കൊച്ചി: മലയാള ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ വിധി വരുന്നതിന് മുമ്പ് വിവരങ്ങള്‍ ചോര്‍ന്നെന്നാണ് പുറത്തുവരുന്ന വിവരം. വിധിയുടെ വിവരങ്ങൾ ഉൾപ്പെട്ട ഊമക്കത്ത് ഡിസംബർ രണ്ടിന് തന്നെ അഭിഭാഷകർക്കിടയിൽ പ്രചരിച്ചിരുന്നു. ഈ കത്തിൽ വിധിയുടെ വിവരങ്ങൾ ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, വിധിക്ക് മുന്നേ വന്ന കത്തിൽ വിധിയുടെ വിവരങ്ങൾ പരാമർശിച്ചതിൽ അഭിഭാഷക അസോസിയേഷൻ ആശങ്കയറിയിച്ചു. നീതി ന്യായ വ്യവസ്ഥയോടുള്ള ആദരവ് നഷ്ടപ്പെടുത്തുന്ന സംഭവത്തിൽ അസോസിയേഷൻ അന്വേഷണം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അസോസിയേഷൻ പ്രസിഡൻ്റ് കത്തയച്ചിട്ടുണ്ട്.
സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ ഡിസംബർ എട്ടിന് വിധി പറഞ്ഞത്. 2017 ഫെബ്രുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗക്കേസിൽ ഒന്നു മുതൽ ആറുവരെ പ്രതികളും കുറ്റക്കാരെന്ന് കോടതി. എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തൻ ആണെന്നും കോടതി വിധിച്ചു
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ വിധി പറഞ്ഞത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ബലാത്സംഗക്കേസിലെ ആറ് പ്രതികള്‍. ഏഴ് മുതൽ 10 വരെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.