"എന്റെ ആർത്തവം നാഷണൽ ജോക്ക് ആയി മാറി"; 'ധുരന്ധർ' താരം അയേഷ ഖാൻ

ഒരു അഭിമുഖത്തിനിടയിലാണ് അയേഷ തന്റെ ആർത്തവസമയത്ത് നടന്ന സോങ് ഷൂട്ടിങ്ങിനെ കുറിച്ച് സംസാരിച്ചത്
നടിയും മോഡലുമായ അയേഷ ഖാൻ
നടിയും മോഡലുമായ അയേഷ ഖാൻ
Published on
Updated on

താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളെപ്പറ്റിയും തുറന്നുപറഞ്ഞ് നടിയും മോഡലുമായ അയേഷ ഖാൻ . 'വി ദ വുമൺ' എന്ന ചടങ്ങിൽ സംസാരിക്കവെയാണ് താരം മനസുതുറന്നത്. ബിഗ് ബോസ് 17ലൂടെ പ്രശസ്തയായ നടിയുടെ 'ധുരന്ധറി'ലെ 'ഷരാരത്ത്' എന്ന ഗാനരംഗത്തിലെ നൃത്തം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഹിറ്റ് ഗാനത്തിന്റെ ചിത്രീകരണ സമയത്ത് തനിക്ക് ആർത്തവമായിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പരിഹാസങ്ങളിലും അയേഷ ഖാൻ പ്രതികരിച്ചു.

ഒരു അഭിമുഖത്തിനിടയിലാണ് അയേഷ തന്റെ ആർത്തവസമയത്ത് നടന്ന സോങ് ഷൂട്ടിങ്ങിനെ കുറിച്ച് സംസാരിച്ചത്. തീർത്തും സാധാരണമായിരുന്നു ആ സംഭാഷണം. എന്നാൽ, ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ധാരാളം മീമുകളും ട്രോളുകളും സൈബർ ഇടങ്ങളിൽ പ്രചരിക്കുകയും ചെയ്തു. തന്റെ ഈ വെളിപ്പെടുത്തൽ ഒരു 'നാഷണൽ ജോക്ക്' ആയി മാറിയെന്നാണ് 'വി ദ വുമൺ' പരിപാടിയിൽ അയേഷ പറഞ്ഞത്. ഭൂരിഭാഗവും പുരുഷന്മാരുടെ ഭാഗത്തുനിന്നാണ് ഇത്തരം 'തമാശ'കൾ വരുന്നത്. ആർത്തവത്തെക്കുറിച്ച് നമ്മുടെ മക്കളെയും സഹോദരന്മാരെയും ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും താരം പറഞ്ഞു. "എനിക്ക് ഇക്കാര്യത്തിൽ യാതൊരു നാണക്കേടും തോന്നുന്നില്ല, മറിച്ച് ആ സമയത്തും മികച്ച രീതിയിൽ ജോലി ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമേയുള്ളൂ," എന്നും അയേഷ ഖാൻ കൂട്ടിച്ചേർത്തു.

നടിയും മോഡലുമായ അയേഷ ഖാൻ
"ഇറാനിൽ കാലുകുത്തിയാൽ അവർ എന്നെ കൊല്ലും": 'സേക്രഡ് ഗെയിംസ്' താരം എൽനാസ് നൊറൗസി

ഇൻസ്റ്റഗ്രാമിലൂടെ തനിക്ക് ദിവസവും പീഡന ഭീഷണികൾ ലഭിക്കാറുണ്ടെന്നും അയേഷ വെളിപ്പെടുത്തി. "ഇത് തികച്ചും പേടിപ്പെടുത്തുന്നതാണ്. ഇവരൊക്കെ നമ്മുടെ ചുറ്റുമുള്ള മനുഷ്യർ തന്നെയാണല്ലോ എന്ന് ചിന്തിക്കുമ്പോൾ ഭയം തോന്നുന്നു," എന്ന് താരം പറഞ്ഞു. എന്ത് വസ്ത്രം ധരിച്ചാലും സോഷ്യൽ മീഡിയയിൽ ആളുകൾ തന്നെ ലൈംഗികമായി അധിക്ഷേപിക്കുന്നു. ഒരു സാധാരണ ടോപ്പോ സ്കർട്ടോ ധരിച്ചാൽ പോലും പലർക്കും പ്രശ്നമാണ്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് നൂറുവട്ടം ചിന്തിക്കേണ്ട അവസ്ഥയാണെന്നും അയേഷ കൂട്ടിച്ചേർത്തു.

12ാം ക്ലാസിൽ പഠിക്കുമ്പോൾ ടി സീരീസിന്റെ ഒരു മ്യൂസിക് ആൽബത്തിൽ നിന്ന് 'തടിയുണ്ട്' എന്ന കാരണം പറഞ്ഞ് ഷൂട്ടിങ്ങിന് തലേദിവസം തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഏറെ നാളെടുത്താണ് തന്റെ രൂപത്തിൽ ആത്മവിശ്വാസം കണ്ടെത്താൻ തനിക്ക് സാധിച്ചതെന്നും നടി പറഞ്ഞു.

എക്താ കപൂർ നിർമിച്ച 'കസൗട്ടി സിന്ദഗി കായ്' എന്ന സീരിയലിൽ ജൂനിയർ ആർട്ടിസ്റ്റായാണ് അയേഷ അഭിനയരംഗത്തേക്ക് വന്നത്. 2022ൽ 'മുഖചിത്രം' എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറി. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് 17ൽ പങ്കെടുത്തതോടെയാണ് താരം കൂടുതൽ പ്രശസ്തയായത്. തുടർന്ന്, യൂട്യൂബിൽ സംപ്രേഷണം ചെയ്ത 'ദിൽ കോ റഫു കർ ലേ' എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് ചിരപരിചിതയായി. കപിൽ ശർമയുടെ 'കിസ് കിസ്കോ പ്യാർ കരൂൺ 2' എന്ന സിനിമയിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com