കമൽ ഹാസന് ആശ്വാസം! തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി

നിയമപ്രകാരം സിനിമ റിലീസ് ചെയ്യേണ്ടതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി
Mani Ratnam-Kamal Haasan Thug Life poster
മണി രത്നം- കമല്‍ ഹാസന്‍ തഗ് ലൈഫ് പോസ്റ്റർSource: Facebook/ Kamal Haasan
Published on

കമൽ ഹാസൻ സിനിമ തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യണമെന്ന് സുപ്രീം കോടതി. നിയമപ്രകാരം സിനിമ റിലീസ് ചെയ്യേണ്ടതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ കർണാടക സർക്കാർ നാളെ വിശദീകരണം നൽകണമെന്നും സുപ്രീം കോടതി അറിയിച്ചു. ആൾക്കൂട്ടത്തിൻ്റെ വികാരത്തിന് കീഴടങ്ങരുത്. ആൾക്കൂട്ടം സിനിമയെ നിയന്ത്രിക്കണ്ട. നിയമവാഴ്ചയുള്ള രാജ്യത്ത് പൗരന് അവകാശങ്ങളുണ്ട്, ഇഷ്ടമാത്തവർ സിനിമ കാണേണ്ടെന്നും കോടതി പറഞ്ഞു. ചിത്രത്തിന്റെ പ്രദര്‍ശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹേഷ് റെഡ്ഡി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച്.

ആൾക്കൂട്ടങ്ങളെയും അക്രമികളെയും തെരുവുകൾ കീഴടക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിയമവാഴ്ച നിലനിൽക്കണം. ആരെങ്കിലും ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ, മറു പ്രസ്താവനയിലൂടെ അതിനെ നേരിടണം. ആരെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ, അത് മറ്റൊരെഴുത്തിലൂടെ നേരിടണമെന്ന് കർണാടകയുടെ അഭിഭാഷകനോട് ജസ്റ്റിസ് ഭൂയാൻ വാക്കാൽ പറഞ്ഞു. സംസ്ഥാന സർക്കാരിനോട് നാളെ തന്നെ എതിർവാദം സമർപ്പിക്കാൻ ബെഞ്ച് നിർദേശിച്ചു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. സിബിഎഫ്‌സി സർട്ടിഫിക്കറ്റ് ഉള്ള ഏതൊരു സിനിമയും റിലീസ് ചെയ്യണമെന്നും സംസ്ഥാനം അതിന്റെ പ്രദർശനം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. തിയേറ്ററുകൾ കത്തിക്കുമെന്ന് ഭയന്ന് സിനിമ പ്രദർശിപ്പിക്കാതിരിക്കാൻ കഴിയില്ല. ജനങ്ങൾ സിനിമ കാണണമെന്ന് കോടതി ഒരുത്തരവും പുറപ്പെടുവിക്കുന്നില്ല. പക്ഷേ സിനിമ റിലീസ് ചെയ്യണമെന്ന് ജസ്റ്റിസ് മൻമോഹനും വ്യക്തമാക്കി.

നേരത്തെ കമൽഹാസൻ മാപ്പ് പറയണമായിരുന്നുവെന്ന് കർണാടക ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാൽ, കന്നഡ ഭാഷാ വിവാദത്തിൽ മാപ്പ് പറയില്ലെന്ന നിലപാട് കമൽ ഹാസൻ ആവർത്തിച്ചിരുന്നു.

കമല്‍ ഹാസന്‍ നടത്തിയ കന്നഡ ഭാഷാ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇതിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ നടൻ്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' സംസ്ഥാനത്ത് നിരോധിച്ചത്. "കന്നഡ ഭാഷ തമിഴില്‍ നിന്നും ഉണ്ടായതാണ്" എന്ന കമലിൻ്റെ പരാമര്‍ശമാണ് വിവാദമായത്. ഇതിനിടെ ബെംഗളൂരുവില്‍ കമല്‍ ഹാസൻ്റെ ഫോട്ടോ കത്തിച്ചുള്ള പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.

Mani Ratnam-Kamal Haasan Thug Life poster
'നായകന്‍' മാപ്പ് പറഞ്ഞില്ല, പ്രേക്ഷകർ ഏറ്റെടുത്തുമില്ല; മണി രത്നം-കമല്‍ ചിത്രത്തെ ബോക്സ് ഓഫീസ് കൈവിട്ടോ? തഗ് ലൈഫ് കളക്ഷന്‍ റിപ്പോർട്ട്

വിവാദ പരാമര്‍ശത്തിന് ശേഷം കമല്‍ ഹാസനോട് കര്‍ണാടക ഫിലിം ചേംബര്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമല്‍ ഹാസന്‍ മാപ്പ് പറയില്ലെന്ന് പറഞ്ഞതോടെ ചിത്രം കര്‍ണാടകയില്‍ വിലക്കുകയായിരുന്നു. കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയും വരെ വിലക്ക് തുടരുമെന്നും ചേംബര്‍ വ്യക്തമാക്കിയിരുന്നു. കർണാടകയിൽ റിലീസ് നിരോധിച്ചത് വലിയ രീതിയിൽ സിനിമയുടെ കളക്ഷനെ ബാധിച്ചിരുന്നു.

ജൂണ്‍ അഞ്ചിനാണ് മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' തിയേറ്ററിലെത്തിയത്. 'നായകന്' ശേഷം മണിരത്നവും കമല്‍ ഹാസനും വീണ്ടും ഒന്നിച്ച ചിത്രമാണിത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാജ്‌കമല്‍ ഫിലിംസ് ഇൻ്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയൻ്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com