മുംബൈ: മുതിർന്ന ബോളിവുഡ് നടന്‍ ഗോവർദ്ധന്‍ അസ്രാണി (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു നിര്യാണം. 'ഷോലെ' പോലുള്ള ഇതിഹാസ സിനിമകളില്‍ ഉള്‍പ്പെടെ 400ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ വിയോഗത്തില്‍ ബോളിവുഡിലെ സഹപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.
മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഗോവർദ്ധന്‍ അസ്രാണി സോഷ്യല്‍ മീഡിയയില്‍ ദീപാവലി ആശംസകള്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഹൃദയസ്പർശിയായ ഒരു കുറിപ്പിലൂടെ കുടുംബമാണ് നടന്റെ മരണ വിവരം അറിയിച്ചത്. "എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർത്തിയ നമ്മുടെ പ്രിയപ്പെട്ട അസ്രാണി ജി ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ വിയോഗം ഹിന്ദി സിനിമയ്ക്കും നമ്മുടെ ഹൃദയങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ്. തന്റെ പ്രകടനങ്ങളിലൂടെ അദ്ദേഹം അവശേഷിപ്പിച്ച മായാത്ത മുദ്ര ശാശ്വതമായി നിലനിൽക്കും. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകട്ടെ," എന്നായിരുന്നു കുറിപ്പ്.
ഗോവർദ്ധന്‍ അസ്രാണിക്ക് ഒപ്പം അഭിനയിച്ച നിരവധി താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. നിരവധി ചിത്രങ്ങളില്‍ അസ്രാണിക്ക് ഒപ്പം വേഷമിട്ട അക്ഷയ് കുമാർ അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചു. സ്നേഹമുള്ള മനുഷ്യനായിരുന്നു എന്ന് കുറിച്ച അക്ഷയ് അദ്ദേഹത്തിന്റെ കോമിക് ടൈമിങ്ങിനെപ്പറ്റിയും ഓർമിച്ചു.
ഹേരാ ഫേരി, ഭാഗം ഭാഗ്, ദേ ദാനാ ദാൻ തുടങ്ങിയ ചിത്രങ്ങളിൽ അക്ഷയ് കുമാറും അസ്രാണിയും പ്രവർത്തിച്ചിട്ടുണ്ട്. ഭൂത് ബംഗ്ലാ, ഹൈവാൻ തുടങ്ങിയ വരാനിരിക്കുന്ന അക്ഷയ് കുമാർ ചിത്രങ്ങളിലും പ്രധാന വേഷത്തില്‍ അസ്രാണിയുണ്ട്.
നടന്‍ അനുപം ഖേറും അസ്രാണിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. "പ്രിയപ്പെട്ട അസ്രാണിജി! വ്യക്തിത്വം കൊണ്ട് ലോകത്തെ മികച്ച സ്ഥലമാക്കിയതിന് നന്ദി!! സ്‌ക്രീനിലും പുറത്തും! ഭൗതികമായി ഞങ്ങൾ നിങ്ങളെ മിസ് ചെയ്യും! പക്ഷേ സിനിമയും ആളുകളെ ചിരിപ്പിക്കാനുള്ള നിങ്ങളുടെ കഴിവും വരും വർഷങ്ങളിൽ നിങ്ങളെ ജീവനോടെ നിലനിർത്തും!" അനുപം ഖേർ പറഞ്ഞു.
'ഷോലെ'യിലെ ഹിറ്റ്‌ലർ മീശയുള്ള ജയിലറായി എത്തി പ്രേക്ഷകരെ ചിരിപ്പിച്ച ഗോവർദ്ധന്‍ അസ്രാണിയെ സിനിമ ഉള്ളിടത്തോളം കാലം ഇന്ത്യന്‍ പ്രേക്ഷകർ മറക്കില്ല. ആ വേഷം ചെയ്യാനായാണ് അസ്രാണി ജനിച്ചത് എന്നാണ് 'ഷോലെ' സംവിധായന്‍ രമേശ് സിപ്പി അഭിപ്രായപ്പെട്ടത്. അടുത്തിടെ കണ്ടപ്പോള്‍ അസ്രാണിക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളതായി തോന്നിയില്ല എന്ന് സിപ്പി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചാർളി ചാപ്ലിന്റെ 'ദ ഗ്രേറ്റ് ഡിറ്റേക്ടർ' എന്ന ചിത്രത്തിലെ ഹിറ്റ്‌ലറായിരുന്നു 'ഷോലെ'യിലെ ജയിലർ കഥാപാത്രത്തിന്റ മാതൃക. ഹിറ്റ് തിരക്കഥകൃത്തുക്കളായ സലീം ഖാനും ജാവേദ് അക്തറും ചേർന്നാണ് ഷോലെ എഴുതിയത്. ഇരുവരും ചേർന്ന് എഴുതിയ രമേശ് സിപ്പിയുടെ 'സീതാ ഓർ ഗീത' എന്ന ചിത്രത്തില്‍ അസ്രാണി അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ ജയിലർ വേഷത്തില്‍ ആര് അഭിനയിക്കും എന്ന കാര്യത്തില്‍ ആർക്കും സംശയമില്ലായിരുന്നു. സലീം-ജാവേദ് എഴുതിയ ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് അസ്രാണിയാണെന്ന് രമേശ് സിപ്പി പറയുന്നു.