നിർത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കിൽ ഉണ്ടാകാൻ പോകുന്നത് വലിയ കോർപറേറ്റ് കമ്പനികൾക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാർത്ഥ്യമാണ് ഏതാണ്ട് വൈക്കോൽ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ

“തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”

ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ ഞങ്ങൾ തയ്യാറുമാണ്.

ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതെ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവർ പ്ലാൻ ചെയ്യുകയും ചെയ്യുന്നത് സിനിമയിൽ വിരളമായി സംഭിക്കുന്ന ഒന്നാണ് .

അത്തരമൊരു സന്ദർഭത്തിൽ ഞങ്ങൾ അടുത്ത സിനിമയുടെ ആലോചനയിൽ നിൽക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.

Nb:-ഓരോ സിനിമയും ഓരോ പോരാട്ടമാണ്.

ആരും കൈപിടിച്ച് കയറ്റിയതല്ല,നടന്നു തയഞ്ഞ ചെരുപ്പുകളും,വിയർത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി.

അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ ചവിട്ടി മെതിക്കരുത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com