

തിയേറ്ററുകളിൽ എത്താൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ജന നായകൻ്റെ ഇന്ത്യയിലെ റിലീസ് മാറ്റിവച്ചു. കെവിഎൻ പ്രൊഡക്ഷൻസാണ് റിലീസ് മാറ്റിയ വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്.
'ഭാരമേറിയ ഹൃദയത്തോടെയാണ് ഈ അപ്‌ഡേറ്റ് ഞങ്ങളുടെ വിലപ്പെട്ട പങ്കാളികളുമായും പ്രേക്ഷകരുമായും പങ്കിടുന്നത്. ജനുവരി 9 ന് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ജന നായകൻ്റെ റിലീസ് ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ കാരണം മാറ്റിവച്ചിരിക്കുന്നു'എന്നാണ് പ്രൊഡക്ഷൻ ഹൗസ് പങ്കുവെച്ച വികാരഭരിതമായ എക്സ് പോസ്റ്റ്.
ഈ സിനിമയെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷയും, ആവേശവും, വികാരങ്ങളും ഞങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നു, ഈ തീരുമാനം ഞങ്ങളിൽ ആർക്കും എളുപ്പമുള്ള ഒന്നായിരുന്നില്ല. പുതിയ റിലീസ് തീയതി എത്രയും വേഗം പ്രഖ്യാപിക്കും. അതുവരെ, നിങ്ങളുടെ ക്ഷമയും തുടർച്ചയായ സ്നേഹവും ഞങ്ങൾ താഴ്മയോടെ അഭ്യർഥിക്കുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ചിത്രത്തിൻ്റെ സർട്ടിഫിക്കേഷൻ ലഭിക്കാത്ത സാഹചര്യത്തിലാണ് റിലീസ് നീട്ടിയിരിക്കുന്നത്. ബുധനാഴ്ച, മദ്രാസ് ഹൈക്കോടതി ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച ഉത്തരവ് മാറ്റിവയ്ക്കുകയും ചിത്രം അവലോകനം ചെയ്യുന്നതിനായി ഒരു പുതിയ കമ്മിറ്റി രൂപീകരിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് നിർദേശിക്കുകയും ചെയ്തിരുന്നു.
ഒരു മാസം മുമ്പ് സമർപ്പിച്ചിട്ടും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിത്രത്തിൻ്റെ നിർമാതാക്കളും കോടതിയെ സമീപിച്ചിരുന്നു. സർട്ടിഫിക്കേഷൻ ഇനിയും ലഭിക്കാത്തതിനെ തുടർന്ന് ഇന്ത്യയിലെ റിലീസ് പ്ലാൻ അനിശ്ചിതമായാണ് നീട്ടിയിരിക്കുന്നത്. വിദേശ വിതരണക്കാരും ചിത്രത്തിൻ്റെ റിലീസ് മാറ്റിയതായി സ്ഥിരീകരിച്ചു.യുകെ, വടക്കേ അമേരിക്ക, കാനഡ, മലേഷ്യ എന്നിവിടങ്ങളിലെ വിതരണക്കാരും ചിത്രം ഷെഡ്യൂൾ ചെയ്ത പ്രകാരം റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി.
ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തമിഴ് പതിപ്പിന് സിബിഎഫ്സി ക്ലിയറൻസ് നിർബന്ധമായതിനാൽ സർട്ടിഫിക്കേഷൻ പ്രശ്നം ആഗോള റിലീസിനെ തന്നെ ബാധിച്ചിട്ടുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ജന നായകൻ എന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിജയ്‌യുടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമായി പുറത്തിറങ്ങാനൊരുങ്ങുന്ന ജനനായകനായി ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി.