

ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ സഹോദരി - ഈ ഛായയുടെ കീഴിലല്ല ആശാ ഭോസ്‌ലെ എന്ന പാട്ടുകാരി വളർന്നത്. ആസ്വാദക ഹൃദയങ്ങളിലേക്ക് പടർന്നത്. ആ മഹാവൃക്ഷത്തിന്റെ നിഴൽ ആശയിൽ പതിച്ചില്ല. 'ലതയെ പോലെ തന്നെ, അല്ലെ' എന്ന് ആളുകൾ പറയാൻ അവർ ഇടകൊടുത്തില്ല. ആശയുടെ ശബ്ദം എല്ലാവരിലും നിന്ന് വേറിട്ട് നിന്നു. പോപ്പും ഗസലും ഭജനും ഖവാലിയും രബീന്ദ്ര സംഗീതും നാടോടി ഗാനങ്ങളും അനായാസമായി ആലപിച്ചു. പാടി തെളിയുകയായിരുന്നില്ല, 'തനിക്ക് എന്തും വഴങ്ങും' എന്ന് പാടി തെളിയിക്കുകയായിരുന്നു ആ ഗായിക.
എട്ട് പതിറ്റാണ്ട് നീളുന്നതാണ് ആശാ ഭോസ്‌ലെയുടെ സംഗീത യാത്ര. 20 ഭാഷകളിലായി 12,000ത്തിലധികം ഗാനങ്ങളാണ് ഈ കാലം കൊണ്ട് അവർ പാടിയത്. "ഇന്ന് നിങ്ങൾ ഏത് പാട്ട് എടുത്താലും, ഇതുപോലൊരു പാട്ട് ആശ പാടിയിട്ടില്ലെന്ന് പറയാൻ നിങ്ങൾക്ക് കഴിയില്ല," എന്ന വാക്കുകളിൽ പ്രകടമാകുന്ന ആത്മവിശ്വാസം ആ കരിയറിന് അടിവരയിടുന്നതാണ്. 92ാം വയസിൽ ഈ ലോകത്തോട് വിടപറയുമ്പോഴും ആശയുടെ ഡിസ്കോഗ്രഫി പറയുന്നു - 'ഒന്നും ബാക്കിവച്ചിട്ടില്ല'. എന്നാലും എന്തോ ഒന്നു കൂടി നമ്മൾ, കേൾവിക്കാർ അവസാനം വരെ പ്രതീക്ഷിച്ചു. അങ്ങനെ അതിമോഹിക്കാൻ കൂടിയാണല്ലോ പ്രതിഭാജീവിതങ്ങൾ നമ്മളെ പഠിപ്പിച്ചത്.
സിനിമാ മേഖലയിൽ വേറിട്ട ശബ്ദമാകാനാണ് കരിയറിന്റെ തുടക്കം മുതൽ ആശാ ഭോസ്‌ലെ ശ്രമിച്ചിരുന്നത്. അതിന് സാധിക്കുകയും ചെയ്തു. തീർത്തും വേറിട്ട പാതയാണ് അവർ തെരഞ്ഞെടുത്തത്. ലതയുടെ പട്ടുപോലത്തെ സ്വരവുമായി താരതമ്യങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ആശ തന്റെ ശബ്ദത്തിൽ കൂടുതൽ വേഗവും വഴക്കവും കൊണ്ടുവന്നു. രസകരമായ ഒരു മൂർച്ചയും. അങ്ങനെ ആശാ ഭോസ്‌ലെ ബോളിവുഡിലെ വശ്യതയാർന്ന ശബ്ദമായി മാറി.
'റിഥം കിങ്' ആയ ഒ.പി. നയ്യാരിൽ തുടങ്ങി എ.ആർ. റഹ്‌മാൻ വരെയുള്ള പ്രതിഭാസമ്പന്നരുടെ ഒപ്പം പ്രവർത്തിച്ച ആശ അവരുടെ പാട്ടുകൾക്ക് ഇണങ്ങും വിധം തന്റെ ശബ്ദം ക്രമീകരിച്ചു. 1956ൽ നയ്യാറിന്റെ സംഗീത സംവിധാനത്തിൽ 'സിഐഡി' എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. ഈ കൂട്ടുകെട്ടിൽ നിരവധി നിത്യഹരിത ഗാനങ്ങൾ പിറന്നു. 'ആയേ മെഹർബാൻ', 'ആവോ ഹുസൂർ തുംകോ' എന്നിങ്ങനെയുള്ള ഗാനങ്ങളിലൂടെ നയ്യാരെ തന്നെ ആശ അത്ഭുതപ്പെടുത്തി.
