

കൊച്ചി: രാജ്യത്താകമാനം ആരാധകരുള്ള മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടനെന്ന നിലയിൽ മികച്ച അഭിപ്രായമാണ് ബേസിൽ നേടിയെടുക്കുന്നത്. നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി.
കഴിഞ്ഞ ദിവസം, ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ ആദ്യമായി സംഘടിപ്പിച്ച 'ദ ഹോണേഴ്സ്' എന്ന പുരസ്കാര ചടങ്ങിൽ, 2025ലെ ഇന്ത്യൻ സിനിമയിലെ മികച്ച അഞ്ച് പ്രതിഭകളെ ആദരിച്ചിരുന്നു. പുതുമയുള്ള പരീക്ഷണങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും ഇന്ത്യൻ സിനിമയെ പുതിയ തലങ്ങളിലേക്ക് എത്തിച്ച ആ അഞ്ച് പ്രതിഭകളിൽ ഒരാൾ ബേസിൽ ജോസഫ് ആയിരുന്നു. ബോളിവുഡിലെ മുൻനിര സംവിധായകരായ രാജ്‌കുമാർ ഹിറാനിയും വിധു വിനോദ് ചോപ്രയും ചേർന്നാണ് ബേസിലിന് പുരസ്കാരം സമ്മാനിച്ചത്.
'പൊന്മാൻ' എന്ന സിനിമയിലെ പി.പി. അജേഷ് എന്ന കഥാപാത്രമാണ് ബേസിലിന് ഈ പുരസ്കാരം നേടിക്കൊടുത്തത്. ബാഫ്ത ജേതാവ് ലക്ഷ്മിപ്രിയ ദേവി, സൻഡാൻസ് ഗ്രാൻഡ് ജൂറി പ്രൈസ് ലഭിച്ച 'സബാർ ബോണ്ട'യുടെ സംവിധായകൻ രോഹൻ കനാവാഡെ, 'ഛാവ' എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൗശൽ, 'കാന്ത' എന്ന സിനിമയിലെ അഭിനയത്തിന് ദുൽഖർ സൽമാൻ എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.
പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബേസിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബേസിൽ സ്റ്റൈലിൽ തമാശയും പുരസ്കാര നേട്ടത്തിന്റെ സന്തോഷവും കലർന്നതായിരുന്നു പ്രസംഗം. നല്ല ടെൻഷനുണ്ടെന്നും ധരിച്ചിരിക്കുന്ന കോസ്റ്റ്യൂം അത് ഇരട്ടിപ്പിച്ചിരിക്കുകയാണെന്നും ബേസിൽ പറഞ്ഞു. പലരും കോസ്റ്റ്യൂം നന്നായിട്ടുണ്ടെന്ന് പറയുമ്പോൾ ടെൻഷൻ കാരണം തിരിച്ചവരെ കോംപ്ലിമെന്റ് ചെയ്യാൻ മറന്നുപോയെന്നും ബേസിൽ കൂട്ടിച്ചേർത്തു. പ്രസംഗത്തിലുടനീളം സദസ് പൊട്ടിച്ചിരിക്കുകയായിരുന്നു.
"എന്റെ സിനിമാ കരിയർ ഞാൻ ആരംഭിച്ചത് ഒരു സംവിധായകനായിട്ടാണ്. പിന്നീട് ഞാൻ ഒരു ആക്ടറായി. ഇപ്പോഴിതാ ഒരു അഭിനേതാവ് എന്ന നിലയിൽ ഈ പുരസ്കാരം ലഭിച്ചിരിക്കുന്നു. ഈ വേദിയിൽ, ഇത്രയും പ്രതിഭകളുടെ മുൻപിൽ ഇങ്ങനെ എത്തിനിൽക്കുന്നത് സർറിയൽ ആയ ഒരു അനുഭവമാണ്. ഇത്തരം ഫാൻസി കോസ്റ്റ്യൂം ഇട്ട് എനിക്ക് പരിചയമില്ല. അതുകൊണ്ടുതന്നെ, ഇങ്ങോട്ട് വരുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. എല്ലാവരും കാണാൻ രസമുണ്ടെന്ന് പറഞ്ഞു. പക്ഷേ ടെൻഷനിൽ അവരോട് തിരിച്ചും അങ്ങനെ പറയാൻ ഞാൻ വിട്ടുപോയി. പിന്നെ 'യൂ ആർ ലുക്കിങ് ഗുഡ്' എന്ന് പറഞ്ഞുപഠിച്ചു. അപ്പോഴാണ് ഒരു നടി 'ലവ് യൂ ബേസിൽ' എന്ന് പറഞ്ഞത്. കേട്ട പാതി 'ലവ് യൂ ടൂ' എന്ന് ഞാൻ തിരിച്ചുപറഞ്ഞുപോയി. പിന്നെ തിരുത്തി 'താങ്ക് യു' എന്ന് പറഞ്ഞു," ബേസിൽ പറഞ്ഞു.
രാജ്കുമാർ ഹിറാനിയുടെ സിനിമകൾ തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ബേസിൽ കൂട്ടിച്ചേർത്തു. രാജ്‌കുമാർ ഹിറാനിക്കും വിധു വിനോദ് ചോപ്രയ്ക്കും ഒപ്പം സെൽഫി എടുത്ത ശേഷമാണ് താരം വേദിവിട്ടത്.