1966ൽ പുറത്തിറങ്ങിയ 'തീസരി മൻസിൽ' എന്ന ചിത്രത്തിലൂടെയാണ് ആശാ ഭോസ്‌ലെ - ആർ.ഡി. ബർമൻ കൂട്ടുകെട്ടിന് തുടക്കം കുറിക്കുന്നത്. ബർമൻ തന്റെ പാട്ടുകളിൽ ജാസും ലാറ്റിൻ ബീറ്റുകളും പരീക്ഷിച്ചു. ആശയിലെ ഗായികയെ പുനർനിർവചിച്ചു. അക്കാലത്ത് പരീക്ഷിച്ചിട്ടില്ലാത്ത പാശ്ചാത്യ ശൈലിയിലുള്ള 'ആജാ ആജാ മേ ഹൂം പ്യാർ തേരാ' പോലുള്ള ഹിറ്റ് ഗാനങ്ങൾ പുതിയ കേൾവിക്കാരെ സൃഷ്ടിക്കാനുള്ള ബർമന്റെ ശ്രമം കൂടിയായിരുന്നു. ആശ അതിൽ പങ്കാളിയായി. വലിയ തോതിൽ ശബ്ദം കൊണ്ട് സംഭാവന ചെയ്തു. വൈവിധ്യമാർന്ന ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു. ആശയെ ബർമൻ ഒരു സമ്പൂർണ ഗായികയാക്കി, സൂപ്പർ സ്റ്റാറാക്കി. തന്റെ ജീവിതസഖിയും.
'ഈ വരികൾ പാടാൻ പറ്റുന്നതല്ല' എന്ന് പറഞ്ഞ് ഒരു പാട്ട് ആശ മാറ്റിവച്ചതായി കേട്ടിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ 'ഇജാസത്തി'ലെ 'മേരാ കുച്ച് സമാൻ' (1987) പോലുള്ള ഘടനയില്ലാത്തതെന്ന് മുദ്രകുത്തപ്പെട്ട പാട്ടുകൾ നമുക്ക് കേൾക്കാനാകില്ലായിരുന്നു. ഭാഷയെ തന്റെ സ്വരത്തിലെ വഴക്കം കൊണ്ട് മെരുക്കിയെടുക്കാൻ ആശയ്ക്ക് കഴിഞ്ഞിരുന്നു. പോപ്, കാബറെ, റോക്ക്, ഡിസ്‌കൊ, ഗസൽ, ക്ലാസിക്കൽ അങ്ങനെ എല്ലാത്തരം ഗാനങ്ങളും പാടാൻ കഴിഞ്ഞത് അതുകൊണ്ട് കൂടിയാണ്. 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ' എന്നിങ്ങനെയുള്ള ഡാൻസ് നമ്പറുകൾ പാടിയ ഗായിക 'അഭി ന ജാവോ ചോഡ്' കർ എന്ന് മുഹമ്മദ് റഫിക്കൊപ്പം നമ്മുടെ കാതുകളിൽ മൂളി.
1990കളിൽ ബോളിവുഡിൽ പുതിയ ശബ്ദങ്ങൾ ഉയർന്നുവന്നതോടെ ആശയുടെ കാലം കഴിഞ്ഞെന്ന് പലരും വിധിയെഴുതി. എന്നാൽ, 1995ൽ എ.ആർ. റഹ്മാന്റെ 'രംഗീല'യിലൂടെ താൻ എവിടെയും പോയിട്ടില്ലെന്ന് അവർ പ്രസ്താവിച്ചു. അതുവരെ കേട്ട 'ആശാ നാദ'മായിരുന്നില്ല 'രംഗീല'യിൽ നമ്മൾ കേട്ടത്. 'രംഗീല രേ'യും 'തൻഹാ തൻഹ'യും ചാർട്ട്ബസ്റ്ററുകളായി. 20കളിലായിരുന്ന നായിക ഊർമിളയ്ക്ക് വേണ്ടി പാടുമ്പോൾ ആശയക്ക് 61 വയസായിരുന്നു പ്രായം. പാട്ട് കേൾക്കുമ്പോൾ അത് അനുഭവപ്പെടില്ല. തുടർന്നങ്ങോട്ട് 'താൽ', 'ലഗാൻ', 'ദൗഡ്', 'ഇരുവർ', 'ലഗാൻ' തുടങ്ങിയ റഹ്മാൻ ചിത്രങ്ങളിൽ ആശ പാടി. എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകൾ.
ഒ.പി. നയ്യാർ, ബോംബൈ രവി, എസ്.ഡി. ബർമൻ, ഇളയരാജ, എ.ആർ. റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്‌കിഷൻ, അനു മാലിക്ക് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകർ എല്ലാം ആശയിലെ വിമതത്വത്തെ ഉപയോഗിച്ചവരാണ്. അവർ വേറിട്ട് നിൽക്കാൻ ആഗ്രഹിച്ചു. ആ അതുല്യ കലാകാരിയുടെ ആ താൽപ്പര്യത്തെ ഇന്ത്യൻ സംഗീതജ്ഞർ ബഹുമാനിച്ചു. അതുവഴി സാമ്പ്രദായിക രീതികളിൽ നിന്ന് മാറി നിൽക്കുന്ന നിരവധി പാട്ടുകൾ നമുക്ക് ലഭിച്ചു. അങ്ങനെ നമ്മളും വേറിട്ടുനിന്നു.